പതിനേഴാമൻ വരും മുൻപ് പതിനാറാമനെ വാങ്ങാം! ഐഫോൺ 16ന്റെ വില കേട്ടാൽ ഞെട്ടും, എത്ര കൊടുക്കണം?
ആരായാലും ഒരു ഐഫോണൊക്കെ വാങ്ങാൻ ആഗ്രഹിച്ചുപോകും. അതിൽ ഒരിക്കലും നമുക്ക് തെറ്റ് പറയാൻ കഴിയില്ല. എന്താണെന്ന് വച്ചാൽ പ്രധാനമായും ആപ്പിളിന്റെ ഫീച്ചറുകൾ ആരെയും മയക്കാൻ കെൽപുള്ളതാണ്. ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്ന ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ എന്നതിലുപരി പ്രൗഢിയുടെ കൂടി പ്രതീകമായാണ് പലരും ഈ ഫോണിനെയും കമ്പനിയെയും നോക്കി കാണുന്നത്.
2024ലെ കണക്കനുസരിച്ച്, ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ആപ്പിളിന്റെ വിഹിതം ഏകദേശം 4.1 ശതമാനം ആണ്, ഇത് 2023-ൽ 4.9 ശതമാനം എന്ന ഉയർന്ന നിലയിൽ നിന്ന് ചെറിയ കുറവാണ്. എങ്കിലും ആപ്പിൾ 2024-ൽ ഇന്ത്യയിൽ 12 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന് പറയുമ്പോഴാണ് അതിന്റെ വ്യാപ്‌തിയും ആഴവും മനസിലാക്കുക.

പണ്ടൊക്കെ ഐഫോൺ പലർക്കും കിട്ടാക്കനി ആയിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ആർക്കും വാങ്ങാവുന്ന ഫോണായി ഐഫോൺ മാറിയിരിക്കുന്നു. ഇഎംഐ പോലെയുള്ള സംവിധാനങ്ങളാണ് ഒരുപരിധിവരെ ഈ ഒരു നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് എന്ന് തന്നെ പറയാം. അല്ലായെങ്കിൽ ഇത്രയും ഉയർന്ന വിലയിൽ ഫോൺ വാങ്ങുക അസാധ്യമായേനെ.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഓഫറുകളെ കുറിച്ചാണ്. പലരെയും കമ്പനിയോട് കൂടുതൽ അടുപ്പിക്കുന്നതും ചേർത്ത് നിർത്തുന്നതും അവർ ഇടയ്ക്കിടെ കൊടുക്കുന്ന ഓഫറുകൾ മൂലമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ആപ്പിൾ സ്‌റ്റോറുകൾ മുഖേനയുള്ള നേരിട്ടുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ കൂടാതെ ഐഫോണുകൾ കൂടുതലായി ആളുകളിലേക്ക് എത്തുന്നത് രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ ആണ്.
അവരാവട്ടെ ഓരോ സമയത്തും വിവിധ ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. അടുത്തിടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് കൂടാതെ ബിഗ് ബില്യൺ സെയിൽ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ പോലെയുള്ളവ വരുന്നുണ്ട്. ഇപ്പോൾ ഐഫോൺ 17 വരും മുൻപ് മുൻ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ ഐഫോൺ 16 വാങ്ങാൻ സാധിക്കും. ഓഫറുകൾ എന്തൊക്കെ എന്നറിയാം.
ഐഫോൺ 16 ഡിസ്‌കൗണ്ട് ഓഫർ
128 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 16 ബേസ് മോഡൽ 79,900 രൂപയ്ക്ക് ലോഞ്ച് ചെയ്‌തിരുന്നു. എന്നാൽ നിലവിൽ ആമസോൺ ഈ ഡിവൈസിന് 12 ശതമാനം കിഴിവ് ഉൾപ്പെടെ 69,999 രൂപയ്ക്ക് ഉപഭോക്താക്കൾക്കായി നൽകുന്നു. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് ഇഎംഐ പലിശയിൽ 3,000 രൂപ വരെ ലാഭിക്കാവുന്ന നോ കോസ്‌റ്റ് ഇഎംഐ കൂടി ലഭ്യമാവും.
മറുവശത്ത് ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 16ന് 10 ശതമാനം കിഴിവോടെ 71,399 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 5 ശതമാനം ക്യാഷ്ബാക്ക് (4,000 രൂപ വരെ), ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 750 രൂപ വരെ എന്നിവയുൾപ്പെടെ നിരവധി ഡീലുകളും ഇതിനോടൊപ്പം ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകളിൽ 8 മുതൽ 10 ശതമാനം വരെ ക്യാഷ്ബാക്ക് കൂടി ലഭിക്കും.
ഐഫോൺ 16: ഫീച്ചറുകൾ
6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ OLED ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. കൂടാതെ, ഔട്ട്‌ഡോർ സാഹചര്യങ്ങളിൽ 2000 നിറ്റ്‌സ് പീക്ക് തെളിച്ചവും ഈ ഫോണിന് കിട്ടും. A18 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 16ന് ശക്തി നൽകുന്നത്. ഈ സ്‌മാർട്ട്‌ഫോണിൽ രണ്ട് ക്യാമറകളുണ്ട്, 48എംപി പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് സെൻസറും, മുൻ ക്യാമറയിൽ 12എംപി സെൻസറും നൽകിയതിനാൽ കാര്യങ്ങൾ എളുപ്പമാവും.












Click it and Unblock the Notifications