യുഎസിൽ 500 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി ആപ്പിൾ; ട്രംപ് എഫക്റ്റോ? 20,000 തൊഴിലവസരം
വാഷിംഗ്‌ടൺ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ. രാജ്യത്ത് ഒരു സുപ്രധാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സെർവർ സൗകര്യം നിർമ്മിക്കുന്നതും രാജ്യവ്യാപകമായി ഏകദേശം 20,000 പുതിയ ഗവേഷണ-വികസന ജോലികൾ സൃഷ്‌ടിക്കുന്നതും ഉൾപ്പെടെ കമ്പനിയുടെ പരിഗണനയിലുണ്ട്. ടെക്‌സാസിൽ ആവും പുതിയ എഐ സെർവർ ഒരുങ്ങുക.
വൻതോതിലുള്ള നിക്ഷേപം യുഎസ് വിതരണക്കാർക്കുള്ള ചെലവുകൾ, ആപ്പിൾ ടിവി ഉള്ളടക്ക നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ കൂടി ചേരുന്നതാവും. ഡൊണാൾഡ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നായ ആപ്പിൾ മാതൃരാജ്യത്തിന് ഇത്രയും വലിയ നിക്ഷേപങ്ങൾക്ക് കോപ്പുകൂട്ടുന്നത്.

നിലവിലുള്ള വിതരണ പങ്കാളിത്തത്തിനായി 500 ബില്യൺ ഡോളറിൽ നിന്ന് എത്ര തുക ഇതിനകം നീക്കിവച്ചിട്ടുണ്ടെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ കെന്റക്കിയിൽ ഐഫോൺ ഗ്ലാസ് നിർമ്മിക്കുന്ന കോർണിംഗ് പോലുള്ള കമ്പനികളുമായി നടന്നുകൊണ്ടിരിക്കുന്ന സഹകരണം അവർ എടുത്തുകാണിച്ചിട്ടുണ്ട്.
ആപ്പിൾ സിഇഒ ടിം കുക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അടുത്തിടെ നടത്തിയ കൂടിക്കാഴ്‌ചയെ തുടർന്നാണ് പ്രഖ്യാപനം. ചൈനയിൽ അസംബിൾ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം സാധ്യതയുള്ള തീരുവ ഉള്ളതിനാൽ തന്നെ യുഎസിൽ പ്രവർത്തനം കേന്ദ്രീകരിക്കുക എന്ന ചിന്തയാവാം ആപ്പിളിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.
ട്രംപിന്റെ ഒന്നാം ഭരണകാലത്തും സമാനമായി അഞ്ച് വർഷത്തിനുള്ളിൽ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 350 ബില്യൺ ഡോളർ നൽകുമെന്ന് ആപ്പിൾ പ്രതിജ്ഞയെടുത്തിരുന്നു. 2018ലാണ് ആപ്പിൾ നിക്ഷേപം പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെത്തുടർന്ന് പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ ഓഹരികൾ നേരിയ ഇടിവ് രേഖപ്പെടുത്തി.
ആപ്പിളിന്റെ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ പ്രാഥമികമായി വിദേശത്ത് അസംബിൾ ചെയ്യപ്പെടുമ്പോഴും ബ്രോഡ്‌കോം, സ്കൈ വർക്‌സ് സൊല്യൂഷൻസ്, കോർവോ എന്നിവയിൽ നിന്നുള്ള ചിപ്പുകൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ അടുത്തിടെ യുഎസിൽ തന്നെ കൂടുതലായി ഉൽപ്പാദിപ്പിക്കാൻ ആരംഭിച്ചിരുന്നു. ഇതിന്റെ വഴിയേ പ്രവർത്തനം മാതൃരാജ്യത്തേക്ക് കൂടുതലായി വ്യാപിപ്പിക്കുക എന്നതാവും കമ്പനിയുടെ പുതിയ നയം.
എഐ സെർവറുകൾ കൂട്ടിച്ചേർക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ടെക്‌സാസിലെ ഹൂസ്‌റ്റണിൽ 250,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരു പുതിയ ഫാക്‌ടറിയിൽ ഫോക്സ്കോണുമായി (ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി) സഹകരിക്കാനുള്ള പദ്ധതിയും ആപ്പിൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആപ്പിൾ ഇന്ത്യയിലേക്ക് കൂടുതലായി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ചോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതിൽ ആപ്പിൾ പ്രതികരണമൊന്നും നടത്തിയിട്ടില്ല.












Click it and Unblock the Notifications