16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ് ഐഫോൺ..! വിള്ളലുമില്ല, പോറലുമില്ല, ഇതാ താൻ ഡാ ആപ്പിൾ...
ഐഫോൺ കൈയിൽ നിന്നും കീശയിൽ നിന്നുമൊക്കെ താഴെ വീണ് പൊട്ടലും പോറലുമൊക്കെ സംഭവിക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും. വീണാലും പോയാൽ പോകട്ടേ എന്ന് കരുതി ഉപേക്ഷിക്കാൻ കഴിയാത്ത അത്രയും വിലക്കൂടുതൽ ആണല്ലോ ഈ ഫോണിന്. ഈ പ്രീമിയം ഫോണിന് പലപ്പോഴും ചെറിയ വീഴ്‌ച്ചകളിൽ പോലും കാര്യമായ കേടുപാടുകൾ ഉണ്ടായ ചരിത്രമുണ്ട്.
എന്നാൽ എല്ലാ ഐഫോണുകളും ഈ തരത്തിലുള്ളതല്ല എന്നതും സത്യമാണ്. അത്തരത്തിൽ ഒരു ഫോണിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പലയിടത്തും നിറയുന്നത്. കീശയിൽ നിന്നോ, കൈയിൽ നിന്നോ ഒന്നുമല്ല ഈ ഐഫോൺ വീണത്, അങ്ങ് ആകാശത്തിൽ നിന്നാണ്. എന്താ വിശ്വസിക്കാൻ കഴിയുന്നില്ലേ..? എങ്കിൽ അതാണ് സത്യം.

വിമാനത്തിന്റെ ജനലുകൾക്ക് സംഭവിച്ച കേടുപാടിനെ തുടർന്നാണ് ഒരു ഐഫോൺ ആകാശത്തിൽ നിന്ന് താഴേക്ക് പതിച്ചത്. ഏകദേശം 16,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ ജനൽ വായുവിൽ തകർന്നപ്പോഴാണ് ഫോണും താഴേക്ക് പോയത്.
ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്കുള്ള യാത്രാമധ്യേ അലാസ്‌ക എയർലൈൻസിന്റെ എഎസ്എ 1282 വിമാനത്തിന്റെ ജനൽചില്ലുകൾ കനത്ത വായു പ്രവാഹത്തിൽ തകരുകയായിരുന്നു. തുടർന്ന് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഐഫോൺ ഉൾപ്പെടെയുള്ള ചില വസ്‌തുക്കൾ താഴേക്ക് വീഴുകയായിരുന്നു.
ഇതിന് പിന്നാലെ ബാൺസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സീനാഥൻ ബേറ്റ്സ് എന്നയാൾ ഐഫോൺ കണ്ടെത്തുകയായിരുന്നു. അതിന്റെ കവറും സ്‌ക്രീൻ പ്രൊട്ടക്ടറും ഉൾപ്പെടെ ഫോൺ സാധാരണ നിലയിൽ തന്നെയായിരുന്നു എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്‌തുത. തുടർന്ന് ബേറ്റ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സിൽ പോസ്‌റ്റ് പങ്കുവയ്ക്കുകയായിരുന്നു.
ഐഫോണിന്റെ മോഡൽ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബേറ്റ്‌സ് പങ്കിട്ട ഫോട്ടോകളെ അടിസ്ഥാനമാക്കി, ഇത് ഒരു ഐഫോൺ 14 പ്രോ അല്ലെങ്കിൽ ഐഫോൺ 15 മോഡലാണെന്നാണ് സൂചന. കാരണം ഒരു ഡൈനാമിക് ഐലൻഡ് നോച്ച് ഇതിൽ കാണാമായിരുന്നു. എന്തായാലും ഈ ഫോണിപ്പോൾ വൈറലാണ്.












Click it and Unblock the Notifications