ആപ്പിൾ മാസാണ് മക്കളേ..; ഐഫോൺ 16 വെറും 54900 രൂപയ്‌ക്ക് വാങ്ങാം? ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇങ്ങനെ
ഒരു വർഷത്തെ ദൈർഘ്യമേറിയ കാത്തിരിപ്പിന് ഒടുവിലാണ് ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഫോൺ നിർമ്മാണ കമ്പനികളിൽ ഒന്നായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 വിപണിയിൽ അവതരിപ്പിച്ചത്. എങ്കിലും ഇതുവരെയും ഫോണിന്റെ ഔദ്യോഗിക വിൽപ്പന ആരംഭിച്ചിട്ടില്ല. നിലവിൽ പ്രീ ബുക്കിംഗ് മാത്രമാണ് നടക്കുന്നത്.
ഐഫോൺ 16 വന്നതിന് പിന്നാലെ അതിന്റെ മുൻഗാമിയായ ഐഫോൺ 15യ്ക്ക് ഉൾപ്പെടെ കാര്യമായ വിലക്കുറവ് പ്രകടമായിരുന്നു. ഇത് കൂടാതെ ആമസോൺ, ഫ്ലിപ്‌കാർട്ട് പോലെയുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകൾ കുറഞ്ഞ വിലയിൽ ഫോണുകൾ ഉൾപ്പെടെ വിൽക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിൽ ആപ്പിളിന്റെ മുൻനിര മോഡലുകളും ഉൾപെടുന്നുണ്ട്.

എന്നാൽ ഏറ്റവും പുതിയ ഐഫോൺ 16 കുറഞ്ഞ വിലയിൽ പ്രീ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ താൽപര്യമുള്ള ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതിനായി മറ്റ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലേക്ക് ഒന്നും തന്നെ പോവേണ്ടതില്ല, ആപ്പിളിന്റെ ഔദ്യോഗിക സ്‌റ്റോറിൽ തന്നെയാണ് ഈ സേവനം ലഭ്യമാവുക. ഐഫോൺ 16 അടിസ്ഥാന വേരിയന്റിന് മികച്ച ഓഫറാണ് അതിൽ ലഭ്യമാവുക എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 16ന്റെ വില 79,900 രൂപ മുതലും ഐഫോൺ 16 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഉയർന്ന മോഡലുകളായ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 1,19,900 രൂപയും 1,44,900 രൂപയുമാണ് വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
അതിൽ ആപ്പിളിന്റെ പുതിയ ബേസിക് മോഡലിന് എക്സ്ചേഞ്ച് ഓഫറുകളുടെ രൂപത്തിലാണ് വലിയ കിഴിവ് നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുക.
ഐഫോൺ 16 മോഡലിന് ലഭ്യമായ ഓഫർ ഇങ്ങനെ
ആപ്പിൾ ഐഫോൺ 16ന്റെ (128 ജിബി) വില നിലവിൽ 79,900 രൂപയാണ്. എന്നാൽ ഉപഭോക്താക്കൾക്ക് ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫർ വഴി ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആപ്പിൾ നൽകിയിരിക്കുന്നത്. മികച്ച നിലയിലുള്ള ഒരു പഴയ ഐഫോൺ 14നൽകിയാൽ ഉപഭോക്താക്കൾക്ക് 25,000 രൂപയുടെ കിഴിവാണ് ലഭിക്കുക. അതായത് ഫോണിന്റെ വില 54,900 രൂപയായി കുറയും.
ഐഫോൺ 16 ഫീച്ചറുകൾ
ഐഫോൺ 16 സീരീസിലെ പുതിയ എ18 ചിപ്പാണ് അവയ്ക്ക് കരുത്ത് പകരുന്നത്. കൂടാതെ മുൻ മോഡലിൽ നിന്ന് ചില ശ്രദ്ധേയമായ മാറ്റങ്ങൾ കൂടി കമ്പനി ഇക്കുറി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് പുതിയ സൈഡ് ബട്ടണുകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതിലൊന്ന് ക്യാമറ നിയന്ത്രിക്കാനുള്ള ബട്ടണും മറ്റൊന്ന് ആക്ഷൻ ബട്ടണുമാണ്. ഐഫോൺ 16യിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടെ കമ്പനി നൽകിയിട്ടുണ്ട്.
ഡിസൈനിലും ചില മാറ്റങ്ങൾ ഫോണിൽ കാണാവുന്നത്. അതിലൊന്നാണ് ക്യാമറ ഐലൻഡിന്റെ ക്രമീകരണം. ഐഫോൺ എക്‌സ്, എക്‌സ്ആർ, എക്‌സ്എസ്, 11, 12 എന്നിവയുടെ പിൻഭാഗത്ത് നൽകിയതിന് സമാനമായി സെൻസറുകളെ ലംബമായി വിന്യസിക്കുന്ന പുനർരൂപകൽപ്പന ചെയ്‌ത പിൻ ക്യാമറ അറേഞ്ച്മെന്റ് ആണ് ബേസ് വേരിയന്റുകളിൽ നൽകിയത്.












Click it and Unblock the Notifications