അംബാനിയുടെ ജിയോയോ പാവങ്ങളുടെ ബിഎസ്എൻഎല്ലോ? 70 ദിവസത്തെ പ്ലാൻ കുറഞ്ഞ ചിലവിൽ, ആര് തരും?
എല്ലാ മേഖലകളിലും എന്ന പോലെ ടെലികോം വ്യവസായത്തിലും കടുത്ത മത്സരമാണ് ഇപ്പോൾ കമ്പനികൾ തമ്മിൽ നടക്കുന്നത്. അടിക്കടി ഉണ്ടാവുന്ന നിരക്ക് വർധനയും അതുപോലെയുള്ള നൂലാമാലകളും ഒക്കെ ഏറെക്കുറെ അപ്രത്യക്ഷമായി കഴിഞ്ഞു. എങ്ങനെ ഉപഭോക്താക്കളെ കൈയിലെടുക്കാം എന്ന ചിന്തയിലാണ് കമ്പനികൾ എല്ലാം തലപുകഞ്ഞാലോചിക്കുന്നത്. അതിന് അവർ കണ്ടെത്തിയ വഴികളിൽ ഒന്നാണ് റീചാർജ് പ്ലാനുകളിലെ വ്യത്യസ്‌തത.
ഇന്ത്യൻ വിപണിയിൽ നിലവിൽ നേരിട്ട് ഏറ്റുമുട്ടുന്ന കമ്പനികളാണ് ജിയോയും ബിഎസ്എൻഎല്ലും. ഒരെണ്ണം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണെങ്കിൽ മറ്റൊന്ന് പൊതുമേഖലാ സ്ഥാപനമാണ്. സാധാരണഗതിയിൽ ഇത്തരമൊരു മത്സരം വിപണിയിൽ വളരെ അപൂർവമാണ്. പല പൊതുമേഖലാ കമ്പനികളും സ്വകാര്യ മേഖലയ്ക്ക് മുന്നിൽ അടിയറവ് പറയുന്ന ഈ കാലത്ത് ബിഎസ്എൻഎൽ ഒരു അപവാദമാണ്.

അടുത്ത കാലത്തായി ഇരുകൂട്ടരും നേരിട്ട് ഏറ്റുമുട്ടുന്നത് റീചാർജ് പ്ലാനുകളുടെ പേരിലാണ്. ഒരു കമ്പനി കുറഞ്ഞ ചിലവിൽ പ്ലാൻ കൊണ്ട് വന്നാൽ ഡാറ്റയും കൂടുതൽ എസ്എംഎസും ഒടിടി ആനുകൂല്യങ്ങളും ഒക്കെ അധികമായി നൽകി അതിനെ കടത്തിവെട്ടുന്ന പ്ലാനുമായി എതിരെയുള്ള കമ്പനിയും വരും. ഇത്തരം പ്ലാനുകളിൽ നിന്ന് വേണം ഉപഭോക്താക്കൾ തങ്ങൾക്ക് അനുയോജ്യമായ സേവന ദാതാവ് ആരെന്ന് കണ്ടെത്താൻ.
അങ്ങനെ നിങ്ങളുടെ ബിഎസ്എൻഎൽ, ജിയോ പോരാട്ടത്തിൽ ആശയക്കുഴപ്പത്തിൽ പെട്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും ഉപകാരപ്പെടുന്ന വിവരമാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. എഴുപത് ദിവസത്തെ കാലാവധിയുള്ള ഒരു പ്ലാൻ ഇരു കമ്പനികളും നൽകുമ്പോൾ അതിൽ ഏതാണ് കൂടുതൽ അഫോർഡബിൾ എന്നും ഫീച്ചറുകൾ അടങ്ങിയതെന്നുമാണ് നാം പരിശോധിക്കുന്നത്.
ബിഎസ്എൻഎൽ-ജിയോ: ഒരു ലഘു താരതമ്യം
നിലവിൽ ബിഎസ്എൻഎൽ 70 ദിവസത്തെ വാലിഡിറ്റി വരുന്ന മികച്ച പ്ലാൻ തന്നെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വേറിട്ട ഒരു പാറ്റേണിലാണ് ഈ പ്ലാൻ അവർ നൽകിയിരിക്കുന്നത്. റീചാർജ് പ്ലാനിന്റെ ആകെ കാലാവധി 70 ദിവസമാണെങ്കിലും എല്ലാ ആനുകൂല്യങ്ങളും മുഴുവൻ ദിവസവും ലഭിക്കില്ല. 197 രൂപയാണ് ഈ പ്ലാനിന്റെ ചിലവ്. അതിൽ നിങ്ങൾക്ക് ആദ്യ 18 ദിവസം അൺലിമിറ്റഡ് കോൾ, ദിവസേന 2ജിബി ഡാറ്റ എന്നിവ ലഭിക്കും.
കൂടാതെ 100 എസ്എംഎസും ലഭിക്കും. ശേഷിക്കുന്ന ദിവസങ്ങൾ പ്ലാനിങ് കാലാവധി ഉണ്ടെങ്കിലും ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയില്ല. ഇനി ജിയോയുടെ പ്ലാൻ ആണെങ്കിൽ അൽപ്പം കൂടി ചെലവേറിയതാണ്. അതിന് ചിലവ് വരുന്നത് 666 രൂപയാണ്. എന്നാൽ ഈ പ്ലാനിൽ നിങ്ങൾ സൗജന്യ കോൾ, ദിവസേന 1.5 ജിബി നെറ്റ്, 100 എസ്എംഎസുകൾ എന്നിവയ്ക്ക് പുറമേ വിവിധ ഒടിടി പ്ലാറ്റ്‌ഫോം സേവനങ്ങളും ലഭ്യമാവും.
പെട്ടെന്ന് കേൾക്കുമ്പോൾ ബിഎസ്എൻഎൽ ലാഭമാണെന്ന് തോന്നുമെങ്കിലും രണ്ടും വെവ്വേറെ ആവശ്യക്കാർ അനുയോജ്യമായ പ്ലാനുകളാണ്. നിങ്ങൾ ബിഎസ്എൻഎൽ രണ്ടാം സിം കാർഡ് ആയി ഉപയോഗിക്കുക ആണെങ്കിൽ മൂന്ന് മാസത്തേക്ക് റീചാർജിനെ കുറിച്ച് ആലോചിക്കാൻ താൽപര്യമില്ലെങ്കിൽ അതാണ് ലാഭം. മറിച്ച് നിങ്ങളുടെ പ്രഥമ സിം ജിയോ ആവുകയും കൂടുതൽ ഡാറ്റ അടക്കമുള്ള സേവനങ്ങൾ ആവശ്യമായി വരികയും ചെയ്യുകയാണെങ്കിൽ ജിയോ തന്നെയാവും അനുയോജ്യം. അതുകൊണ്ട് തന്നെ ഇതിൽ ഏതെങ്കിലും ഒന്നിന്റെ പേരെടുത്ത് പറയുക സാധ്യമല്ല.












Click it and Unblock the Notifications