ഒരു രൂപയ്ക്ക് റീചാർജ് പ്ലാനോ? ബിഎസ്എൻഎൽ പണ്ടേ വേറെ ലെവലാ, 24 ജിബി ഡാറ്റയും 100 എസ്എംഎസും!
കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ വലിയ മാറ്റമാണ് ടെലികോം മേഖലയിൽ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. രാജ്യത്തെ ടെലികോം വിപണി കാര്യമായ മാറ്റത്തിന് വിധേയമാകുന്ന കാഴ്‌ച നമ്മളൊക്കെ കണ്ടതാണ്. ചെറിയ മാറ്റമായിരുന്നില്ല അതെന്ന് ഓർക്കുകയും വേണം. എങ്കിലും സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് ഇപ്പോഴും മുന്നിൽ, അത് ഊട്ടിയുറപ്പിക്കുകയാണ് അവർ 1 രൂപ പ്ലാനിലൂടെ.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഒരു രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചതോടെയാണ് ഉപഭോക്താക്കൾക്ക് നല്ല വാർത്ത ലഭിക്കുന്നത്. രാജ്യത്തെ എല്ലാ ടെലികോം മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഇപ്പോൾ ലഭ്യമാണ്.

എന്നാൽ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാൻ ഉപയോഗിക്കാനാകുക. ബിഎസ്എൻഎല്ലിന്റെ പുതിയ സിം കാർഡ് എടുക്കുന്നവർ ആദ്യം ചെയ്യേണ്ട റീചാർജായതിനാലാണ് ഇതിനെ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്ന് വിളിക്കുന്നത്. നിലവിൽ ബിഎസ്എൻഎൽ ഉപയോഗിക്കുന്ന പഴയ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കില്ല.
ഒരു രൂപയുടെ പ്ലാനിൽ ലഭിക്കുന്നത് എന്തൊക്കെ?
ഒരു രൂപയുടെ ഈ പ്ലാൻ മുമ്പും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് പിൻവലിച്ചെങ്കിലും ഇപ്പോൾ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ ഇത്തവണ ആനുകൂല്യങ്ങളിൽ ചെറിയ കുറവുണ്ട്. പുതിയ പ്ലാനിൽ 24 ദിവസത്തെ സേവന കാലാവധിയാണ് ലഭിക്കുന്നത്. നേരത്തെ ഇത് 30 ദിവസമായിരുന്നു.
ഇതിന് പുറമെ ദിവസവും 1 ജിബി ഡാറ്റ ലഭിക്കും. നേരത്തെ ദിവസവും 2 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. അതായത് 24 ദിവസത്തേക്ക് ആകെ 24 ജിബി ഡാറ്റ ലഭിക്കും. മുമ്പ് 30 ദിവസത്തേക്ക് ആകെ 60 ജിബി ഡാറ്റ ലഭിച്ചിരുന്ന സ്ഥാനത്താണിത്. എങ്കിലും ദിവസവും 100 എസ്എംഎസ് വീതം അയക്കാനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണ്. കൂടാതെ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്ലാനിന്റെ ഭാഗമാണ്.
വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ സേവനം പരീക്ഷിക്കാൻ അവസരം നൽകുകയാണ് ഈ ഒരു രൂപയുടെ പ്ലാനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ആദ്യം ചെറിയ തുകയ്ക്ക് സിം ഉപയോഗിച്ച് നോക്കുകയും സേവനം ഇഷ്‌ടപ്പെട്ടാൽ പിന്നീട് മറ്റൊരു പ്ലാനിലേക്ക് റീചാർജ് ചെയ്യുകയും ചെയ്യാം. ഇങ്ങനെ പുതിയ ഉപഭോക്താക്കളെ വേഗത്തിൽ സ്വന്തമാക്കാനും അവരെ ദീർഘകാല ഉപഭോക്താക്കളാക്കി മാറ്റാനും ഈ പ്ലാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആനുകൂല്യങ്ങൾ മുമ്പത്തേതിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും, വളരെ കുറഞ്ഞ ചെലവിൽ ബിഎസ്എൻഎൽ സേവനം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കൾക്ക് ഒരു രൂപയുടെ പ്ലാൻ ഇപ്പോഴും മികച്ച അവസരമാണ്. സേവനം ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ പിന്നീട് സിം കാർഡ് ഉപയോഗിക്കുന്നത് നിർത്താനും കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.




Click it and Unblock the Notifications