ആപ്പിളിന് ശരിക്കും കൊമ്പുണ്ടോ? ഓഫർ എന്ന് കേട്ടാൽ ആള് കൂടും, ഐഫോൺ 16 പ്രോ വിലക്കുറവിൽ എവിടെ കിട്ടും?
ഇന്ത്യൻ വിപണിയിൽ പല തരത്തിലുള്ള സെഗ്മെന്റിൽ പല മോഡൽ ഫോണുകൾ ഒരുപാടുണ്ട്. എങ്കിലും അതിൽ ചിലതിന് മാത്രം പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടാവും. ഒരുകാലത്ത് ഇവിടെ ആൻഡ്രോയിഡ് മോഡലുകൾ കിരീടം വയ്ക്കാത്ത രാജാക്കൻമാരെ പോലെ വാണിരുന്നു. സാംസങും ഷവോമിയും ഒപ്പോയും വിവോയും ഒക്കെ വമ്പൻ വിൽപ്പന കണക്കുകളുമായി വിപണി പിടിച്ചിരുന്ന ഒരു കാലം. അധികം വിദൂരമല്ല അതെന്ന് കൂടി ഓർക്കണം.
അന്നൊക്കെ ആപ്പിളിനും അവരുടെ മോഡലായ ഐഫോണിനും പ്രീമിയം എന്ന വിശേഷണവും അതിന് പറ്റിയ വിപണി സാഹചര്യവും ഒക്കെയായിരുന്നു. എന്നാൽ അവർക്ക് നഷ്‌ടപ്പെടാൻ ഒന്നും ഉണ്ടായിരുന്നില്ല, മറിച്ച് ഇന്ത്യൻ വിപണിയിൽ നിന്ന് നേടാൻ ഒട്ടേറെ ഉണ്ടായിരുന്നു. അത് കൃത്യമായി മനസിലാക്കിയ അമേരിക്കൻ ഭീമൻ തങ്ങളുടെ മുഴുവൻ പദ്ധതികളും പൊളിച്ചെഴുതുകയും ഇന്ത്യൻ വിപണിയിൽ മറ്റൊരു ഫോർമുല അവതരിപ്പിക്കുകയും ചെയ്‌തു.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ ചോദിച്ചു ചെല്ലുന്നത് ആപ്പിളിന്റെ ഫോണുകൾക്ക് തന്നെയാണ്. എല്ലാവർക്കും അറിയുന്നത് പോലെ ആപ്പിൾ ഫോണുകൾക്ക് മാത്രമായി ചില പ്രത്യേകതകൾ ഉണ്ട്. അവയുടെ പ്രൗഢി മാത്രമല്ല അത്, ഫീച്ചറുകളും വലിയൊരു ഘടകമാണ്. എത്ര വർഷം കഴിഞ്ഞാലും അതുപോലെ നിലനിൽക്കാൻ ശേഷിയുള്ള, കൃത്യമായ അപ്‌ഡേറ്റുകൾ ഉള്ള ആപ്പിൾ ഫോണുകൾ എന്നും പലരുടെയും സ്വപ്‌നമായി നിൽക്കുന്നു.
ഈ ഉത്സവ സീസണിൽ ആപ്പിളിന്റെ ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഒട്ടേറെയുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 16 സീരീസ്. സംഭവം പുതിയ മോഡൽ വിപണിയിൽ എത്തിയെങ്കിലും ഈ മുൻഗാമിക്ക് ആവശ്യക്കാർ ഏറെയാണ്. അതിൽ തന്നെ പ്രോ മോഡലുകൾക്ക് പ്രത്യേകിച്ചും. അങ്ങനെയുള്ളവർക്ക് ഈ മോഡൽ എവിടെ കുറഞ്ഞ വിലയിൽ കിട്ടുമെന്ന് നോക്കുകയാണ് നമ്മൾ.
ഐഫോൺ 16 പ്രോ: വിവിധ സൈറ്റുകളിലെ വിലയും ഓഫറുകളും
ഫ്ലിപ്‌കാർട്ട്: 256 ജിബി ഐഫോൺ 16 പ്രോ 1,04,999 രൂപയ്ക്ക് ഇ കൊമേഴ്‌സ് കമ്പനിയിൽ ലഭ്യമാണ്, ഇത് 1,19,900 ൽ നിന്ന് വളരെ കുറവാണ്. കൂടാതെ ഫ്ലിപ്‌കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4000 അധികമായി ലാഭിക്കാം. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോണിന്റെ അവസ്ഥയെ ആശ്രയിച്ച് 61,900 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കിട്ടും.
ക്രോമ: നിലവിൽ 256 ജിബി വേരിയന്റ് 1,13,490 രൂപയ്ക്ക് ക്രോമയിൽ വിൽക്കുന്നു, വിശ്വസനീയമായ റീട്ടെയിൽ അനുഭവം തേടുന്ന വാങ്ങുന്നവർക്ക് മിതമായ കിഴിവ് വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് ക്രോമ മുന്നോട്ട് പോവുന്നത്. അധിക ഓഫറുകൾ ഒന്നും ഇവിടെ ലഭ്യമല്ലെങ്കിലും ഇത് ഭേദപ്പെട്ട ഓപ്‌ഷൻ തന്നെയാണ് എന്നതാണ് യാഥാർഥ്യം.
വിജയ് സെയിൽസ്: 256 ജിബി മോഡലിനെ നിലവിൽ 1,14,900 രൂപയ്ക്ക് പട്ടികപ്പെടുത്തുന്നു, ഇഎംഐ ഇല്ലാതെ നടത്തുന്ന ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്ക് തൽക്ഷണം 5000 കിഴിവ് ലഭിക്കും. ഇതും ഭേദപ്പെട്ട ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ തർക്കം ഏതുമില്ല. കാർഡ് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയത് നേട്ടം ഇരട്ടിയാകും.
ബിഗ്ബാസ്‌ക്കറ്റ്: ഏറ്റവും രസകരമെന്നു പറയട്ടെ, 128 ജിബി ഐഫോൺ 16 പ്രോ 99,990 രൂപയ്ക്ക് ബിഗ് ബാസ്‌ക്കറ്റിൽ ലഭ്യമാണ്. ഇത് ഈ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും ബജറ്റ് സൗഹൃദ ഓപ്ഷനായി മാറുന്നു എന്നതാണ് വസ്‌തുത. എങ്കിലും കൂടുതൽ മെമ്മറി ആവശ്യകത ഉള്ള ആളുകൾക്ക് 256 ജിബി ഓപ്‌ഷൻ നേടാൻ പണം ഇത്തിരി കൂടി മുടക്കേണ്ടി വരുമെന്ന് മാത്രം.












Click it and Unblock the Notifications