ഗെയിമിംഗ് ചില്ലറ കളിയല്ല...; ഈ ഫോണുകൾ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും
രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണി അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വേഗത്തിൽ ഫോണുകളുടെ ഫീച്ചറുകളിലും, മറ്റ് കാര്യങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ വാങ്ങാൻ എത്തുന്നവർ പരിഗണിക്കുന്നത് ക്യാമറയും, ബാറ്ററിയും, വിലയും മാത്രമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇപ്പോൾ വലിയൊരു വിഭാഗം ആവശ്യക്കാരും ഗെയിം കളിയ്ക്കാൻ ശേഷിയുള്ള ശക്തമായ പ്രോസസറുകൾ ഉള്ള ഫോണുകൾ തേടിയാണ് വരുന്നത്.
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകാനാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മുൻപ് പ്രീമിയം സ്‍മാർട്ട്ഫോണുകൾക്ക് മാത്രം സ്വന്തമായിരുന്ന പല സവിശേഷതകളും കുറഞ്ഞ വിലയുള്ള ഫോണുകളിലേക്ക് കൂടി അവതരിപ്പിക്കാൻ കമ്പനികൾ ഇപ്പോൾ നിർബന്ധിതരാവുകയാണ്.

കൂടുതൽ ചൂട് അനുഭവപ്പെടാത്ത മണിക്കൂറുകളോളം ഗെയിമിംഗ് കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തമായ പ്രൊസസറുകളുള്ള ഫോണുകളാണ് ഇപ്പോൾ ഉപഭോക്താക്കളും കൂടുതലായി അന്വേഷിക്കുന്നത്. പ്രത്യേകിച്ച് യുവാക്കളുടെ ഇഷ്‌ട സെഗ്‌മെന്റ് കൂടിയാണിതെന്ന് പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഗെയിം കളിയ്ക്കാൻ, കുറഞ്ഞ വിലയിൽ ഇന്ന് വിപണിയിലുള്ള ചില ഫോണുകൾ നമുക്ക് പരിചയപ്പെടാം. ഇവ 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള ഫോണുകളാണ്.
ഇൻഫിനിക്‌സ് നോട്ട് 30:
ഈ മിഡ് റേഞ്ച് സ്‍മാർട്ട് ഫോൺ സെഗ്‌മെന്റിലെ താരമാണിപ്പോൾ. 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഗെയിമിംഗ് അനുഭവം മെച്ചപ്പെട്ടതാക്കുന്നത്. ഒക്റ്റ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6080 SoC പ്രൊസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ഇതൊരു 5ജി ഫോൺ കൂടിയാണ്. 16,999 രൂപയാണ് ഈ ഫോണിന്റെ വില.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്:
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ഈ പട്ടികയിലെ മറ്റൊരു മുതൽക്കൂട്ടാണ്. ക്വാൽകോം സ്‌നാപ് ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്, ഗെയിമിംഗ് സുഗമമാക്കാൻ 8 ജിബി വരെ റാമും 256ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും ലഭ്യമാണ്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കി സൃഷ്‌ടിച്ച കമ്പനിയുടെ സ്വന്തം ഓക്‌സിജൻഓഎസ് 13ലാണ് ഫോൺ പ്രവർത്തിക്കുക. 19,750 രൂപയാണ് ഫോണിന്റെ ഇപ്പോഴത്തെ വില.
റിയൽമി നർസോ 60:
ഫുൾഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.43 ഇഞ്ച് അമോഎൽഇഡി സ്‌ക്രീൻ ഈ ഫോണിന് സവിശേഷമായ ഗെയിമിംഗ് അനുഭവം നൽകുന്നു. അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 5,000mAh ബാറ്ററിയും 33വാട്ട് ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയും കൂടിയാവുമ്പോൾ ഈ ഫോൺ ഏറ്റവും മികച്ച ഓപ്‌ഷനുകളിൽ ഒന്നായി മാറുന്നു. ഇതിന്റെ വില 17,999 രൂപയാണ്.












Click it and Unblock the Notifications