ക്യുആർ കോഡ് തട്ടിപ്പ് നിസ്സാരമല്ല...! ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളും കുഴിയിൽ ചാടും...
കുറച്ച് നാൾ മുൻപ് വരെ കൈയ്യിൽ പണവുമായി മാത്രമേ നമ്മളൊക്കെ പുറത്തിറങ്ങാറുള്ളൂ, എന്നാൽ ഇന്നത് മാറി. മെച്ചപ്പെട്ട ഒരു സ്‍മാർട്ട് ഫോണും ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണവുമുണ്ടെങ്കിൽ എവിടെയും എങ്ങനെയും പണം കൈമാറാനും, ബില്ലടക്കാനും സാധിക്കുന്ന നിലയിലേക്ക് നമ്മുടെ നാട് മാറി കഴിഞ്ഞു. അതിന് നിമിത്തമായത് ആവട്ടെ ക്യുആർ സ്‌കാനിങ് എന്ന നൂതന സാങ്കേതിക വിദ്യയും.
ഇന്ന് ഭൂരിഭാഗം പേരും ഇടപാടുകൾക്കും, മറ്റ് സേവനങ്ങൾക്കും ആശ്രയിക്കുന്ന ജനപ്രിയ സംവിധാനമാണ് ഇതെങ്കിലും വളരെയേറെ ദോഷഫലങ്ങളും ഇവയ്ക്കുണ്ടെന്ന് പലർക്കും അറിയില്ല. മൊബൈൽ ഫോണിന്റെ ആവിർഭാവത്തോടെ നേരിട്ടുള്ള തട്ടിപ്പുകൾക്ക് പകരം ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകളും കൂടിവരുന്ന കാലമാണിത്. അതിൽ ക്യുആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഏറിവരുന്നുണ്ട്.

ശ്രദ്ധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്‌ടത്തിലേക്ക് ആയിരിക്കും ഇത് നയിക്കുകയെന്ന് എല്ലാവരും അറിയേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ പെരുകി വരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെ മറികടക്കാൻ ചെയ്യാവുന്ന ചില വിദ്യകൾ അറിയുന്നത് നന്നായിരിക്കും.
ക്യുആർ കോഡ് തട്ടിപ്പ്
നിങ്ങൾ ഏതെങ്കിലും ഓൺലൈൻ വിൽപ്പന സൈറ്റിൽ എന്തെങ്കിലും ഉൽപ്പന്നം വിൽക്കാൻ ഇട്ടുവെന്ന് കരുതുക. അങ്ങനെ ഉള്ളപ്പോൾ നിങ്ങളുടെ കൈയിൽ നിന്നും അത് വാങ്ങാൻ ആഗ്രഹിക്കുന്നവരായി വേഷമിട്ടാണ് ഭൂരിഭാഗം കേസുകളിലും തട്ടിപ്പ് നടന്നിരിക്കുന്നത്. ഇത്തരക്കാർ നിങ്ങളോട് അവർ അയക്കുന്ന ക്യുആർ കോഡുകൾ സ്‌കാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ ഉത്‌പന്നത്തിന്റെ പണവും കാത്തിരിക്കുന്ന നിങ്ങളുടെ അക്കൗണ്ടിൽ നിന്നാവും മുഴുവൻ പണവും പോവുക.
എങ്ങനെ തട്ടിപ്പുകാരെ തിരിച്ചറിയാം
നിങ്ങൾ ഏറ്റവും ആദ്യം മനസിലാക്കേണ്ട ഒരു പ്രധാന കാര്യമെന്തെന്നാൽ, ക്യുആർ കോഡുകൾ പണം സ്വീകരിക്കാനുള്ളതല്ല, അയക്കാനുള്ളതാണ്. നിങ്ങൾക്ക് പണം അയക്കേണ്ട ആൾ ഒരിക്കലും നിങ്ങളോട് ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ പറയില്ല, അങ്ങനെ പറയുകയാണെങ്കിൽ തീർച്ചയായും അതിലൊരു തട്ടിപ്പ് നിങ്ങൾക്ക് സംശയിക്കാം.
ഇതിന് പുറമെ നിങ്ങൾ എപ്പോഴും ഇടപാട് നടത്തുന്ന കമ്പനികളുടെ പേരുകൾ, വെബ്‌സൈറ്റ് വിലാസം എന്നിവ സൂക്ഷ്‌മമായി വിശകലനം ചെയ്യുക. ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പരിധിവരെ നിങ്ങൾക്ക് സൂക്ഷ്‌മ പരിശോധനയിലൂടെ അവ കണ്ടെത്താൻ കഴിയും. ഇത്തരം തട്ടിപ്പുകൾ നടന്നയുടൻ പോലീസിനെ ബന്ധപ്പെടാനും, നിങ്ങളുടെ ബാങ്കിൽ വിവരമറിയിക്കുന്നതും നല്ലതാണ്. ഇതും മറക്കാതിരിക്കുക.












Click it and Unblock the Notifications