ലോകത്തെ ഞെട്ടിച്ച് ചൈനയുടെ 10ജി പരീക്ഷണം; സെക്കന്റിൽ 10 ജിബി വേഗതയോ? ഇതാണ് പ്രത്യേകതകൾ
ടെലികോം മേഖലയിൽ ലോകമെമ്പാടും നൂതനമായ ഒട്ടേറെ പരീക്ഷണങ്ങൾ കമ്പനികൾ നടത്തി വരുന്നുണ്ട്. അതിൽ ഒരുപടി മുന്നിൽ നിൽക്കുന്നത് ചൈന തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യ ആയാലും യുഎസ് ആയാലുമൊക്കെ ഇക്കാര്യത്തിൽ ചൈനയ്ക്ക് പിന്നിൽ മാത്രമേ വരൂ. ഓരോ കാലത്തും വളരെ നൂതനമായ ചില പരീക്ഷണങ്ങളിലൂടെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ഫലങ്ങൾ ഉണ്ടാക്കാൻ ചൈനയ്ക്ക് എന്നും സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അവർ മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ആദ്യ 10ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുകയാണ് ചൈന. ആഗോള തലത്തിൽ പല രാജ്യങ്ങളിലും 4ജി പോലും പ്രവർത്തനക്ഷമം ആവാത്ത ഈ കാലത്താണ് ചൈനയുടെ ഒരുപടി മുന്നിൽ കടന്നുള്ള പരീക്ഷണത്തിന്റെ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിൽ ആദ്യത്തെ വാണിജ്യ 10ജി ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ആരംഭിച്ചതോടെ ചൈന ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുകയാണ്. ഹുവാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്ററായ ചൈന യൂണികോമും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പ്രസ്‌തുത പദ്ധതി നടപ്പാക്കുന്നത്.
ഇതിലൂടെ അതിവേഗത്തിലുള്ള ഇന്റർനെറ്റ് ആക്‌സസ് നൽകാൻ ലക്ഷ്യമിടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിൽ 5ജി സാങ്കേതിക വിദ്യ സാർവത്രികമായി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനിടയിലാണ് ചൈന അതിന്റെ എത്രയോ ഇരട്ടിയിലധികം വേഗതയുള്ള ഇന്റർനെറ്റ് സേവനത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
നൂതനമായ 50G പിഒഎൻ (പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്) സാങ്കേതികവിദ്യയാണ് ഹൈ-സ്‌പീഡ് നെറ്റ്‌വർക്കിന് കരുത്ത് പകരുന്നത്. ഒപ്റ്റിക്കൽ ഫൈബർ ആക്‌സസ് നെറ്റ്‌വർക്കിന്റെ കോർ ആർക്കിടെക്ച്ചറിലേക്കുള്ള അപ്‌ഗ്രേഡുകളാണ് നിലവിലെ വേഗതയിൽ നിന്നും ഇത്തരം പുരോഗതിയിലേക്ക് കാര്യങ്ങൾ മാറ്റി മറിച്ചത്.
ചൈനയുടെ 10ജിയുടെ വേഗത എത്ര?
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ലക്ഷ്യമിടുന്നത് ഡൗൺലോഡ് വേഗത സെക്കൻഡിൽ 9834 മെഗാബൈറ്റ്സ് (എംബിപിഎസ്) അഥവാ 10 ജിഗാബൈറ്റ്സ് പെർ സെക്കൻഡ് (ജിബിപിഎസ്) എന്നതാണ്. അപ്‌ലോഡ് വേഗതയാവട്ടെ ഏകദേശം 1008 എംബിപിഎസ് അഥവാ ഒരു ജിബി ആയിരിക്കുമെന്നും നെറ്റ്‌വർക്ക് ലേറ്റൻസി 3 മില്ലിസെക്കൻഡ് വരെയാവുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്തൊക്കെ മാറ്റങ്ങൾ ഇത് കൊണ്ടുവരും?
ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി, 8കെ വീഡിയോ സ്ട്രീമിംഗ്, സ്‌മാർട്ട് ഹോം സിസ്‌റ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഹൈ-ബാൻഡ്‌വിഡ്ത്ത് ആപ്ലിക്കേഷനുകളെ 10ജി ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യ സംരക്ഷണം, വിദൂര വിദ്യാഭ്യാസം, സ്‌മാർട്ട് അഗ്രികൾച്ചർ എന്നിവയിൽ ഇത് വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ വിവിധ മേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട ഔട്ട്പുട്ട് ലഭിക്കാൻ അതിവേഗ ഡാറ്റ സഹായിക്കുമെന്നും കരുതപ്പെടുന്നു.
1987-ൽ സ്ഥാപിതമായതും ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഹുവാവേ, ടെലികോം ഇൻഫ്രാസ്ട്രക്ച്ചറിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിയിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. കൂടാതെ ഒപ്റ്റിക്കൽ ബ്രോഡ്‌ബാൻഡ്, 5ജി സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള കമ്പനി കൂടിയാണിത്. അവർ സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് യുണിക്കോണുമായി ചേരുമ്പോൾ അത്ഭുതം സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്.
അതേസമയം. ഡിജിറ്റൽ കണക്റ്റിവിറ്റിയുടെയും അടിസ്ഥാന സൗകര്യ നവീകരണത്തിന്റെയും അടുത്ത ഘട്ടത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ദീർഘകാല തന്ത്രത്തെ ഈ പരീക്ഷണം അടിവരയിടുന്നു. നിലവിൽ ലോകത്ത് തന്നെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ചൈന. അതിനെ നിരന്തരം നവീകരിക്കുവാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഉത്തേജനം പകരുന്നതാണ് ഇപ്പോഴത്തെ പുതിയ കണ്ടുപിടിത്തം.












Click it and Unblock the Notifications