ഡീപ്ഫേക്ക് ദുരുപയോഗം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ നോട്ടീസ്, നടപടികൾ കടുപ്പിക്കും
മെറ്റ, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഡീപ്ഫേക്ക് വിഷയത്തിൽ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ നോട്ടീസിനോട് പ്രതികരിച്ചെന്ന് വ്യക്തമാക്കിയ ഐടി മന്ത്രി ഡീപ്ഫേക്ക് ദുരുപയോഗത്തിൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കാണുമെന്ന് ഐടി മന്ത്രി പറഞ്ഞു. പ്ലാറ്റ്‌ഫോമുകൾ ഡീപ്ഫേക്കുകൾ നീക്കം ചെയ്യാൻ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന പരിരക്ഷയായ 'സേഫ് ഹാർബർ ഇമ്യുണിറ്റി ക്ലോസ്' ബാധകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർ നടപടികൾ സ്വീകരിക്കുന്നുണ്ട്...പക്ഷെ ഇനിയും കൂടുതൽ നടപടികൾ സ്വീകരിക്കേതുണ്ട് എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ എല്ലാ പ്ലാറ്റ്‌ഫോമുകളുമായും ഒരു ചർച്ചനടത്താൻ പോവുന്നു... ഒരുപക്ഷെ അടുത്ത 3-4 ദിവസത്തിനുള്ളിൽ തന്നെ. ഡീപ്ഫേക്കുകൾ തടയുന്നുവെന്നും സിസ്‌റ്റങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അവർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാകേണ്ടതുണ്ട്' മന്ത്രി മാധ്യങ്ങളോട് പറഞ്ഞു.
അതേസമയം, പ്രമുഖ നടി രശ്‌മിക മന്ദാനയുടെ വിവാദ ഡീപ്ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളും ആശങ്കകളും വലിയ തോതിൽ ഉയർന്നുവന്നത്. രശ്‌മികയ്ക്ക് പുറമെ ബോളിവുഡ്, തമിഴ്, തെലുഗു, കന്നഡ, മലയാളം തുടങ്ങി ഒട്ടേറെ ഭാഷകളിലെ നടിമാർ സമാനമായ അവസ്ഥ നേരിടുന്നുണ്ട്.
പ്രിയങ്ക ചോപ്ര, കാജോൾ ദേവ്ഗൺ, കിയാര അദ്വാനി, തമന്ന ഭാട്ടിയ, പൂജ ഹെഡ്‌ഗെ, ഐശ്വര്യ റായ് അനുഷ്‌ക ശർമ തുടങ്ങിയവർക്ക് പുറമെ മറ്റ് ഭാഷകളിൽ നിന്നുള്ള കാജൽ അഗർവാൾ, കീർത്തി സുരേഷ് തുടങ്ങിയവരും ഇതിന്റെ ഇരകളായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നേരിട്ട് രംഗത്തിറങ്ങുന്നത്.












Click it and Unblock the Notifications