ഒരു കിലോ ആപ്പിളിന് ഇതിലും വില ഉണ്ടാവുമല്ലോ; ഐഫോൺ 15 പ്ലസ് ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും, എത്ര?
ആപ്പിൾ രംഗത്തിറക്കുന്ന മോഡലുകൾക്ക് ഏത് കാലത്തും ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ വർഷം പുറത്തിരിക്കിയ അവരുടെ ഏറ്റവും ലേറ്റസ്‌റ്റ് മോഡൽ എന്ന് ഇപ്പോഴും വിശേഷിപ്പിക്കാൻ കഴിയുന്ന ഐഫോൺ 15 സീരീസിന്റെ കാര്യവും ഒട്ടും വ്യത്യസ്‌തവുമല്ല. ഇറങ്ങിയിട്ട് ഒരു വർഷം ആവുമ്പോഴും ഈ ഫോൺ അതേപടി വിപണിയിൽ കരുത്ത് കാട്ടുന്നുണ്ട്. അതിന്റെ ഫീച്ചറുകളും മറ്റ് സവിശേഷതകളും തന്നെയാണ് അതിന്റെ പ്രധാന കാരണം.
എന്നാൽ ഈ കാര്യങ്ങൾക്ക് ഒന്നും അധികം ആയുസ് ഉണ്ടാവില്ലെന്നാണ് ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. അതിന്റെ കാരണം ദിവസങ്ങൾക്കുള്ളിൽ തന്നെ വിപണിയിൽ രംഗപ്രവേശം ചെയ്യാനിരിക്കുന്ന ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടർ ഐഫോൺ 16 സീരീസിന്റെ വരവായിരിക്കും. ഇത് വരുന്നതോടെ മുൻഗാമിയായ ഐഫോൺ 15 സീരീസ് ഒന്ന് പിൻവലിയും എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ആപ്പിൾ ഐഫോൺ 15 സീരീസിലെ താരതമ്യേന കരുത്തനായ ഒരു മോഡലിന് വലിയ വിലക്കുറവാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. ആപ്പിൾ ഐഫോൺ 15 പ്ലസ് ആണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്ന മോഡൽ. ഇ കൊമേഴ്‌സ് ജയന്റുകളായ ആമസോണിലാണ് ഈ ഫോണിന് കാര്യമായ വിലക്കുറവ് നമുക്ക് കാണാൻ കഴിയുക. എന്തൊക്കെയാണ് ഈ ഓഫറുകൾ എന്ന് പരിശോധിക്കാം.
ആപ്പിൾ ഐഫോൺ 15 പ്ലസ് ഓഫറുകൾ
ശരിക്കും 89,900 രൂപ വിലയുള്ള ഐഫോൺ 15 പ്ലസ് ഇപ്പോൾ ആമസോണിൽ കൂടുതൽ താങ്ങാവുന്ന വിലയിൽ ലഭ്യമാണ്. അതിൽ നേരിട്ടുള്ള ഡിസ്‌കൗണ്ടുകൾ, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ കൂടി ഉൾപ്പെടുന്നു. 11 ശതമാനം കിഴിവ് നൽകിയതോടെ ഇതിന്റെ വില 79,999 രൂപയായി കുറയുന്നു. എന്നാൽ ആപ്പിളിന്റെ മുൻനിര മോഡലിന് നൽകിയിരിക്കുന്ന ഓഫറുകളുടെ കാര്യത്തിൽ ആമസോൺ അവിടെ നിർത്താൻ തയ്യാറായില്ല.
തങ്ങളുടെ പഴയ ഫോൺ നല്ല നിലയിൽ പ്രവർത്തിക്കുന്നതാണെങ്കിൽ ഉപഭോക്താക്കൾക്ക് 58,700 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ ലഭ്യമാവും എന്നത് പ്രത്യേകം ഓർക്കണം. ഇത് ഐഫോൺ 15 പ്ലസ് മോഡലിന്റെ വില ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ ആസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3999 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ട് കൂടി ആസ്വദിക്കാം, അങ്ങനെ ഫോണിന്റെ ആകെ വിലയിൽ വൻ കുറവ് ഉണ്ടാക്കിയെടുക്കാം.
പ്രസ്‌തുത ഓഫറുകളും കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 17,300 രൂപ എന്ന അതിശയകരമായ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ കഴിയും. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന എക്സ്ചേഞ്ച് ഓഫറിൽ നിങ്ങളുടെ ഫോണിന്റെ നിലവിലെ അവസ്ഥ, അതിന്റെ റീസെയിൽ വാല്യൂ എന്നിവ കൂടി പരിഗണിച്ച ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക.
ഐഫോൺ 15 പ്ലസ്
ഐഫോൺ 15 പ്ലസ് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയോട് കൂടിയാണ് ആപ്പിൾ വിപണിയിൽ അവതരിപ്പിച്ചത്. എ16 ബയോണിക് ചിപ്പ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഐഫോൺ 15 പ്ലസ് അസാധാരണമായ പ്രകടനവും കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു മോഡലാണ്. ഫോണിലെ ക്യാമറ സംവിധാനവും താരതമ്യേന മറ്റ് പല ഫോണുകളെയും കടത്തിവെട്ടുന്നതാണ്.
ഇതിലെ പുതിയ 48എംപി മെയിൻ സെൻസർ ഫോട്ടോയുടെയും വീഡിയോയുടെയും ഗുണനിലവാരം കാര്യമായി ഉയർത്തുന്നുണ്ട്, പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചത്തിൽ. കൂടാതെ അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകൾ കൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയിലും ചില പരിഷ്‌കാരങ്ങൾ കമ്പനി കൊണ്ട് വന്നിരുന്നു. യുഎസ്ബി ടൈപ്പ് സി ചാർജർ എന്ന മാറ്റവും ഈ ഫോണിലുണ്ട്.












Click it and Unblock the Notifications