ഇനി ഗൂഗിളിന്റെ ആറാട്ട്; ഈ തട്ടുപൊളിപ്പൻ സ്‍മാർട്ട്ഫോൺ എത്തുക കിടിലൻ ഫീച്ചറുകളുമായി, ഞെട്ടിക്കും
രാജ്യത്തെ സ്‍മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ കമ്പനിയാണ് ഗൂഗിൾ. തങ്ങളുടെ പ്രവർത്തന മേഖലയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് മൊബൈൽ ഫോൺ നിർമ്മാണത്തിലേക്ക് കൂടി സ്വാധീനം വ്യാപിപ്പിച്ച അവർ പുതിയ മോഡലുകളുമായി കളം പിടിക്കുന്ന കാഴ്‌ചയാണ് നാം പിന്നീട് കണ്ടത്.
അതിൽ പലതും ജനപ്രിയ മോഡലുകളായിരുന്നു എന്നതും ചരിത്രം. എന്നാൽ ഇപ്പോൾ അവരുടെ പിക്‌സൽ സീരീസിനെ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് കൊണ്ട് ഗൂഗിൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലായ ഗൂഗിൾ പിക്‌സൽ 8എയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രചരിക്കുന്നവാർത്തകൾ ശരിയാവുകയാണെങ്കിൽ ഗൂഗിൾ ഒരുങ്ങി തന്നെയാണ് വരുന്നത്.

ഗൂഗിളിന്റെ ഏറ്റവും വലിയ വാർഷിക ഡെവലപ്പർ കൂട്ടായ്‌മ പരിപാടിയായ ഐ/ഒയിൽ ഇതിന്റെ ലോഞ്ചിംഗ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറക്കിയ പിക്‌സൽ 8 മോഡലിന്റെ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി വകഭേദം ആയിരിക്കും പിക്‌സൽ 8എ എന്നാണ് ലഭ്യമായ വിവരം.
മുൻ റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ പിക്‌സൽ 8 എയിൽ 4500 എംഎഎച്ച് ബാറ്ററിയും കമ്പനിയുടെ ടെൻസർ ജി 3 ചിപ്‌സെറ്റും ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. പിക്‌സൽ 8എ അടുത്ത മാസം നടക്കുന്ന ചടങ്ങിൽ നാല് കളർ ഓപ്‌ഷനുകളോടെ വിപണിയിൽ ഇറക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.
ബേ (നീല), മിന്റ് (പച്ച), ഒബ്‌സിഡിയൻ (കറുപ്പ്), പോർസലൈൻ (വെളുപ്പ്) കളർ ഓപ്‌ഷനുകളിലാവും ഈ ഫോൺ ലഭ്യമാവുക. കൂടാതെ പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗൂഗിൾ പിക്‌സൽ 8 മോഡലുമായി നിരവധി സമാനതകൾ ഇതിനുണ്ടാവും എന്നാണ്. കളർ ഓപ്‌ഷനുകളിൽ ഉൾപ്പെടെ ഇവ സമാനത പുലർത്തിയേക്കും എന്നാണ് സൂചന.
നേരത്തെ ഫോണുമായി ബന്ധപ്പെട്ട ഒരു ലൈവ് ഇമേജ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ലീക്കായ ചിത്രം അനുസരിച്ച്, ഫോണിന്റെ പിൻ പാനലിൽ പിക്‌സൽ 8ന് സമാനമായ പിൻ ക്യാമറ മൊഡ്യൂൾ ആയിരിക്കും കമ്പനി ഒരുക്കുക, കൂടാതെ പിൻ പാനലിന് പിക്‌സൽ 7എയിൽ നിന്ന് വ്യത്യസ്‌തമായി മാറ്റ് ഫിനിഷ് ആയിരിക്കും ഉണ്ടാവുക.
പിക്‌സൽ 8എയിൽ പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുന്ന അതേ ടെൻസർ ജി 3 ചിപ്പിനൊപ്പം 8 ജിബി റാം കൂടി അവതരിപ്പിച്ചേക്കും. 6.1-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്‌സലുകൾ) ഒഎൽഇഡി പാനലും 1,400 നിറ്റ് പീക്ക് എച്ച്ഡിആർ തെളിച്ചവും ഫോണിന് നൽകുമെന്ന് പറയപ്പെടുന്നു. മുൻ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്‌തമായി ഫോണിൽ ഒരു 5000 mAh ബാറ്ററി ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പികുന്നുണ്ട്.












Click it and Unblock the Notifications