ഐഫോൺ 17 അണിയറയിൽ; മുൻ മോഡലുകളിലെ ക്ഷീണം തീർക്കാൻ ആപ്പിൾ, ക്യമറയിൽ അടിപൊളി മാറ്റം
അടുത്തിടെയാണ് ആഗോള തലത്തിൽ ആപ്പിൾ തങ്ങളുടെ പുതിയ സ്‍മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 വിപണിയിൽ ഇറക്കിയത്. പിന്നീട് അവർക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. വിൽപ്പന കണക്കുകളിൽ ആപ്പിളിന്റെ മോഡലുകൾ കുതിച്ചു കയറുകയാണ്. ഐഫോൺ 16 സീരീസിന് പുറമേ കൂടുതൽ വിലക്കുറവ് ലഭ്യമായതോടെ മുൻ മോഡലുകളും കാര്യമായി വിറ്റഴിക്കപ്പെടുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും നിർത്താൻ അവർക്ക് പദ്ധതിയില്ല.
ഐഫോൺ 16 ഒരു തുടക്കം മാത്രമാണെന്ന് ആപ്പിൾ പറയാതെ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. തങ്ങളുടെ സ്‌പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ ഇടത്തരം ഉപഭോക്താക്കളെ ചെറിയ ബജറ്റിൽ ആകർഷിക്കാൻ തീവ്രമായ യജ്ഞം നടത്തുന്ന കമ്പനി ഇപ്പോഴിതാ അവരുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 17യുടെ സൂചനകൾ കൂടി തന്നിട്ടുണ്ട്.

ഐഫോൺ 16 വിപണിയിൽ എത്തിയതോടെ സകല ആപ്പിൾ ആരാധകരുടെയും കണ്ണ് ഇനി വരാനിരിക്കുന്ന മോഡലിലാണ്. വിൽപ്പനയിൽ കുതിച്ചുയരുമ്പോഴും ചില കാര്യങ്ങളിൽ ആപ്പിളിന് കാര്യമായ വിമർശനം എതിരാളികളിൽ നിന്ന് നേരിടേണ്ടി വരുന്നുണ്ട്. സ്വന്തം ആരാധകർ പോലും ഇക്കാര്യത്തിൽ ആപ്പിളിനെ വിമർശിക്കുന്നത് രഹസ്യമല്ല.
ഡിസൈൻ തന്നെയാണ് പലരും ആപ്പിൾ മോഡലുകളിലെ ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ കാര്യമായ ഡിസൈൻ മാറ്റമില്ലാതെ ആപ്പിൾ തങ്ങളുടെ ആരാധകരെ പറ്റിക്കുകയാണ് എന്നാണ് എതിരാളികൾ വിമർശിക്കുന്നത്. എന്നാൽ ഐഫോൺ 17 വരുന്നതോടെ ഇതിനൊരു പരിഹാരമാവും എന്നാണ് പലരും കരുതുന്നത്.
ആപ്പിൾ ഐഫോൺ 17: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇങ്ങനെ
ഫോണിന്റെ ആകെയുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഐഫോൺ 17 സീരീസിൽ പുതിയ സോഫ്റ്റ്‌വെയർ സവിശേഷതകൾ ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിർണായകമായ മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത് പ്ലസ് മോഡലുകളുടെ കാര്യത്തിലാണ്.
വരാനിരിക്കുന്ന പ്രീമിയം ഫോണിൽ അതിന്റെ പ്ലസ് മോഡലുകളിൽ നിന്ന് മാറി ഐഫോൺ 17 എയർ എന്നറിയപ്പെടുന്ന ഒരു സ്ലിം മോഡൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ ഫീച്ചറുകളുടെ കാര്യത്തിൽ ക്യാമറയിൽ മറ്റും നിർണായകമായ ചില പ്രഖാപനങ്ങൾ കമ്പനി പ്രതീക്ഷിക്കുന്നു.
ഐഫോൺ 17 സീരീസിന്റെ ക്യാമറ ലേഔട്ടിൽ മികച്ച മാറ്റം ഉണ്ടാവുമെന്ന് കരുതുന്നു. നിലവിലെ 12എംപിയിൽ നിന്ന് 24എംപിയിലേക്ക് മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കാം. കൂടാതെ പുതിയ എഐ സോഫ്റ്റ്‌വെയർ ടൂളുകളും ക്യാമറയുടെ ശേഷി മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. 48 എംപി ട്രിപ്പിൾ ക്യാമറ ലേഔട്ട് കൂടി ഉണ്ടാവുമെന്നാണ് കരുതുന്നത്.
നിലവിലെ സാഹചര്യത്തിൽ ഡിസൈനിൽ മറ്റെന്തെങ്കിലും അത്ഭുതം പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് ആപ്പിളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പിൻ ക്യാമറ മൊഡ്യൂൾ ഉൾപ്പെടെ അതേപടി തുടർന്നേക്കും. അടുത്ത സെപ്റ്റംബറിൽ ആയിരിക്കും ഈ സീരീസ് വിപണിയിൽ എത്തുക. വിലയും മറ്റുള്ള വിവരങ്ങളും അതിന് മുന്നോടിയായി മാത്രമേ പുറത്തുവിടുകയുള്ളൂ.












Click it and Unblock the Notifications