ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷ വാർത്ത; ഈ റീചാർജ് പ്ലാനുകൾക്ക് ഒപ്പം സൗജന്യ ഇൻഷുറൻസും, 1 ലക്ഷം വരെ!
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അധിക നേട്ടവുമായി തിരഞ്ഞെടുത്ത പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. അപകട മരണത്തിന് ഒരു ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസും സൈബർ തട്ടിപ്പിലൂടെ ഉണ്ടാകുന്ന നഷ്‌ടങ്ങൾക്ക് 10,000 രൂപ വരെയുള്ള പരിരക്ഷയുമാണ് ലഭിക്കുക. എസ്‌ടിവി 202, എസ്‌ടിവി 2449 എന്നീ രണ്ട് പ്രീപെയ്‌ഡ് പ്ലാനുകളിലാണ് നിലവിൽ ഈ ആനുകൂല്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ റോബർട്ട് ജെ രവിയാണ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ഇൻഷുറൻസ് പരിരക്ഷ സാധാരണയായി ലഭിക്കാത്ത കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലേക്ക് കൂടി ഇൻഷുറൻസ് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് സേവനം നൽകുന്നതിനായി ബിഎസ്എൻഎൽ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

202 രൂപയുടെ എസ്‌ടിവി പ്ലാനിന് 30 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്. ഇതിൽ 300 മിനിറ്റ് വോയ്‌സ് കോളുകളും ആകെ 5 ജിബി ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കും. 2449 രൂപയുടെ പ്ലാനിന് 365 ദിവസത്തെ കാലാവധിയുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
യോഗ്യമായ പ്ലാനിൽ റീചാർജ് ചെയ്യുമ്പോൾ പ്രത്യേകമായി ഇൻഷുറൻസിനായി പണം നൽകേണ്ടതില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം റീചാർജ് ചെയ്‌തതിന് ശേഷം ഇൻഷുറൻസ് പരിരക്ഷ സ്വമേധയാ സജീവമാകും. ഏകദേശം 24 മണിക്കൂറിനുള്ളിൽ കവറേജ് ആരംഭിക്കുമെന്നും പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസ് വഴി ഉപഭോക്താവിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകട മരണത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷം രൂപ വരെയാണ്. സൈബർ തട്ടിപ്പിലൂടെ ഉണ്ടാകുന്ന യോഗ്യമായ നഷ്‌ടങ്ങൾക്ക് 10,000 രൂപ വരെയും പരിരക്ഷ ലഭിക്കും. എന്നാൽ ഇൻഷുറൻസ് കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമായാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അതിനാൽ എല്ലാ തരത്തിലുള്ള അപകടങ്ങൾക്കും ഓൺലൈൻ തട്ടിപ്പുകൾക്കും സ്വമേധയാ പരിരക്ഷ ലഭിക്കുമെന്ന് കരുതരുത്.
ബിഎസ്എൻഎല്ലിന്റെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും പുതിയ നീക്കം വിലയിരുത്തപ്പെടുന്നു. 2026 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ ശരാശരി ഉപയോക്താവിൽ നിന്നുള്ള പ്രതിമാസ വരുമാനം 101 രൂപയിലെത്തിയതായി ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇത് 150 രൂപയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്.
ടെലികോം സേവനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷ കൂടി ലഭിക്കുന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും ഇൻഷുറൻസ് പരിരക്ഷ കുറവായി ലഭിക്കുന്ന വിഭാഗങ്ങളിലും ഈ പദ്ധതിക്ക് പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇത് ബിഎസ്എൻഎൽ സർവീസിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സഹായിക്കുമെന്നും കരുതുന്നു.


Click it and Unblock the Notifications
