സാംസങ് ഫോണിന്റെ ബാറ്ററി സ്ഥിരമായി പണി തരാറുണ്ടോ..? ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും...
സ്‌മാർട്ട്‌ഫോണുകൾ കാലപ്പഴക്കം ചെല്ലുന്തോറും ബാറ്ററി പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് പതിവ് കാഴ്‌ചയാണ്. ഇതിപ്പോൾ ഏത് കമ്പനിയുടെ ഫോണായാലും അതിന്റെ ഫലമായി ബാക്കപ്പ് കുറയുന്നു, ഇത് അനിവാര്യമായ ഒരു പ്രക്രിയയാണ്. ബാറ്ററി നശിക്കുന്നത് തടയാൻ ഒരു മാർഗവുമില്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ബാറ്ററിയുടെ ശോഷണം മന്ദഗതിയിലാക്കാൻ നിരവധി സവിശേഷതകൾ നടപ്പിലാക്കിയിട്ടുണ്ട്.
നിങ്ങളൊരു സാംസങ് ഗ്യാലക്‌സി സ്‌മാർട്ട്‌ഫോൺ ഉപയോക്താവാണെങ്കിൽ, സാംസങ് ഗ്യാലക്‌സി സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ബാറ്ററി ഡീഗ്രേഷൻ പ്രക്രിയ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മൂന്ന് ടിപ്പുകൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. കാരണം ഇതിലൂടെ നിങ്ങളുടെ ബാറ്ററിയുടെ തകരാറുകൾ ഒരുപരിധി വരെ തടഞ്ഞു നിർത്താം.

പ്രൊട്ടക്റ്റ് ബാറ്ററി ഫീച്ചർ പ്രവർത്തനക്ഷമമാക്കുക
നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഒരിക്കലും പൂർണ്ണമായി ചാർജ് ചെയ്യുകയോ പൂർണ്ണമായും ഡിസ്‌ചാർജ് ചെയ്യുകയോ ചെയ്യരുതെന്നാണ് കമ്പനി പറയുന്നത്. സാംസങ് പറയുന്നതനുസരിച്ച്, നിങ്ങളുടെ ഫോൺ ചാർജ് 85 ശതമാനമായി നിലനിർത്തുന്നത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കും.
ഏത് നേരവും ഇത് നിരീക്ഷിച്ചു കൊണ്ടിരിക്കുക എന്നത് ബുദ്ധിമുട്ടാണെങ്കിലും, ബാറ്ററി 85 ശതമാനമായി ചാർജ് ചെയ്യുമ്പോൾ യാന്ത്രികമായി ചാർജിംഗ് നിർത്തുന്ന ഒരു ഓപ്ഷൻ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരാണ് പ്രൊട്ടക്‌ട് ബാറ്ററി ഫീച്ചർ.
85 ശതമാനത്തിലധികം ചാർജ് ചെയ്യുന്നതിൽ നിന്ന് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെ അകറ്റുന്നതിനായി സെറ്റിങ്‌സ് > ബാറ്ററി > എന്ന മെനുവിലേക്ക് പോയ ശേഷം അവിടെ പ്രൊട്ടക്റ്റ് ബാറ്ററി പ്രവർത്തനക്ഷമമാക്കുക.
ഫാസ്‌റ്റ് ചാർജിങ് ഉപയോഗിക്കാതിരിക്കുക
ഫാസ്‌റ്റ് ചാർജിംഗ് ചെയ്യുന്നത് പലപ്പോഴും ബാറ്ററിയുടെ ചൂട് വർധിപ്പിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ബാറ്ററിയുടെ ഗുണത്തെയും ബാധിക്കുന്നു. എന്നാൽ ഒരു സാംസങ് സ്‌മാർട്ട്‌ഫോണിൽ ഫാസ്‌റ്റ് ചാർജിംഗ് പ്രവർത്തനരഹിതമാക്കുന്നതിലൂടെ, ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാക്കുന്നത് തടയാൻ കഴിയും.
ഇത് ബാറ്ററിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. നിങ്ങളുടെ ഫോൺ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെങ്കിൽ അതും ഉപയോഗിക്കാതിരിക്കുക. കാരണം ഇത്തരത്തിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ചൂട് കൂടാൻ ഇടയാക്കും.
ഉപയോഗിക്കാത്ത ആപ്പുകൾ ഒഴിവാക്കുക
പല ആപ്പുകളും നിങ്ങൾ അറിയാതെ തന്നെ പ്രവർത്തിക്കുന്നുണ്ടാവും, നിങ്ങൾ അവ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും. അത് ബാറ്ററിയിൽ വൈദ്യുതി ഉപഭോഗം ചെയ്യും. ഇത്തരം ആപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, നിങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ തടയാൻ കഴിയും. ഇതിനായി
സെറ്റിങ്‌സ് > ബാറ്ററി > ബാക്ക് ഗ്രൗണ്ട് യൂസേജ് ലിമിറ്റ് > എന്ന മെനുവിലേക്ക് പോയി, ഉപയോഗിക്കാത്ത ആപ്പുകൾ സ്ലീപ് മോഡിൽ ആക്‌ടീവ് ആക്കുക.












Click it and Unblock the Notifications