മാട്രിമോണി അടക്കം പ്ലേസ്റ്റോറിന് പുറത്ത്, ഗൂഗിളിന്റെ എട്ടിന്റെ പണി; പ്രശ്‌നമായത് ഇക്കാര്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആപ്പുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗൂഗിള്‍. പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ തോതില്‍ വളരുന്ന ഇന്ത്യയിലെ ആപ്പുകള്‍ക്കെതിരെ ഇത്തരം നടപടിയെടുത്തതില്‍ വന്‍ വിവാദവും പുകയുകയാണ്.
ഭാരത് മാട്രിമോണി, നൗകരി പോലുള്ള പ്രമുഖ ആപ്പുകളെയാണ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്. ഗൂഗിളും ഈ ആപ്പുകളുടെ കമ്പനികളും തമ്മിലുള്ള പേമെന്റിലെ തര്‍ക്കമാണ് നടപടിക്ക് കാരണമാണ്. ഇന്‍ ആപ്പ് പേമെന്റായി 11 ശതമാനം മുതല്‍ 26 ശതമാനം വരെ ഗൂഗിള്‍ ഈടാക്കുന്നതാണ് ഈ തര്‍ക്കത്തിന് കാരണം. എന്നാല്‍ ഗൂഗിള്‍ ഈ തീരുമാനത്തിനോട് വഴങ്ങിയിട്ടില്ല.

അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ദീര്‍ഘകാലമായി ഗൂഗിളിന്റെ ഈ പേമെന്റ് രീതിയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്. തീര്‍ത്തും അന്യായമായിട്ടാണ് ഗൂഗിള്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്ന് ഇന്ത്യന്‍ ആപ്പുകള്‍ പറയുന്നു. എന്നാല്‍ ഇതിന് കൃത്യമായ മറുപടിയും ഗൂഗിള്‍ നല്‍കുന്നു. ആന്‍ഡ്രോയിഡിന്റെയും, പ്ലേറ്റ്‌സ്റ്റോറിന്റെയും വികസനത്തിനും, പ്രമോഷനും ഈ ഫീസ് ആവശ്യമാണെന്ന ഗൂഗിള്‍ പറയുന്നു.
അതേസമയം ഗൂഗിള്‍ ഇതുവരെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയ ആപ്പുകളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. ഭാരത് മാട്രിമോണി, ട്രൂലി മാഡ്‌ലി, ക്വാക് ക്വാക്, സ്‌റ്റേജ്, കുക്കു എഫ്എം എന്നിവയാണ് ഇന്നലെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയത്. ഇവ പക്ഷേ തിരിച്ചെത്തിയിട്ടുണ്ട്. ജീവന്‍സതി.കോം, 99 എക്കേഴ്‌സ്, നൗക്കരി.കോം എന്നിവയാണ് ആപ്പില്‍ നിന്ന് നീക്കിയ മറ്റ് ആപ്പുകള്‍. ഇത് ആദ്യമായിട്ടല്ല ഇന്ത്യന്‍ കമ്പനികളുമായി ഗൂഗിള്‍ കൊമ്പുകോര്‍ക്കുന്നത്.
2020ല്‍ പേടിഎമ്മിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കിയിരുന്നു. പോളിസികളുടെ ലംഘനത്തെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യയില്‍ ഗൂഗിളിന് വിപണിയില്‍ വലിയ ആധിപത്യമുണ്ട്. രാജ്യത്തെ 94 ശതമാനം ഫോണുകളും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറിന് പുറത്തായാല്‍ സര്‍വീസുകള്‍ ആന്‍ഡ്രോയിഡ് ലഭ്യമാവില്ല.
ഇത് കമ്പനികള്‍ക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കും. അതേസമയം ഗൂഗിളില്‍ നിന്ന് ഇളവ് പ്രതീക്ഷിക്കുന്നുണ്ട് കമ്പനികള്‍. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ഐടി മന്ത്രി അശ്വിനി വൈഷണവ് ഗൂഗിള്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് യോഗം. വേഗത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗൂഗിളിന്റെ സമീപനം ന്യായമായതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ലോകത്തെ തന്നെ വലിയ, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഉള്ളത്. ഓരോ ഉല്‍പന്നങ്ങളുടെയും താല്‍പര്യത്തിന് അത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ പേമെന്റിനെ ഗൂഗിള്‍ നല്ല രീതിയില്‍ സ്വീകരിച്ചതാണ്. ഇക്കാര്യത്തിലും ഗൂഗിള്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications