സ്‍മാർട്ട് ഫോൺ മാർക്കറ്റിലേക്ക് ഗൂഗിളിന്റെ രാജകീയ എൻട്രി ഉടൻ; പിക്‌സൽ 9 ക്യാമറ കണ്ണഞ്ചിപ്പിക്കും
ഇന്ത്യൻ മാർക്കറ്റിൽ കുറഞ്ഞ മോഡലുകൾ കൊണ്ട് തന്നെ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയെടുത്ത ബ്രാൻഡാണ് ഗൂഗിൾ. ഒരു പരിചയപ്പെടുത്തലിന്റെ പോലും ആവശ്യമില്ലാതെയാണ് അവർ എത്തിയതെന്ന് മാത്രം. എന്നാൽ ഇപ്പോൾ ഗൂഗിളിന്റെ ഓരോ മോഡലിനെ കുറിച്ചുമുള്ള പ്രഖ്യാപനവും അഭ്യൂഹങ്ങളും ഒക്കെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
അങ്ങനെ വളരെയധികം ഉപയോക്‌താക്കൾ കാത്തിരിക്കുന്ന ഗൂഗിളിന്റെ ഒരു മുൻനിര മോഡലാണ് പിക്‌സൽ 9. വരുന്ന ഓഗസ്‌റ്റ് 13-ന് ഗൂഗിൾ പിക്‌സൽ 9 സ്‌മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ തന്നെ ഈ മോഡലുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങളും പുറത്തുവരികയും ഫീച്ചറുകളെ കുറിച്ചുള്ള സൂചന ലഭിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലീക്കായത്. ഫ്രണ്ട് ഫേസിംഗ് ക്യാമറകളും പ്രധാന ക്യാമറകളും എങ്ങനെ ആയിരിക്കുമെന്ന സൂചനകൾതന്നുകൊണ്ടാണ് വിവരങ്ങൾ ലീക്കായിരിക്കുന്നത്, പ്രൈമറി സെൻസർ പിക്‌സൽ 8 സീരീസിലേത് പോലെ തന്നെ തുടരുമെന്ന് തന്നെയാണ് ലഭ്യമായ വിവരം. സെൻസറുകൾ പഴയത് പോലെ വീണ്ടും സോണിയോ സാംസങ്ങോ ആയിരിക്കും നിർമ്മിക്കുക.
പ്രോ ഡ്യുവോയ്ക്ക് മുന്നിലും പിന്നിലും 50 എംപി IMX858 സെൻസർ ആയിരിക്കും ലഭിക്കുക. അൾട്രാ-വൈഡ് ആംഗിൾ ഷോട്ടുകൾക്ക് ഉത്തരവാദിയായ സൂപ്പർ-ഓൾഡ് IMX386 പുതിയ മോഡലിൽ ഇല്ലാതാവുമെന്ന് ചുരുക്കം. അതായത് ഇമേജ് റെസല്യൂഷനിലും വലുപ്പത്തിലും വലിയ മാറ്റം പ്രതീക്ഷിക്കാം. കൗതുകകരമെന്നു പറയട്ടെ, പിക്‌സൽ 9 പ്രോ, പ്രോ എക്‌സ്എൽ എന്നിവയ്ക്ക് പുതിയ ടെലിഫോട്ടോ സെൻസർ ലഭിക്കുന്നു, അതേസമയം ഫോൾഡ് പഴയ സെൻസറിൽ തന്നെയാവും തുടരുക.
പിക്‌സൽ 9 പ്രോ കറുപ്പ്, വെളുപ്പ്, പച്ച, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സാംസങ്ങുമായി സഹകരിച്ച് വികസിപ്പിച്ച ഗൂഗിളിന്റെ കസ്‌റ്റം ടെൻസർ ജി4 ചിപ്പിലാണ് പിക്‌സൽ 9 സീരീസ് പ്രവർത്തിക്കുക എന്നാണ് സൂചന. ഈ ചിപ്പ് മെച്ചപ്പെട്ട പ്രകടനവും കൂടുതൽ എഐ സവിശേഷതകളും വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇത് കൂടാതെ ഗൂഗിൾ ഒടുവിൽ 8കെ വീഡിയോ റെക്കോർഡിംഗുകൾ പ്രവർത്തനക്ഷമമാക്കിയേക്കുമെന്നും ചില ലീക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ മുൻനിര ഫോണുകളെ അപേക്ഷിച്ച് നാല് പിക്‌സൽ 9 ഫോണുകളും യൂറോപ്പിൽ കൂടുതൽ ചെലവേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിന് നാല് ആഴ്‌ചകൾ കൂടിയുണ്ട്, എന്നതിനാൽ കൂടുതൽ വിവരങ്ങൾ വൈകാതെ വരുമെന്നാണ് സൂചന.
ഈ വർഷം ഗൂഗിളിന്റെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് ഓഗസ്‌റ്റ് 13ന് നടക്കുന്ന ആനുവൽ മേഡ് ബൈ ഗൂഗിൾ പരിപാടിയിലൂടെ ആവും ഫോണിന്റെ ലോഞ്ച് എന്നാണ് ലഭ്യമായ വിവരം. സാധാരണ ഗതിയിൽ ഈ ഇവന്റ് നടക്കാറുള്ളത് ഒക്ടോബറിലാണ്. എന്നാൽ ഇത്തവണ നേരത്തേയാക്കാനാണ് ഗൂഗിൾ തീരുമാനം. പിക്‌സൽ 9 സീരീസിലെ നാല് ഫോണുകൾ ഇതിൽ രംഗത്ത് കൊണ്ട് വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനായി കാത്തിരിപ്പിലാണ് ഉപയോക്താക്കൾ.


Click it and Unblock the Notifications