ഐഫോൺ 16 മറന്നേക്കൂ; ഈ തകർപ്പൻ ഫീച്ചറുമായാവും ഐഫോൺ 17 എത്തുക, ഇത് നടന്നാൽ പൊളിക്കും...
ആപ്പിൾ ഫോണുകൾക്ക് എന്നും ആവശ്യക്കാർ ഏറെയാണ്. എന്ന് മാത്രമല്ല പലപ്പോഴും ആപ്പിൾ സ്‍മാർട്ട്ഫോണുകൾ ഒരു സ്‌റ്റാറ്റസ് സിംബൽ ആയും നമുക്കിടയിൽ മാറിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലായാലും, ക്യാമറ അടക്കമുള്ള മറ്റ് ഫീച്ചറുകളുടെ കാര്യത്തിലായാലും ആപ്പിളിനെ വെല്ലാൻ ആരുമില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ വിപണിയിൽ അപ്രമാദിത്തം തുടരുന്ന കമ്പനി ഓരോ വർഷവും പുതിയ മോഡലുകൾ പുറത്തിറക്കാറുണ്ട്.
മുറ പ്രകാരം അടുത്ത വർഷം സെപ്റ്റംബറോടെ ഐഫോൺ 16 വിപണിയിൽ എത്തേണ്ടതാണ്. അതിനെക്കുറിച്ചുള്ള റൂമറുകളും ചർച്ചകളും ഒക്കെ ഒരു ഭാഗത്ത് നടക്കുന്നുമുണ്ട്. പുതിയ മാറ്റങ്ങളോടെയാവും ഐഫോൺ എത്തുകയെന്നാണ് പലരും വിലയിരുത്തുന്നത്. എന്ന് മാത്രമല്ല ഐഫോൺ 15 മുതൽ ആ പ്രകടമായ മാറ്റങ്ങൾക്ക് തുടക്കമാവുകയും ചെയ്‌തിട്ടുണ്ട്. ടൈപ് സി ചാർജറിലേക്ക് ആപ്പിൾ മാറി തുടങ്ങിയതും അടുത്ത കാലത്താണ്.

ഇപ്പോഴിതാ ഐഫോൺ 16ന് മുൻപ് തന്നെ ഐഫോൺ 17നെ കുറിച്ചുള്ള വമ്പൻ അപ്‌ഡേറ്റാണ് വാർത്തകളിൽ നിറയുന്നത്. ഐഫോൺ 17 പ്രോ മാക്‌സിൽ 48 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ് അടങ്ങിയിരിക്കുമെന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഹൈറ്റോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
നിലവിൽ ഐഫോൺ 15 പ്രോ മോഡലുകൾക്ക് 48 മെഗാപിക്‌സൽ മെയിൻ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ്, 12 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസുകൾ ആണുള്ളത്. ഐഒഎസ് 17.2 മുതൽ, ഈ ഉപകരണങ്ങൾക്ക് വിഷൻ പ്രോയിൽ പ്ലേബാക്കിനായി 3ഡി ഡെപ്‌ത് ഉപയോഗിച്ച് സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യാനാകും എന്നതാണ് സവിശേഷത.
അതേസമയം, ഐഫോൺ 16 മോഡലുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ക്യാമറയിൽ ഉൾപ്പെടെ പരിഷ്‌കാരങ്ങളുമായാണ് ഫോൺ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്‍ഹാന്‍സ്ഡ് സൂം ക്യാമറ ഈ ഫോണിന് ഉണ്ടാവാമെന്നാണ് ആപ്പിള്‍ അനലിസ്റ്റ് മിംഗ് ചി കുവോ അവകാശപ്പെടുന്നത്. 15 പ്രോയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരിക്കും ഈ ഫീച്ചറുകളെന്നാണ് സൂചന.
നിലവിൽ വിപണിയിൽ മികച്ച പ്രകടനമാണ് ഐഫോൺ 15 കാഴ്‌ച വയ്ക്കുന്നത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ആപ്പിളിന്റെ ഏറ്റവും മികച്ച ഉത്പന്നമാണ് നിലവിൽ ഐഫോൺ 15 പ്രോ മാക്‌സ്. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ ഐഫോണിന്റെ പുത്തൻ തലമുറ ഫോണാണിത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിൽ കമ്പനി ഒരുക്കിയത്.












Click it and Unblock the Notifications