ഗൂഗിളിന്റെ രംഗണ്ണൻ ഓൺ ദി വേ; ഈ സ്‍മാർട്ട്ഫോൺ ആവേശം നിറയ്ക്കും, ഫീച്ചറുകൾ കൊണ്ട് അമ്പരപ്പിക്കും
കുറച്ചുകാലം മുൻപാണ്, കുറച്ചെന്ന് പറഞ്ഞാൽ അധികം വർഷമൊന്നും ആയിട്ടില്ല. സാംസങും ആപ്പിളും ഷവോമിയും ഒക്കെ അടക്കി വാണിരുന്ന ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണി കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. പൊടുന്നനെയാണ് അതുണ്ടായത്. ഒരു കൊള്ളിയാൻ പോലെ ഇന്ത്യൻ സ്‍മാർട്ട്ഫോൺ പ്രേമികളുടെ മനസിലേക്ക് ഗൂഗിൾ പറന്നിറങ്ങി.
ഒരു ടെക് കമ്പനിക്ക് സ്‍മാർട്ട്ഫോൺ ഉണ്ടാക്കാൻ അത്രയ്ക്ക് ഒക്കെ കഴിവുണ്ടോ എന്ന് ചോദിച്ചിടത്ത് നിന്ന് ഗൂഗിൾ ഒരുപാട് വളർന്നു കഴിഞ്ഞു. ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം. അങ്ങനെ ഗൂഗിളിന്റെ നിരവധി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ നന്നായി വിറ്റുപോവുന്നത്. അതിൽ തന്നെ പ്രീമിയം സ്‍മാർട്ട് ഫോണുകളും ഏറെയുണ്ട്.

ഇപ്പോഴിതാ ഗൂഗിളിന്റെ ഒരു സുപ്രധാന മോഡലായ പിക്‌സൽ സീരീസിലെ പുതുമുഖം പിക്‌സൽ 8എയുടെ വിശേഷങ്ങളാണ് പലപ്പോഴായി പുറത്തുവരുന്നത്. ഉടൻ വിപണിയിൽ എത്തുമെന്ന് കരുതപ്പെടുന്ന ഈ മോഡലിന്റെ പല വിവരങ്ങളും നേരത്തെ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ എല്ലാവരും പ്രതീക്ഷയോടെയാണ് ഈ മോഡലിനെ നോക്കി കാണുന്നത്.
ഈ ഫോണിന്റെ ഇതുവരെ ലഭ്യമായ എല്ലാ വിവരങ്ങളും നമുക്ക് ഒന്ന് പരിശോധിക്കാം. പിക്‌സൽ 8എ 6.1 ഇഞ്ച് സ്‌ക്രീനുമായാണ് വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്, ഇത് ഫോണിനെ മറ്റ് വലിയ സ്‌ക്രീൻ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ നിന്ന് തികച്ചും വേറിട്ട് നിർത്തുന്നതാണ്. എന്നാൽ അതിന്റെ ക്വാളിറ്റിയിൽ ഉൾപ്പെടെ ഒരു കുറവും ഗൂഗിൾ വരുത്താൻ ഇടയില്ല.
കൂടാതെ പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവ പോലെ, വരാനിരിക്കുന്ന പിക്‌സൽ 8 എയും ഗൂഗിളിന്റെ മുൻനിര ഇൻ-ഹൗസ് പ്രോസസറായ ടെൻസർ ജി3 ആണ് നൽകുന്നത്. അത് ഫോണിനെ കൂടുതൽ കരുത്തുറ്റ ഒന്നാക്കി മാറ്റുമെന്നാണ് വിലയിരുത്തൽ.
ഒബ്‌സിഡിയൻ, പോർസലൈൻ, ബേ, മിന്റ് എന്നിവയുൾപ്പെടെ പുതിയ നിറങ്ങളിൽ പിക്‌സൽ 8 എ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ് പോലെ തോന്നിക്കുന്ന ഒരു പ്ലാസ്‌റ്റിക് അല്ലെങ്കിൽ പോളികാർബണേറ്റ് ബാക്ക് ഉപയോഗിച്ച് ഉൾപ്പെടുത്തിയ ഒരു മെറ്റൽ ഫ്രെയിം ഫോണിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഈ പറഞ്ഞതൊക്കെ ചെറുത്, ഇനിയുമുണ്ട് ഗൂഗിളിന്റെ കിടിലൻ ഫീച്ചറുകൾ. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ടാകും.
64 എംപി പ്രൈമറി സെൻസറും 13 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഗൂഗിൾ പിക്‌സൽ 8 എയിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. സെൽഫി ക്യാമറയും 13 എംപി സെൻസറിലേക്ക് അപ്ഗ്രേഡ് ചെയ്തേക്കും. നിലവിൽ വിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല.












Click it and Unblock the Notifications