ബിഎസ്എൻഎലിന്റെ ഗുരുതര വീഴ്‌ച, കേന്ദ്രത്തിന് ഒറ്റയടിക്ക് നഷ്‌ടം 1757 കോടി; നേട്ടം റിലയൻസ് ജിയോയ്ക്ക്
ന്യൂഡൽഹി: ബിഎസ്എൻഎലിന്റെ ഗുരുതര വീഴ്‌ചയെ തുടർന്ന് കേന്ദ്ര സർക്കാരിന് 1757 കോടിയുടെ ഭീമമായ നഷ്‌ടം നേരിട്ടതായി സിഎജി റിപ്പോർട്ട്. നിഷ്ക്രിയ അടിസ്ഥാന സൗകര്യ പങ്കിടൽ സംബന്ധിച്ച കരാർ പ്രകാരം 2014 മെയ് മുതൽ 10 വർഷത്തേക്ക് റിലയൻസ് ജിയോയ്ക്ക് ബിൽ നൽകാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ പരാജയപ്പെട്ടതോടെയാണ് വൻ നഷ്‌ടം കേന്ദ്രത്തിന് നേരിടേണ്ടി വന്നത്.
കൂടാതെ ടെലികോം ഇൻഫ്രാസ്ട്രക്ച്ചർ പ്രൊവൈഡേഴ്‌സിന് (ടിഐപി) നൽകിയ വരുമാന വിഹിതത്തിൽ നിന്ന് ലൈസൻസ് ഫീസിന്റെ വിഹിതം കുറയ്ക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടതിനാൽ 38.36 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

'റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡുമായി മാസ്‌റ്റർ സർവീസ് കരാർ (എംഎസ്എ) നടപ്പിലാക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടു. ബിഎസ്എൻഎല്ലിന്റെ പങ്കിട്ട പാസീവ് ഇൻഫ്രാസ്ട്രക്ച്ചറിൽ ഉപയോഗിക്കുന്ന അധിക സാങ്കേതികവിദ്യയ്ക്ക് ബിൽ നൽകിയില്ല. ഇത് 2014 മെയ് മുതൽ 2024 മാർച്ച് വരെ സർക്കാർ ഖജനാവിന് 1,757.76 കോടി രൂപയുടെ നഷ്‌ടവും പിഴപ്പലിശയും വരുത്തിവച്ചു' സിഎജി ചൂണ്ടിക്കാട്ടി.
'ആർജെഐഎല്ലുമായുള്ള എംഎസ്‌എയിൽ ബിഎസ്‌എൻഎൽ നിർദ്ദേശിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതും എസ്‌കലേഷൻ ക്ലോസ് ബാധകമാക്കാത്തതും ഇൻഫ്രാസ്ട്രക്ച്ചർ ഷെയറിംഗ് ചാർജുകളുടെ ഇനത്തിൽ 29 കോടി രൂപയുടെ (ജിഎസ്‌ടി ഉൾപ്പെടെ) വരുമാന നഷ്‍ടത്തിന് കൂടി കാരണമായി' സിഎജി പ്രസ്‌താവനയിലൂടെ അറിയിച്ചു.
അതേസമയം, രാജ്യത്തെ വർധിച്ചുവരുന്ന ഇന്റർനെറ്റ് ആവശ്യകത കൂടി കണക്കിലെടുത്ത് വലിയ മാറ്റങ്ങൾക്ക് ബിഎസ്എൻഎൽ വിധേയമാവുന്ന വേളയിലാണ് നഷ്‌ടത്തിന്റെ കണക്കുകൾ സിഎജി തന്നെ പങ്കുവയ്ക്കുന്നത്. സ്വകാര്യ കമ്പനിയായ ജിയോയുമായുള്ള ഇടപാടിലൂടെയാണ് ഇത്രയും വലിയ തുക നഷ്‌ടം വരുത്തിവച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.
അടുത്തിടെയാണ് പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ്എൻഎൽ ലാഭത്തിലേക്ക് എത്തിയത്. ഡിസംബർ പാദത്തിൽ 262 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതോടെയാണ് ചരിത്രം വഴിമാറിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ബിഎസ്‌എൻഎല്ലിന്റെ മൊബിലിറ്റി, ഫൈബർ-ടു-ദി-ഹോം, ലീസ്‌ഡ് ലൈൻ സേവനങ്ങൾ എന്നിവയിലുടനീളം 14-18 ശതമാനം വരുമാന വളർച്ചയുണ്ടായിരുന്നു. അതിനിടെയാണ് നഷ്‍ടപ്പെട്ട കോടികളുടെ വാർത്ത കൂടി വരുന്നത്.












Click it and Unblock the Notifications