ആപ്പിളും, സാംസങ്ങും ഒതുങ്ങിക്കോ? ഇനി കൊമ്പന്റെ വരവാണ്; ഗൂഗിള്‍ പിക്‌സല്‍ 8 ക്യാമറയില്‍ ഞെട്ടിക്കും
ആപ്പിളും, സാംസങ്ങും പ്രീമിയം ഫോണുകളുടെ മുന്നില്‍ കിരീടവുമായി നില്‍ക്കുകയാണ്. ആരുണ്ടെടാ ഞങ്ങളെ രണ്ടുപേരെയും തൊടാന്‍ എന്ന കീലേരി അച്ചു മോഡലിന് ഉത്തമ ഉദാഹരണമാണ് ഇവര്‍ രണ്ടുപേരും. എന്നാല്‍ അതൊക്കെ പഴങ്കഥയാവാന്‍ പോവുന്നത്. ഗൂഗിള്‍ പിക്‌സല്‍ സെമി ബജറ്റ് ഫോണുകളില്‍ കില്ലാടിയാണ്. പെര്‍ഫോമന്‍സില്‍ ഈ പറഞ്ഞ പ്രീമിയം രാജാക്കന്മാരോട് മുട്ടി നില്‍ക്കാന്‍ പറ്റുന്ന ഏക ഫോണും ഗൂഗിള്‍ പിക്‌സല്‍.
ക്യാമറയാണെങ്കില്‍ ഇവര്‍ക്കൊപ്പമോ അതിന് മുകളിലോ പോകാനുള്ള എല്ലാ കരുത്തും പിക്‌സലിനുണ്ട്. അതുകൊണ്ട് പിക്‌സല്‍ ഫോണുകള്‍ വേഗത്തില്‍ ജനപ്രിയമായി കഴിഞ്ഞു. പിക്‌സലിന്റെ പുതിയ സീരീസാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ക്യാമറയില്‍ അടക്കം വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. ടെക് ലോകത്തെ ബാഹുബലി എന്ന പേര് വരാന്‍ തീര്‍ച്ചയായും സാധ്യതയുള്ളതാണ് പിക്‌സല്‍ 8 സീരീസുകള്‍.

ഗൂഗിളിന്റെ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് ഉടന്‍ ഇറങ്ങാനിരിക്കുന്നത്. ഒക്ടോബറിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. ആരാധകരെല്ലാം വന്‍ പ്രതീക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. പിക്‌സല്‍ ക്യാമറാ ഇന്റര്‍ഫേസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ എല്ലായിടത്തുമുള്ളത്. കാരണം ക്യാമറാ യുഐയില്‍ വന്‍ മാറ്റം പിക്‌സലിന്റെ കാര്യത്തിലുണ്ടായത് 2019ലാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ഗൂഗിള്‍ അപ്‌ഡേറ്റ് വന്നിരിക്കുന്നത്.
അതുകൊണ്ട് വലിയ ആവേശത്തോടെയാണ് ഇതിനെ എല്ലാവരും സ്വീകരിക്കുന്നത്. പിക്‌സല്‍, 7, 7 പ്രൊ സീരീസുകള്‍ക്കും ക്യാമറാ അപ്‌ഗ്രേഡുകളാണ് ഇതോടൊപ്പം വരുന്നത്. ഇതുവരെ കാണാത്ത നാച്ചുറല്‍ മികവിലുള്ള ക്യാമറകളാണ് പിക്‌സലില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. ക്യാമറാ യൂസര്‍ ഇന്റര്‍ഫേസ് പൂര്‍ണമായും റീഡിസൈനിംഗ് ചെയ്തിരിക്കുകയാണ്. ഇതിന്റെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. ഫോട്ടോ-വീഡിയോ മോഡുകള്‍ തമ്മില്‍ ഒരു വേര്‍തിരിക്കല്‍ കാണാം.
