ഐഫോൺ 17 അണിയറയിൽ; ആപ്പിളിന്റെ അടുത്ത അവതാരം എന്തൊക്കെ അത്ഭുതങ്ങൾ കാണിക്കും? അറിയാം
അടുത്തിടെ ആഗോള തലത്തിൽ ലോഞ്ച് ചെയ്‌ത ഐഫോൺ 16 സീരീസ് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്. വിൽപ്പന കണക്കുകളിൽ ഉൾപ്പെടെ നല്ല മുന്നേറ്റം പ്രകടമാക്കുന്ന ഈ മോഡൽ ഒരുപാട് ഫോൺ പ്രേമികളുടെ ഹൃദയം കീഴടക്കിയെന്ന് നിസംശയം പറയാം. ഏതാണ്ട് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലായിരുന്നു ഈ ഫോൺ വിപണിയിൽ എത്തിയത്. എന്നാൽ ആ കാത്തിരിപ്പ് വെറുതെയായിരുന്നില്ല.
നേരത്തെ ഐഫോൺ 15 വിപണിയിൽ എത്തിയപാടെ തന്നെ അടുത്ത തലമുറ ഫോണായ ഐഫോൺ 16യെ കുറിച്ചുള്ള വിശേഷങ്ങൾ പുറത്തുവന്നിരുന്നു. അതാണ് ആപ്പിളിന്റെ പ്രത്യേകത, വരാനിരിക്കുന്ന മോഡലുകൾക്ക് ഹൈപ്പ് കൊടുക്കുന്നതിൽ സാംസങ്ങിനെക്കാൾ ഒരുപടി മുകളിലാണ് അവരെന്ന് ഇത് വ്യക്തമാക്കുന്നു. പുതിയ ഐഫോൺ 16 സീരീസ് ഇറങ്ങിയപ്പോഴും ഈ മാറ്റം പ്രകടമായിരുന്നു.

ഐഫോൺ 17 സീരീസ് എന്ന അതികായനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. ഇപ്പോൾ എല്ലാവരും അതിന്റെ പുറകെയാണ്. ലോഞ്ചിന് ഏതാണ്ട് ഒരു വർഷം തന്നെ ബാക്കിയുണ്ടെങ്കിലും വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്തൊക്കെ മാറ്റങ്ങളാണ് ഇതിൽ ഉണ്ടാവുക എന്നതിനെ കുറിച്ചുള്ള സൂചനകളും ലഭ്യമായിരുന്നു.
ഇപ്പോഴിതാ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ് വിവിധ വെബ്‌സൈറ്റുകൾ വഴി ലീക്കായിരിക്കുന്നത്. ആരാധകരെ തീർത്തും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത വർഷം ലോഞ്ച് ചെയ്യുമ്പോൾ പുതിയ ഐഫോൺ കാഴ്‌ചയിൽ വളരെ വ്യത്യസ്‌തമായിരിക്കും എന്നതാണ് ഈ കാര്യം.
ആപ്പിൾ ഐഫോൺ 17: ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് എന്ന പ്രീമിയം വകഭേദത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതീക്ഷ പകരുന്നതാണ്. ഇതിൽ പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് ഒരേ ഡിസ്‌പ്ലേ വലുപ്പം ആയിരിക്കുമെന്നാണ് ലഭ്യമായ വിവരം. കൂടാതെ ഡിസ്‌പ്ലേയിലെ ഡൈനാമിക് ഐലൻഡ് അടക്കമുള്ള ഘടകങ്ങളിൽ കാര്യമായ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
കൂടാതെ ഈ സീരീസിൽ ഡിസ്‌പ്ലേ വലുപ്പം ഗണ്യമായി ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമേ കാലങ്ങളായി കണ്ടുവരുന്ന ഐഫോൺ ഫോർമുലയിൽ ഒരു വലിയ മാറ്റത്തിന് തുടക്കമാവുക പുതിയ സീരീസിൽ ആയിരിക്കുമെന്നാണ് കറുത്തപ്പടുന്നത്. ഇതുവരെ ഉണ്ടായിരുന്ന പ്ലസ് വേരിയന്റ് ഇനി മുതൽ ഉണ്ടാവാൻ ഇടയില്ല എന്നതാണ് ഇത്.
പകരം ഐഫോൺ 17 എയർ എന്ന മറ്റൊരു വേരിയന്റ് ഇതിനോടൊപ്പം അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു. 6.6 ഇഞ്ച് സ്‌ക്രീൻ സൈസോടെ ആയിരിക്കും ഈ ഫോൺ എത്തുക. കൂടാതെ വേറെയും ചില നിർണായക മാറ്റങ്ങൾ ഇതിലുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. ക്യാമറയിലും ബാറ്ററി ശേഷിയിലും ഒക്കെ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ഫോൺ വിപണിയിൽ എത്താൻ 2025 സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.












Click it and Unblock the Notifications