ഗൂഗിൾ ക്രോം ഇനിയും അപ്‌ഡേറ്റ് ചെയ്‌തില്ലേ? കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചാൽ എട്ടിന്റെ പണി ഉറപ്പ്, സംഭവം ഇങ്ങനെ
രാജ്യത്തെ ഏറ്റവും ജനപ്രിയ ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. ഉപയോഗിക്കാനുള്ള എളുപ്പവും, നല്ല ഫീച്ചറുകളുമാണ് ക്രോമിനെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്നാൽ ഈ ബ്രൗസർ അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പുതിയ മുന്നറിയിപ്പ്.
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെസ്‌ക്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കാണ് ഫെബ്രുവരി 21ന് സിഇആർടി-ഇൻ ഗുരുതരമായ അപായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ മറ്റ് വിശദാംശങ്ങളും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

ഗൂഗിൾ ക്രോമിന്റെ ബാധിത പതിപ്പുകളിൽ "ഒന്നിലധികം പ്രശ്‌നങ്ങൾ" ഉണ്ടെന്നും ഒരു ഹാക്കർക്ക് ഈ വീഴ്‌ചകൾ മുതലെടുക്കാൻ കഴിയുമെന്നും ഇത്തരം സിസ്‌റ്റങ്ങളിൽ കടന്നുകയറാൻ അനുവദിക്കുമെന്നും കേന്ദ്ര ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇതാദ്യമായല്ല ഗൂഗിൾ ക്രോമിൽ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകുന്നത്. നേരത്തെ കഴിഞ്ഞ വർഷം ഡിസംബറിലും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
"ബ്ലിങ്കിലെ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ്, മോജോയിൽ സൗജന്യമായ ശേഷമുള്ള ഉപയോഗം, ഉള്ളടക്ക സുരക്ഷാ നയം, നാവിഗേഷൻ എന്നിവയിൽ അനുചിതമായ നിർവ്വഹണം, ഡൗൺലോഡിൽ അപര്യാപ്‌തമായ നയം നടപ്പിലാക്കൽ." എന്നിവ മുതലെടുത്ത് ഹാക്കർക്ക് ഇരയെ കബളിപ്പിച്ച് "പ്രത്യേകമായി തയ്യാറാക്കിയ" വെബ്‌സൈറ്റിലേക്ക് നയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
മാക്, ലിനക്‌സ് എന്നിവയ്‌ക്കായി 122.0.6261.57ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകൾ, വിൻഡോസ് 122.0.6261.57/.58ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകൾ എന്നിവയാണ് ഭീഷണി നേരിടുന്നത്. നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസർ ഉടനടി അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഈ ഭീഷണികളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള ഏക മാർഗം. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
1. മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന മൂന്ന് ഡോട്ടുകളുള്ള മെനുവിൽ ക്ലിക് ചെയ്യുക.
2. ഓപ്ഷനുകളിൽ നിന്ന് 'ഹെൽപ്' തിരഞ്ഞെടുക്കുക.
3. എബൗട്ട് ഗൂഗിൾ ക്രോം എന്ന ഓപ്‌ഷനിൽ തൊടുക
4. ഗൂഗിൾ അപ്‌ഡേറ്റുകൾക്കായി ഒരു പരിശോധന ആരംഭിക്കുകയും ആവശ്യാനുസരണം അവ ഇൻസ്‌റ്റാൾ ചെയ്യുകയും ചെയ്യും.
5. നിങ്ങളുടെ ബ്രൗസർ നിലവിലുള്ളതാണെന്ന് സ്ഥിരീകരിക്കുമ്പോൾ, "ഗൂഗിൾ ക്രോം അപ്‌ഡേറ്റഡ്" എന്ന സന്ദേശം ദൃശ്യമാകും.












Click it and Unblock the Notifications