ആപ്പിളിനെ അടിച്ചുവീഴ്ത്താൻ ഒരുമുഴം മുന്നേ ഗൂഗിൾ; പിക്‌സൽ 9 വിപണിയിലേക്ക്, ഫീച്ചറുകൾ വേറെ ലെവൽ
ഈ വർഷം ആദ്യം തന്നെ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ നീണ്ട നിര വിപണിയിൽ എത്തിയത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ വ്യത്യസ്‌തമാണ്. ആപ്പിൾ ഒരു ഈസി വാക്കോവർ പ്രതീക്ഷിച്ചു കൊണ്ടാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെ അത് എളുപ്പമാവില്ല എന്നാണ് ഏറ്റവും പുതിയൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മുഖ്യ ശത്രുവായ സാംസങ്ങോ, എതിരാളിയായ ഉയർന്നു വരുന്നോ വൺ പ്ലസോ ഒന്നുമല്ല ഇത്തവണ ആപ്പിളിന്റെ വഴിമുടക്കാൻ വരുന്നത്, സാക്ഷാൽ ഗൂഗിൾ തന്നെയാണ്. ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം മോഡലായ പിക്‌സൽ 9 അണിയറയിൽ ഒരുക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ വിപണിയിൽ അവതരിപ്പിക്കേണ്ട കൃത്യ സമയം ഇപ്പോഴാണ് അവർ മനസിലാക്കിയത്.

വരുന്ന ആഗസ്‌റ്റ് 13ന് ഗൂഗിൾ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് ഒരു മാസത്തിനുള്ളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സാരം. അവിടെയാണ് ആപ്പിളിന് നല്ലൊരു തിരിച്ചടി ഇരിക്കുന്നത്. സെപ്റ്റംബറിലാണ് സാധാരണഗതിയിൽ ആപ്പിൾ തങ്ങളുടെ ലോഞ്ച് ടൈംലൈൻ നിശ്ചയിക്കാറുള്ളത്. അതിന് മുൻപ് തന്നെ പുത്തൻ മോഡലുമായി ഗൂഗിൾ എത്തുമ്പോൾ കാര്യമായ മത്സരം നടക്കുമെന്ന് ഉറപ്പാണ്.
ഈ വർഷം ഗൂഗിളിന്റെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് ഓഗസ്‌റ്റ് 13ന് നടക്കുന്ന ആനുവൽ മേഡ് ബൈ ഗൂഗിൾ പരിപാടിയിലൂടെ ആവും ഫോണിന്റെ ലോഞ്ച്. സാധാരണ ഗതിയിൽ ഈ ഇവന്റ് നടക്കാറുള്ളത് ഒക്ടോബറിലാണ്, എന്നാൽ ഐഫോൺ 16 ഷെഡ്യൂൾ ഉണ്ടാവുമെന്ന കണക്ക് കൂട്ടലിൽ ഗൂഗിൾ പരിപാടി നേരത്തെ ആക്കുകയായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഈ വർഷത്തെ പരിപാടിയിൽ എഐ സെഗ്‌മെന്റിൽ ഗൂഗിളിന്റെ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, ഗൂഗിൾ അതിന്റെ എഐ ചാറ്റ്ബോട്ട് ജെമിനി അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ വിവിധ മോഡലുകളിൽ എഐയുടെ വരവും ഉറപ്പാക്കിയിരുന്നു.
ഗൂഗിൾ പിക്‌സൽ 9 ഫീച്ചറുകൾ
ഗൂഗിൾ പിക്‌സൽ 9 സീരീസ് മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ഡിസൈൻ, പെർഫോമൻസ്, എന്നിവയിൽ കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കുമെന്നാണ് സൂചന. പിക്‌സൽ 9 പ്രോ മോഡലുകൾ രണ്ട് വലുപ്പങ്ങളിൽ ലഭ്യമായേക്കാം: 6.1-ഇഞ്ച് സ്‌റ്റാൻഡേർഡ് മോഡലും, 6.7-ഇഞ്ച് എക്‌സ്എൽ മോഡലും, ഉയർന്ന പുതുക്കൽ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന ഒഎൽഇഡി ഡിസ്പ്ലേകളാവും ഇവയിൽ ഒരുക്കുക.
പിക്‌സൽ 9 പ്രോ കറുപ്പ്, വെളുപ്പ്, പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സാംസങ്ങുമായി സഹകരിച്ച് വികസിപ്പിച്ച ഗൂഗിളിന്റെ കസ്‌റ്റം ടെൻസർ ജി4 ചിപ്പിലാണ് പിക്‌സൽ 9 സീരീസ് പ്രവർത്തിക്കുക എന്നാണ് സൂചന. ഈ ചിപ്പ് മെച്ചപ്പെട്ട പ്രകടനവും കൂടുതൽ എഐ സവിശേഷതകളും വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications