ആപ്പിൾ വില കുറച്ചാൽ പിന്നെ ആരായാലും വാങ്ങിപ്പോവും; ഐഫോൺ 17 പ്രോയ്ക്ക് 7000 രൂപ ലാഭം, വില എത്ര?
ആപ്പിളിനെ സംബന്ധിച്ച് മറ്റ് കമ്പനികളോട് മുട്ടി നിൽക്കാൻ കെൽപ്പുള്ള ഒട്ടേറെ മോഡലുകൾ അവരുടെ റാക്കിലുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രമേ ഫോൺ ലോഞ്ച് ചെയ്യുന്നുള്ളൂ എങ്കിലും അത് തന്നെ ആഘോഷമായിട്ടാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ചുരുങ്ങിയ മോഡലുകൾ മാത്രം വിൽക്കുന്ന ആപ്പിൾ ഇന്ത്യൻ വിപണിയിൽ ഉൾപ്പെടെ വലിയ മുന്നേറ്റമാണ് സൃഷ്ട്ടിച്ചിട്ടുള്ളത്. അതാണ് അവരുടെ ബ്രാൻഡ് വാല്യൂവിന്റെ ഉദാഹരണം.
പറഞ്ഞുവന്നത് ആപ്പിളിന്റെ മോഡലുകളെ കുറിച്ചാണ്. അടുത്തകാലത്തായി ഇറങ്ങിയ ഐഫോൺ 17 വരെ വിൽപ്പനയിൽ ഒരു മയവും കാട്ടിയിട്ടില്ല. ഈ സീരീസിൽ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ഐഫോൺ 17 പ്രോ. മാക്‌സ് മോഡലുകൾക്ക് തൊട്ട് താഴെയാണെങ്കിലും അവയ്‌ക്കൊപ്പമോ അതിലേറെയോ ആരാധകരുണ്ട് ഇവയ്ക്ക്. ഇപ്പോഴിതാ ഈ മോഡലിന് നല്ലൊരു ഓഫർ ലഭിക്കുകയാണ് വിജയ് സെയിൽസിൽ. എന്തൊക്കെയാണെന്ന് അറിയാം.

ഐഫോൺ 17 പ്രോ
ആപ്പിൾ ഐഫോൺ 17 പ്രോയുടെ 256 ജിബി ബേസ് മോഡൽ, ലോഞ്ച് വിലയായ 1,34,900 രൂപയിൽ നിന്ന് കുറഞ്ഞ് വിജയ് സെയിൽസിൽ 1,32,490 രൂപയ്ക്ക് ലഭ്യമാണ്. ഇത് 2,400 രൂപയിലധികം നേരിട്ടുള്ള കിഴിവാണ്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് തൽക്ഷണം 5,000 രൂപ കിഴിവ് നേടാം. അതുവഴി മൊത്തം 7,000 രൂപയിലധികം ലാഭിക്കാം. മറ്റ് ബാങ്കുകളും സമാനമായ ഡിസ്‌കൗണ്ടുകളും ഇഎംഐ സ്‌കീമുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്, ലഭ്യത കാർഡ് അനുസരിച്ച് വ്യത്യാസപ്പെടാം.
അതുകൊണ്ട് മാത്രം തീർന്നില്ല ഓഫറുകളുടെ കാര്യം. നിങ്ങളുടെ പഴയ ഉപകരണം മാറ്റി ഐഫോൺ 17 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ച് ഓപ്ഷനിലൂടെ അധിക വില കുറിക്കാം. എക്സ്ചേഞ്ച് മൂല്യം പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. നോ‑കോസ്‌റ്റ്, ലോ‑കോസ്‌റ്റ് ഇഎംഐ പ്ലാനുകളും ലഭ്യമാണ്. ചില പാർട്‌ണർ ബാങ്കുകളിൽ 24 മാസത്തെ ഇഎംഐകൾ മാസം ഏകദേശം 5000 രൂപ മുതൽ ആരംഭിക്കുന്നു.
ഐഫോൺ 17 പ്രോ ഫീച്ചറുകൾ
ആപ്പിളിന്റെ ഏറ്റവും ശക്തമായ ഫോണുകളിലൊന്നാണ് ഐഫോൺ 17 പ്രോ. 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ, 120Hz പ്രോമോഷൻ, ആൾവേസ് ഓൺ മോഡ്, ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗ് എന്നിവ ഇതിന് കരുത്ത് പകരുന്ന ഘടകങ്ങളാണ്. സെറാമിക് ഷീൽഡ് 2 സംരക്ഷണവും എ19 പ്രോ ചിപ്പും 12 ജിബി റാമും ചേരുമ്പോൾ ഗെയിമിംഗ്, ഫോട്ടോഗ്രഫി, മൾട്ടിടാസ്‌കിംഗ് എന്നിവയ്ക്ക് മികച്ച പ്രകടനം തന്നെ ഈ മോഡൽ ഉറപ്പാക്കുന്നു.
ഐഫോൺ 17 പ്രോയുടെ പിൻഭാഗത്ത് 48 എംപി പ്രധാന, 48 എംപി അൾട്രാ-വൈഡ്, 48 എംപി ടെലിഫോട്ടോ ലെൻസുകളോടുകൂടിയ പ്രോ ഫ്യൂഷൻ ട്രിപ്പിൾ ക്യാമറ സിസ്‌റ്റമാണുള്ളത്. 8x ഒപ്റ്റിക്കൽ സൂം, ഉയർന്ന റെസല്യൂഷൻ സ്‌റ്റില്ലുകൾ, 8K വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ബാറ്ററി ഒരു ദിവസം മുഴുവൻ നിലനിൽക്കുമെന്ന് ആപ്പിൾ ഉറപ്പ് നൽകുന്നു.
അനുയോജ്യമായ 40W അഡാപ്റ്റർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാവുന്ന അതിവേഗ ചാർജിംഗും ഇതിനുണ്ട്. ഇക്കാര്യത്തിൽ കമ്പനിയുടെ മുൻ മോഡലുകളെക്കാൾ ഒരുപടി മുന്നിലാണ് ഈ ഫോണെന്ന് നിസംശയം പറയാം. ഇവയ്‌ക്കെല്ലാം പുറമേ ഏറ്റവും മികച്ച മോഡൽ എന്ന വിശേഷണമുള്ള ഇവ ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമാവുക എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ട് സ്വന്തമാക്കാൻ ഏറ്റവും നല്ല സമയം ഇത് തന്നെയാണ്.












Click it and Unblock the Notifications