ജിയോയും എയർടെലും കിടുകിടാ വിറയ്ക്കും; ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വേഗത കൂടി, മുടക്കേണ്ടത് ഇത്ര
ഇന്ത്യൻ ടെലികോം വിപണിയിൽ അടുത്തിടെയാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്ന വലിയൊരു പ്രഖ്യാപനം കമ്പനികൾ നടത്തിയത്. എല്ലാവിധ മൊബൈൽ റീചാർജ് പ്ലാനുകളുടേയും വില ഉയർത്തുന്ന തീരുമാനം ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന നഷ്‌ടം ചില്ലറയല്ല. എന്നാൽ അപ്പോഴെല്ലാം ഒരുതരി ഇളകാതെ പിടിച്ചുനിന്ന കമ്പനിയാണ് ബിഎസ്എൻഎൽ. അവരുടെ കുറഞ്ഞ ചിലവിലുള്ള റീചാർജ് പ്ലാനുകൾക്ക് ഇതോടെ ആവശ്യക്കാർ ഏറുകയാണ്.
ഇത് സാധാരണ പോസ്‌റ്റ് പെയ്‌ഡ്, പ്രീപെയ്‌ഡ് പ്ലാനുകളുടെ മാത്രം കാര്യമാണ്. എന്നാൽ ഇനിയങ്ങോട്ട് ബ്രോഡ്ബാൻഡ് മേഖലയിലും കിരീടം വയ്ക്കാത്ത രാജാക്കന്മാരായി വാഴാനാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ തീരുമാനം എന്നാണ് തോന്നുന്നത്. അതിന് ഇന്ധനം പകരുന്ന ഏറ്റവും പുതിയൊരു തീരുമാനമാണ് ബിഎസ്എൻഎൽ ഇപ്പോൾ എടുത്തിരിക്കുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഈ മുൻനിര ടെലികോം സേവന ദാതാവ് തങ്ങളുടെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ കൂടുതൽ മെച്ചപ്പെടുത്തികൊണ്ട് പ്രധാന എതിരാളികളായ ജിയോയ്ക്കും എയർടെലിനും കൂടുതൽ കടുത്ത മത്സരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ബ്രോഡ്‌ബാൻഡ് വിപണിയിൽ ശക്തമായ ആധിപത്യമാണ് ബിഎസ്എൻഎൽ വച്ചുപുലർത്തുന്നത്.
അതുകൊണ്ട് തന്നെയാണ് അവരുടെ പുതിയ പദ്ധതിയിൽ ജിയോയും എയർടെല്ലും ഒക്കെ ആശങ്ക പ്രകടിപ്പിക്കുന്നത്. സാധാരണ പ്ലാനുകളിൽ പോലും കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ ലഭ്യമാക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിലും ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല, അതിന്റെ ഉദാഹരണമാണ് വിവിധ പ്ലാനുകളുടെ വേഗത വർധിപ്പിച്ച തീരുമാനം.
വെറും 350 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പ്ലാനുകളിൽ നിലവിലെ വേഗത കൂടുതൽ വർധിപ്പിച്ചു കൊണ്ടാണ് അവരുടെ പുതിയ നീക്കം. ഇതിലൂടെ ബ്രോഡ്ബാൻഡ് വിപണിയിൽ ഇടത്തരം-മധ്യവർഗ വിഭാഗക്കാരുടെ സ്വീകാര്യത നേടാനാവും എന്നാണ് കമ്പനി കരുതുന്നത്. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്നും ഏതൊക്കെ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാവുമെന്നും അറിയാം.
ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
249 രൂപ പ്ലാൻ: നേരത്തെ 10 എംബിപിഎസ് വരെ വേഗത വാഗ്‌ദാനം ചെയ്‌തിരുന്ന ഈ പ്ലാൻ ഇപ്പോൾ 25 എംബിപിഎസ് വരെ വേഗത നൽകുന്നു. 10ജിബിയുടെ ഫെയർ യൂസേജ് പോളിസി ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്, ഈ പരിധിക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയുന്നു. പുതിയ വരിക്കാർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.
299 രൂപ പ്ലാൻ: വേഗത 10 എംബിപിഎസിൽ നിന്ന് 25 എംബിപിഎസായി ഉയർത്തി. ഈ പ്ലാനിൽ 20ജിബി ഫെയർ യൂസേജ് പരിധി ഉൾപ്പെടുന്നു. ഈ പരിധിയിലെത്തിയതിന് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയുന്നു. പുതിയ ഉപയോക്താക്കൾക്ക് മാത്രമായാണ് ഈ പ്ലാൻ കിട്ടുക.
329 രൂപ പ്ലാൻ: തുടക്കത്തിൽ 20 എംബിപിഎസ് വേഗത വാഗ്‌ദാനം ചെയ്‌തിരുന്ന ഈ പ്ലാൻ ഇപ്പോൾ 25 എംബിപിഎസ് വേഗത നൽകുന്നു. ഇതിൽ 1000ജിബിയുടെ വളരെ വലിയ ഫെയർ യൂസേജ് പോളിസി ഫീച്ചർ ചെയ്യുന്നു, അതിനുശേഷം വേഗത 4 എംബിപിഎസ് ആയി കുറയുന്നു. എന്നാൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ.












Click it and Unblock the Notifications