ബിഎസ്എൻഎൽ ഇതെന്ത് ഭാവിച്ചാ? 2026 മാർച്ച് വരെ റീചാർജ് വേണ്ട, അൺലിമിറ്റഡ് കോളും ഡാറ്റയും, ഇതാണ് പ്ലാൻ
പലവിധത്തിലുള്ള പ്ലാനുകളുമായി വിപണി പിടിക്കാൻ ശ്രമിക്കുകയാണ് നമ്മുടെ നാട്ടിലെ ടെലികോം കമ്പനികൾ. ഇക്കാര്യത്തിൽ എല്ലാ കമ്പനികളും ഒപ്പത്തിനൊപ്പം തന്നെയാണ്. ചിലർ വാലിഡിറ്റി കൂട്ടി ആനുപാതികമായി വില വർധിപ്പിക്കാതെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് ചിലർ അധിക ആനുകൂല്യങ്ങൾ നൽകി കളം പിടിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ആര് നല്ലത് ഏത് മോശം എന്നൊന്നും ഒറ്റയടിക്ക് തീർപ്പ് കൽപിക്കുക അസാധ്യമാണ്.
ഇക്കാര്യത്തിൽ പക്ഷേ മിനിമം ഗ്യാരന്റി ഉറപ്പുള്ള കമ്പനിയാണ് ബിഎസ്എൻഎൽ. ഒരു പൊതുമേഖലാ സ്ഥാപനമായത് കൊണ്ട് പിശുക്ക് കാട്ടുമെന്ന് വിചാരിച്ചവർക്ക് മുൻപിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകി കൊണ്ടാണ് ബിഎസ്എൻഎൽ നെഞ്ചും വിരിച്ച് നിൽക്കുന്നത്. മുൻപ് ബിഎസ്എൻഎൽ വിട്ട് പോർട്ട് ചെയ്‌ത ഉപഭോക്താക്കൾ പോലും ഓഫറുകൾ കണ്ട് തിരികെ വരുന്നു എന്നതാണ് യാഥാർഥ്യം.

അത്രയധികം ആനുകൂല്യങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ. വളരെ കുറഞ്ഞ നിരക്കിൽ, വളരെ മികച്ച പ്ലാനുകൾ അവതരിപ്പിക്കുക എന്ന നയം തന്നെയാണ് അവർ കാലങ്ങളായി പിന്തുടരുന്നത്. അത് മുറതെറ്റാതെ അവർ പിന്തുടരുന്നുമുണ്ട്. ഇടയ്ക്കൊക്കെ ജിയോയോ എയർടെലോ ഭീഷണിയാവുമെന്ന് തോന്നിയാൽ ആ നിമിഷം പുതിയ പ്ലാനുകളുമായി വരിക എന്നതാണ് ബിഎസ്എൻഎൽ തുടരുന്ന നയം.
നിങ്ങൾ മറ്റേത് കമ്പനിയെ വെച്ച് താരതമ്യം ചെയ്‌താലും ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎലിനെ പിടിച്ചാൽ കിട്ടില്ല. ഡാറ്റ ഉള്ളതായാലും വോയിസ് കോളുകൾക്ക് പ്രാധാന്യമുള്ള പ്ലാൻ ആയാലും ഒരുപോലെ അവർ ശോഭിച്ചിട്ടുണ്ട്. അത്തരത്തിൽ വളരെയധികം ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള അവരുടെ പ്ലാനുകളിൽ ഒന്നാണ് 1999 രൂപ വില വരുന്ന പ്ലാൻ. എന്തൊക്കെയാണ് അതിന്റെ വിശേഷങ്ങൾ എന്ന് നമുക്ക് നോക്കാം.
ബിഎസ്എൻഎൽ 1999 രൂപ പ്ലാൻ
ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു റീചാർജ് പ്ലാനാണ് ഇതെന്ന് എടുത്ത് പറയേണ്ട കാര്യമാണ്. കാരണം ഇപ്പോൾ നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്‌താൽ ഇനി 2026 മാർച്ച് വരെ നിങ്ങൾക്ക് വാലിഡിറ്റി കിട്ടുമെന്നതാണ്. 1 വർഷത്തെ സാധുത, അതായത് 12 മാസത്തേക്ക് റീചാർജുകൾ ആവശ്യമില്ല എന്നതാണ് ഈ പ്രീപെയ്‌ഡ് പ്ലാനിനെ വേറിട്ട് നിർത്തുന്നത്.
ഈ പ്ലാൻ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് വാഗ്‌ദാനം ചെയ്യുന്നു. ഇത് ദീർഘകാല ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു മികച്ച ഓഫർ തന്നെയാണ്. കൂടാതെ ഡാറ്റയുടെ കാര്യത്തിലും കമ്പനി ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.
മറ്റ് ടെലികോം സേവന ദാതാക്കളിൽ നിന്ന് വ്യത്യസ്‌തമായി, ബിഎസ്എൻഎൽ മൊത്തത്തിൽ 600ജിബി ഡാറ്റ നിങ്ങൾക്ക് നൽകുന്നു. എന്ന് വച്ചാൽ ഉപഭോക്താക്കൾക്ക് മുൻപിൽ പ്രതിദിന ഉപയോഗ പരിധികളൊന്നുമില്ല. നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് ഡാറ്റയും ഉപയോഗിച്ചു തീർക്കണമെങ്കിൽ തീർക്കാം അല്ലെങ്കിൽ വർഷം മുഴുവനും കുറച്ചായി ഇത് ഉപയോഗിക്കാം. ഈ പ്ലാനിൽ കൂടുതൽ ആശയവിനിമയത്തിനായി പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും.












Click it and Unblock the Notifications