പുതിയ അപ്‌ഡേറ്റില്‍ ക്യാമറകളുടെ സ്ഥാനവും ഗൂഗിള്‍ മാറ്റിയിട്ടുണ്ട്. ക്യാമറ സ്വിച്ചും, ഗ്യാലറി ബട്ടണും പുതിയ ഡിസൈനില്‍ മാറിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് അതോറിറ്റി ഗൂഗിള്‍ ക്യാമറ യൂസര്‍ ഇന്റര്‍ഫേസിന്റെ ചോര്‍ന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ ഈ ചിത്രങ്ങളില്‍ നിന്ന് ഏറ്റവും പുതിയ രീതിയിലുള്ള ഡിസൈനാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളതെന്ന് കാണാം. സെലക്ഷന്‍ ബാറിന് സമീപമായി പുതിയൊരു ബട്ടണ്‍ വന്നിട്ടുണ്ട്.
അതിലൂടെ ഫോട്ടോ വീഡിയോ മോഡുകള്‍ അനായാസം മാറ്റാം. ഗംഭീര ക്യാമറ-വീഡിയോ എക്‌സ്പീരിയന്‍സാണ് ഗൂഗിള്‍ നല്‍കാന്‍ പോകുന്നതെന്ന സൂചനയാണ് പുതിയ ഫീച്ചറുകള്‍ നല്‍കുന്നത്. ക്യാമറ സ്വിച്ച് ബട്ടണും, ഗ്യാലറി ബട്ടണും ഇപ്പോള്‍ എതിര്‍ വശങ്ങളിലാണ്. ഇടത് ഭാഗത്ത് ഏറ്റവും അടിയിലായി സെറ്റിംഗ്‌സ് മെനുവുമുണ്ട്. മോഷന്‍ ടാബ് ഇത്തവണ ലോങ്ങ് എക്‌സ്‌പോഷര്‍, ആക്ഷന്‍ പാന്‍ എന്നീ രണ്ട് കാര്യങ്ങളായി വേര്‍തിരിച്ചിരിക്കുകയാണ്. ഇതിലൂടെ വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഗൂഗിള്‍ പിക്‌സല്‍ 7ല്‍ ഈ രണ്ട് മോഡുകളും മോഷന്‍ ടാബിനുള്ളിലാണ് ഉള്ളത്. സിനിമാറ്റിക് പാന്‍ ഓപ്ഷനും മാറിയിട്ടുണ്ട്. പകരം പാന്‍ എന്നൊരു ഓപ്ഷനും ക്യാമറയില്‍ വന്നിട്ടുണ്ട്. വീഡിയോയില്‍ നൂതനമായ സംവിധാനമാണ് ഗൂഗിള്‍ ഇതുവഴി ഓഫര്‍ ചെയ്യുന്നത്. സ്റ്റബിലൈസേഷന്‍ മോഡ് മെനുവും ഗൂഗിള്‍ മാറ്റിയിട്ടുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 8, 8 പ്രൊ, എന്നിവയ്ക്ക് 120എച്ച്‌സെഡ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്.
ട്രിപ്പിള്‍ ക്യാമറയാണ് ഇതിലെ തരംഗമാകാന്‍ പോകുന്ന ഫീച്ചര്‍. പ്രൈമറി സെന്‍സര്‍ 50 മെഗാപിക്‌സലാണ. 64 എംപി അള്‍ട്രാ വൈഡ് ആംഗില്‍ സെന്‍സര്‍, 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ. എന്നിവ പ്രൊയില്‍ ലഭ്യമാണ്. പിക്‌സല്‍ എട്ടില്‍ 50 മെഗാ പിക്‌സല്‍ പ്രൈമറി സാംസങ്ങ് സെന്‍സറും, 12 എംപി അള്‍ട്രാ വൈഡ് ആംഗിളുമാണ് ഉള്ളത്. 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുമാണ് ഇതിനുള്ളത്.












Click it and Unblock the Notifications