എടുക്കുവാണേൽ ഗൂഗിൾ പിക്‌സൽ 10 തന്നെ എടുക്കണം; അമ്മാതിരി ഓഫറല്ലേ തരുന്നത്! 10,019 രൂപ ഒറ്റയടിക്ക് കുറയും?
സാംസങും ആപ്പിളും ഒക്കെ അടക്കിവാഴുന്ന ഇന്ത്യൻ മാർക്കറ്റിൽ കുറഞ്ഞ കാലം കൊണ്ട് സാമാന്യം നല്ല ജനപ്രീതി ഉണ്ടാക്കിയെടുക്കാൻ ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്. അതിന് അവരുടെ പൈതൃകം അവരെ സഹായിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിലുപരി ഇറക്കുന്ന മോഡലുകളുടെ ക്വാളിറ്റി എന്നൊരു ഘടകം കൂടി ഒത്തുവന്നത് കൊണ്ടാണ് പലപ്പോഴും ഗൂഗിളിന് ഇത്തരത്തിൽ പെരുമ ഉണ്ടാക്കി എടുക്കാൻ സാധിച്ചത്.
ലോകത്തിലെ മറ്റ് മാർക്കറ്റുകളിൽ നിന്ന് വ്യത്യസ്‌തമായ ഒരിടമാണ് ഇന്ത്യയെന്ന് സ്‍മാർട്ട് ഫോൺ നിർമ്മാതാക്കൾ ഏറെക്കുറെ മനസിലാക്കി കഴിഞ്ഞു. അതിന്റെ സൂചനയാണ് ആപ്പിൾ അടക്കമുള്ള മുൻനിര കമ്പനികളുടെ ചുവടുമാറ്റം. അതിലേക്ക് ചേർക്കാൻ കഴിയുന്ന മറ്റൊരു നിർണായക മാറ്റം അടുത്തിടെ കൊണ്ട് വന്നതാവട്ടെ ലോകത്തിലെ തന്നെ വൻകിട കമ്പനികളിൽ മുൻനിരയിൽ തന്നെയുള്ള ഗൂഗിളും.

നിങ്ങൾ ശ്രദ്ധിച്ചുകാണും എല്ലായ്പോഴും ഡിസ്‌കൗണ്ട് ഓഫറുകളുമായി വിപണിയിൽ കരുത്ത് കാട്ടുന്നത് ആപ്പിളിന്റെ ഐഫോൺ മോഡലുകളും സാംസങിന്റെ എസ് സീരീസിലെ പുതിയ ഫോണുകളും ആയിരുന്നു ഇതുവരെ. എന്നാൽ ഇനി മുതൽ ഇവർക്കൊക്കെയും വെല്ലുവിളിയായി ഗൂഗിളിന്റെ മോഡലുകളും ഒപ്പമുണ്ടാകും. അതിൽ പ്രധാനമാണ് ഗൂഗിൾ പിക്‌സൽ 10, എന്തൊക്കെയാണ് അതിന്റെ വിശേഷം എന്നറിയാം.
പിക്‌സൽ 10 ഓഫറുകൾ
ഗൂഗിൾ പിക്‌സൽ 10 ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് നാളേറെ ആയിട്ടില്ല. 79,999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ വിപണിയിലെത്തിയത്. എന്നാൽ ആമസോൺ നിലവിൽ പിക്‌സൽ 10-ന് 10,019 രൂപയുടെ ഫ്ലാറ്റ് കിഴിവ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതോടെ ഫോണിന്റെ വില 69,890 രൂപയായി കുറയുന്നു. നിലവിലെ വിപണി നിലവാരവും ഫോണിന് ഇന്ത്യ മാർക്കറ്റിൽ ഉള്ള സ്വാധീനവും ഡിമാൻഡും ഒക്കെ കണക്കിലെടുക്കുമ്പോൾ ഇത് നല്ല ഓഫറാണ്.
ഇനി അതുകൊണ്ട് ഒന്നും ഓഫർ നിർത്താൻ ആമസോൺ തയ്യാറല്ല. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകൾ നടത്തുമ്പോൾ 3500 രൂപയുടെ അധിക കിഴിവും ഗൂഗിൾ പിക്‌സൽ 10 മോഡലിന് ലഭിക്കും. പഴയ സ്‌മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ കൂടുതൽ പണം ലാഭിക്കാനും അവസരമുണ്ട്. ഇക്കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണം, നിങ്ങളുടെ കൈവശമുള്ള പഴയ മോഡൽ അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് റേറ്റ് തീരുമാനിക്കുക.
ഗൂഗിൾ പിക്‌സൽ 10 ഫീച്ചറുകൾ
ടെൻസർ ജി5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ 10-ൽ 12ജിബി വരെ റാമും 256ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും ലഭ്യമാണ്. 4,970mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. 30W വയേർഡ് ഫാസ്‌റ്റ് ചാർജിംഗും 15W വരെയുള്ള വയർലെസ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. 6.3 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്, ഇതിന് 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണവും ഇതിനുണ്ട്.
ക്യാമറയുടെ കാര്യത്തിൽ ഇതൊട്ടും പിന്നിൽ അല്ല. പിക്‌സൽ 10-ൽ മാക്രോ ഫോക്കസ് സഹിതം 48 എംപി പ്രധാന ക്യാമറയും, 13 എംപി അൾട്രാവൈഡ് ലെൻസും, 5x ഒപ്റ്റിക്കൽ സൂം ഉള്ള 10.8 എംപി ടെലിഫോട്ടോ സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 10.5 എംപി ക്യാമറയും നൽകിയിട്ടുണ്ട്. അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു മികച്ച ഫോൺ തന്നെയാണ് ഇത്.












Click it and Unblock the Notifications