സാംസങും ആപ്പിളും നേർക്കുനേർ മുട്ടിയ വർഷം; 2023ലെ ഏറ്റവും മികച്ച ഫോണുകൾ ഇവയൊക്കെ...
ടെക് ലോകത്ത് അഭൂതപൂർവമായ മാറ്റങ്ങൾ നടന്ന മറ്റൊരു വർഷം കൂടി കഴിയുകയാണ്. ചാറ്റ്ജിപിടിയുടെ ജനപ്രീതി വർധിച്ചത് മുതൽ എഐയുടെ ദോഷഫലങ്ങൾ മറനീക്കി പുറത്തു വന്നത് വരെ ടെക് ലോകത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. സ്‍മാർട്ട്ഫോൺ വിപണിയെയും ഈ മാറ്റങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന ബജറ്റ് ഫോണുകൾ ആയാലും, പ്രീമിയം സെഗ്‌മെന്റിലെ പകരക്കാരില്ലാത്ത ഫോണുകൾ ആയാലും ഈ വർഷം എല്ലാ വിഭാഗം ഉപയോക്താക്കളെയും തൃപ്‌തിപ്പെടുത്തുന്ന മോഡലുകളാണ് വിപണിയിൽ എത്തിയത്. ആപ്പിളും സാംസങും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളുമായി ഏറ്റുമുട്ടിയ ഒരു വർഷം കൂടിയാണിത്, അറിയാം 2023ലെ ഏറ്റവും മികച്ച സ്‍മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന്.

സാംസങ് ഗ്യാലക്‌സി അൾട്രാ
സാംസങ് ഗാലക്‌സി എസ് 23 അൾട്രാ ഈ വർഷത്തെ ഏറ്റവും മികച്ച സ്‍മാർട്ട്ഫോണുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. കഴിഞ്ഞ മോഡലിൽ നിന്നും ഡിസൈനിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും വരുത്തുയിട്ടില്ലെങ്കിലും ഫോൺ എല്ലാം കൊണ്ടും ഉപയോക്താക്കൾക്ക് പുതിയൊരു അനുഭവം പ്രദാനം ചെയ്യുന്നു. 200എംപി പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. 6.8-ഇഞ്ച് സൂപ്പർ അമോലെഡ് QHD+ ഡിസ്‌പ്ലേ ഫോണിൽ നൽകിയിട്ടുണ്ട്. ഒരു എസ്-പെനും 5,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. നിലവിൽ 98,960 രൂപയാണ് ഫോണിന്റെ വില.
ആപ്പിൾ ഐഫോൺ 15 പ്രോ മാക്‌സ്
ഐഫോൺ 15 പ്രോ മാക്‌സ് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഗ്രേഡുകളിലൊന്നായ, ടൈപ്പ്-സി പോർട്ട് അവതരിപ്പിച്ച ആദ്യ മോഡലുകളിൽ ഒന്നാണ്. പ്രകടനത്തിലും ഡിസ്‌പ്ലേയുടെ കാര്യത്തിലും ഈ ഫോൺ തിളങ്ങുന്നു. കൂടാതെ മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താൻ കഴിവുള്ള ക്യാമറകളുമുണ്ട് ഈ ഫോണിൽ. മറുവശത്ത്, ചാർജിംഗ് ഇപ്പോഴും വേഗത കുറഞ്ഞതാണ് എന്ന ന്യൂനത ഉണ്ടെങ്കിലും പ്രീമിയം സെഗ്‌മെന്റിൽ ഈ ഫോൺ രാജാവ് തന്നെയാണ്. നിലവിൽ ഈ ഫോണിന്റെ വില 1,06,999 രൂപയാണ്.
ഗൂഗിൾ പിക്‌സൽ 8 പ്രോ
ഗൂഗിൾ പിക്‌സൽ 8 പ്രോ അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഫോണാണ് എന്നത് ഉപയോക്താക്കൾ തന്നെ സമ്മതിച്ച കാര്യമാണ്. അടിപൊളി ഡിസ്‌പ്ലേയുംഎഐ ക്യാമറ സവിശേഷതകളും നൽകിയിരിക്കുന്ന ഫോൺ നിങ്ങൾക്ക് വലിയൊരു മുതൽകൂട്ടാവും. ഇതിലെല്ലാം ഉപരിയായി, ഗൂഗിൾ 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.
വിവോ എക്‌സ് 90 പ്രോ
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9200 പ്രൊസസർ, 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവ ലഭിക്കുന്ന ഈ വർഷത്തെ മറ്റൊരു മികച്ച സ്‌മാർട്ട്‌ഫോണാണ് വിവോ എക്‌സ് 90 പ്രോ. 50 എംപി പ്രൈമറി ക്യാമറയും 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ട് ഫോണിൽ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, 5ജി കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം വ്യത്യസ്‌തമായ ഡിസൈനും ഫോണിനുണ്ട്. 4870mAh ബാറ്ററിയാണ് ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. 72,989 രൂപയോളമാണ് ഇപ്പോഴത്തെ ഈ മോഡലിന്റെ വില.
ഷവോമി 13 പ്രോ
ഷവോമി 13 പ്രോ ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ഫ്ലാഗ്‌ഷിപ് ഫോണാകാനുള്ള ഓട്ടത്തിലാണ്. സ്‌റ്റെല്ലർ 50എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ക്യാമറ സവിശേഷത വളരെ മികച്ചതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 4,800mAh ബാറ്ററിയാണ് ഈ ഫോണിൽ ഷാവോമി ഉൾപ്പെടുത്തിയത്. പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഫോണിന്റെ കരുത്ത്. 74,990 രൂപയാണ് ഇതിന്റെ വില.












Click it and Unblock the Notifications