ചൈന പിടിച്ചേ ആപ്പിള്‍ മടങ്ങൂ, വീണ്ടും വില കുറച്ചു; വാവെയിയെ പറപ്പിക്കാന്‍ ഐഫോണിന്റെ പുത്തന്‍ അടവ്
ആപ്പിള്‍ ആഗോള തലത്തില്‍ രണ്ടും കല്‍പ്പിച്ചൊരു തീരുമാനമെടുത്തിരിക്കുകയാണ്. ചൈനയില്‍ ഒരിക്കല്‍ കൂടി വമ്പന്‍ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ മറ്റൊരു രാജ്യത്തും ഇല്ലാത്ത വിധത്തിലാണ് ആപ്പിള്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. അടുത്തിടെ ഡിസ്‌കൗണ്ടുകളില്‍ അവര്‍ വന്‍ ലാഭം ഐഫോണുകള്‍ക്ക് ഉണ്ടാക്കിയിരുന്നു.
എന്നാല്‍ വില പൂര്‍വ സ്ഥിതിയില്‍ എത്തിയതോടെ വീണ്ടും വില്‍പ്പന ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആപ്പിള്‍ വീണ്ടും വിലക്കുറവ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2300 യുവാന്‍ വരെയാണ് ആപ്പിള്‍ നല്‍കുന്ന ഡിസ്‌കൗണ്ട്. ഇന്ത്യന്‍ രൂപയില്‍ ആണെങ്കില്‍ 26485 രൂപയോളമാണ് കുറയുക.

ആപ്പിള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്ര വലിയൊരു ഡിസ്‌കൗണ്ട് നല്‍കാറില്ല. ചൈനയില്‍ ടിമാള്‍ വെബ്‌സൈറ്റ് വഴിയാണ് ആപ്പിള്‍ വില്‍പ്പന നടത്തുന്നത്. ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ ഒന്നാം സ്ഥാനവും എതിരാളികളെ ബഹുദൂരം വീഴ്ത്തി മുന്നേറാനുമാണ് ആപ്പിള്‍ ശ്രമിക്കുന്നത്.
ആപ്പിളിന്റെ പ്രീമിയം ഐഫോണുകള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണായ വാവെയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. ക്യാമറയില്‍ അടക്കം ഐഫോണിനെ വീഴ്ത്തിയാണ് വാവെയ് മുന്നേറുന്നത്. ഫെബ്രുവരിയില്‍ ആപ്പിള്‍ നല്‍കിയതിനേക്കാള്‍ വലിയ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഐഫോണുകള്‍ക്ക് നല്‍കുന്നത്.
മെയ് ഇരുപത് മുതല്‍ 28 വരെ ഈ ഓഫര്‍ ഐഫോണുകള്‍ക്ക് ലഭ്യമാവും.അതേസമയം ഫെബ്രുവരിയിലെ ഡിസ്‌കൗണ്ടില്‍ 1150 യുവാനായിരുന്നു ആപ്പിള്‍ നല്‍കിയിരുന്ന ഇളവുകള്‍. ഏകദേശം 13242 രൂപയായിരുന്നു ഇത്. ഈ ഡിസ്‌കൗണ്ട് നല്‍കാന്‍ കാരണം ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന കുറഞ്ഞതാണ്.
1 ടിബി ഐഫോണ്‍ 15 പ്രൊ മാക്‌സ് മോഡലിനാണ് ഏറ്റവും കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത്. മറ്റ് വേരിയന്റുകള്‍ക്കും വന്‍ തോതിലാണ് വില കുറഞ്ഞത്. 128 ജിബിയുടെ ഐഫോണ്‍ 15 ബേസ് മോഡലിന് ഇത്തവണ 1400 യുവാനാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
16121 രൂപയാണ് ഇതിലൂടെ ഡിസ്‌കൗണ്ട് ലഭിക്കുക. നേരത്തെ വാവെയ് പൂര 70 എന്ന പുതിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നു. ഇത് ആപ്പിളിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ചൈനയിലെ ഷിപ്പ്‌മെന്റുകള്‍ 12 ശതമാനം വര്‍ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പ്രധാന കാരണം ആപ്പിളിന്റെ ഡിസ്‌കൗണ്ടായിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലും ആപ്പിളിന്റെ വില്‍പ്പന 37 ശതമാനം ഇടിഞ്ഞിരുന്നു. ഐഒഎസ് 18 വേര്‍ഷന്‍ പുറത്തിറക്കാന്‍ കൂടി ഒരുങ്ങുകയാണ് ആപ്പിള്‍. ഇതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമുണ്ടാവും. നിരവധി അപ്‌ഡേറ്റുകളാണ് ഇതില്‍ വരാന്‍ പോകുന്നത്. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളൊന്നും പക്ഷേ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications