സ്‍മാർട്ട് ഫോൺ വിപണി നിന്ന് വിറയ്ക്കും; ഈ വർഷം വരാനുള്ളത് പൊളി മോഡലുകൾ, ഇനി കണ്ടറിയാം..
സ്‍മാർട്ട്ഫോൺ വിപണിയുടെ അഭൂതപൂർവ വളർച്ചയെപ്പറ്റി പലവട്ടം നാം പലയിടത്തും ചർച്ച ചെയ്‌തതാണ്. എങ്കിലും ഓരോ വർഷം കഴിയുംതോറും അത് എത്രമാത്രം വലിയ രീതിയിലാണ് വികസിച്ചു കൊണ്ടിരിക്കുന്നതെന്ന് കാണുമ്പോൾ ശരിക്കും ആശ്ചര്യം തോന്നും. അത്രയ്ക്ക് മികവോടെയാണ് പല മാറ്റങ്ങളും വരുന്നതെന്ന കാര്യം മറക്കാൻ പാടില്ല.
പല മികവുറ്റ ഫോണുകളും വിപണിയിൽ എത്തിയ മറ്റൊരു വർഷത്തിന് കൂടി പരിസമാപ്‌തി കുറിച്ചുകൊണ്ട് ടെക് വിപണിയും പുതുവർഷത്തിന്റെ ചൂടിലേക്ക് കടക്കുകയാണ്. എന്തായാലും ഇനി പുതുപ്രതീക്ഷകളാണ് സ്‍മാർട്ട് ഫോൺ വിപണിയെയും മുന്നോട്ട് നയിക്കുന്നത്. വരാനിരിക്കുന്ന മോഡലുകൾ പലതും അത്തരത്തിൽ ഉള്ളവയുമാണ്. നോക്കാം ഏതൊക്കെ ഫോണുകളാണ് 2024ൽ നിങ്ങളെ കാത്തിരിക്കുന്നതെന്ന്.

ഐഫോൺ 16 സീരീസ്
വർഷാവർഷം പുതിയ ഫോണുകൾ അവതരിപ്പിക്കാറുള്ള കമ്പനിയായ ആപ്പിൾ ഇക്കുറിയും പതിവ് തെറ്റിക്കില്ല. അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കാനുള്ള സ്‌മാർട്ട്ഫോണിനെക്കുറിച്ച് അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഐഫോൺ 16 സീരീസിൽ ചില ചെറിയ ഡിസൈൻ മാറ്റങ്ങൾ വന്നേക്കാമെന്നാണ് വിലയിരുത്തൽ. ഉദാഹരണത്തിന്, പ്രോ മോഡലുകളിൽ അൽപം കൂടി വലിയ ഡിസ്പ്ലേകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്‌സിന് 6.9 ഇഞ്ചും ആയിരിക്കും ഡിസ്‌പ്ലേ വലുപ്പമെന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാംസങ് ഗ്യാലക്‌സി എസ്24
ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ തലതൊട്ടപ്പനായാണ് സാംസങ് എസ്24 എത്തുക. ഇതിന്റെ ഫീച്ചറുകൾ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇസോസെല്‍ 200 എംപി സെന്‍സറുമായാണ് ഇവ എത്തുകയെന്നാണ് സൂചന. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റും ഇതിനുണ്ടാവും. ഇത്രയും മികച്ച ഹാര്‍ഡ് വെയറുമായിട്ടുള്ള ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ പോലും നിലവില്‍ വിപണിയില്‍ ഇല്ല. അതിനാൽ തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരും ഇ ഫോണിന്റെ വരവ് കാത്തിരിക്കുന്നു.
വൺപ്ലസ് 12
വൺപ്ലസ് 12 സീരീസ് 2024 ജനുവരി 23ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് പുറമെ വൺപ്ലസ് 12ആർ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. HDR10+ പിന്തുണയോട് കൂടിയ Fluid AMOLED സാങ്കേതികവിദ്യ ഉപയോഗിച്ച് ആകർഷകമായ 6.82-ഇഞ്ച് ഡിസ്‌പ്ലേയുണ്ടാവും ഈ ഫോണിന്. റെസലൂഷൻ 1440 x 3168 പിക്സൽ ആണ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് ഡിസ്‌പ്ലേയെ പരിരക്ഷിച്ചിരിക്കുന്നു. എത്രയാവും വില എന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല.
ഷവോമി 14 പ്രോ
ഈ വർഷം ഒക്ടോബറിൽ നടന്ന ഒരു ലോഞ്ച് ഇവന്റിൽ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാവ് ഷവോമി 14 പ്രോ പുറം ലോകത്തെ കാണിച്ചിരുന്നു. 2024 ഫെബ്രുവരിയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2024ൽ ഷവോമിയിൽ നിന്നുള്ള പ്രീമിയം സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഷവോമിയുടെ ഏറ്റവും പ്രതീക്ഷയുള്ള മോഡലുകളിൽ ഒന്നാണിത്.












Click it and Unblock the Notifications