ജിയോ വരുന്നെടാ അടിപൊളി പ്ലാനുമായി; ഹാപ്പി ന്യൂ ഇയർ ഓഫർ ഇതാ, ഡാറ്റയും ഫ്രീ കോളും എസ്എംഎസും!
ജിയോ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയിട്ട് നാളുകൾ ഒരുപാടായി. അവരെ സംബന്ധിച്ച് മറ്റ് കമ്പനികൾ ഒന്നും ഒരു ഭീഷണിയേ അല്ലെന്ന തരത്തിലുള്ള രീതിയിലാണ് പെരുമാറ്റവും പ്രവർത്തനവും ഒക്കെ. ഏതൊക്കെ കൊലകൊമ്പൻമാർ വന്നാലും തൊടാൻ കഴിയില്ലെന്നതാണ് ഇതിന് പിന്നിലെ പ്രധാന ആത്മവിശ്വാസം. ഒരുതരത്തിൽ പറഞ്ഞാൽ അതിനുള്ള അർഹത അവർക്കുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.
തങ്ങളുടെ ഉപഭോക്താക്കളെ എങ്ങനെ കൂടെ നിർത്തണമെന്ന് കൃത്യമായി അവർക്ക് അറിയാം. അതാണ് അവരുടെ വിജയം. ബിഎസ്എൻഎൽ എന്ന പൊതുമേഖലാ കമ്പനി ഒറ്റയ്ക്ക് നിന്നുകൊണ്ട് ഉപഭോക്താക്കളെ കൈയിലെടുക്കുമ്പോൾ അതിന് വട്ടം വയ്ക്കുന്നത് ജിയോയാണെന്ന് തന്നെ പറയാം. ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ, ഏറ്റവും മികച്ച ഉത്പന്നങ്ങൾ എന്നിവയാണ് നിലവിൽ ജിയോ ഉൾപ്പെടെയുള്ള കമ്പനികളുടെ മുദ്രാവാക്യം.

അത്തരത്തിൽ നിങ്ങളൊരു ജിയോ ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ എല്ലാവിധ താൽപര്യങ്ങളും സംരക്ഷിക്കുന്ന ഓഫറുകൾ ഒരുപാടുണ്ട്, അതും ഈ പുതുവർഷ കാലത്ത്. നിങ്ങൾക്ക് കുറഞ്ഞ കാലയളവ് മാത്രമുള്ള പ്ലാനുകളോട് ആണ് താൽപര്യമെങ്കിൽ ജിയോ അതും കൂടുതൽ കാലാവധി വേണ്ടതാണെങ്കിൽ അതും നിങ്ങൾക്ക് ലഭിക്കും. വരുന്ന വർഷത്തേക്കുള്ള ഒരു അടിപൊളി ഓഫർ ലഭ്യമായിരിക്കുകയാണ് ഇപ്പോൾ.
ജിയോ 'ഹാപ്പി ന്യൂ ഇയർ' പ്ലാൻ
തങ്ങളുടെ പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി 'ഹാപ്പി ന്യൂ ഇയർ 2026' റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങളും, ഒടിടി വിനോദങ്ങളും ഒരുമിച്ച് നൽകുന്ന ഈ പുതിയ ഓഫറുകളിൽ ഫ്ലെക്‌സി പാക്ക്, സൂപ്പർ സെലിബ്രേഷൻ മന്ത്ലി പ്ലാൻ, ഹീറോ റീചാർജ് ആനുവൽ പ്ലാൻ എന്നിവ ഉൾപ്പെടുന്നുണ്ട് എന്നതാണ് പ്രധാന കാര്യം.
പുതിയ പ്ലാനുകളിൽ പ്രീമിയം ഓഫറായ ഹീറോ റീചാർജ് ആനുവൽ പ്ലാനിന് 3,599 രൂപയാണ് വില. ഇത് 365 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റാ ആക്‌സസും പ്രതിദിനം 2.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളുകളും, പ്രതിദിനം 100 എസ്എംഎസും നൽകുന്നു.
ജിയോടിവി, ജിയോഎഐ ക്‌ളൗഡ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ഈ പ്ലാനിൽ ലഭ്യം. കൂടാതെ, 18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്ക് 35,100 രൂപ മൂല്യമുള്ള ഗൂഗിളിന്റെ ജെമിനി പ്രോ പ്ലാനിലേക്ക് 18 മാസത്തെ സൗജന്യ പ്രവേശനം ലഭിക്കും. എഐ, ടെലികോം, വിനോദ സേവനങ്ങൾ സമന്വയിപ്പിക്കുന്ന ചുരുക്കം ചില പ്ലാനുകളിൽ ഒന്നാണിത്.
ഡാറ്റ, കോളിംഗ്, ഒടിടി വിനോദം എന്നിവ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌ത സൂപ്പർ സെലിബ്രേഷൻ പ്ലാനിന് 500 രൂപയാണ് വില. 28 ദിവസത്തെ ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റാ ആക്‌സസ്, അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും.
ഇത് രണ്ടും കൂടാതെ കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കായി ജിയോ ഫ്ലെക്‌സി പാക്ക് 103 രൂപയ്ക്ക് അവതരിപ്പിച്ചു. 28 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ ആകെ 5 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിൽ ഉപയോക്താക്കൾക്ക് ഒരു ഒടിടി എന്റർടൈൻമെന്റ് പാക്ക് തിരഞ്ഞെടുക്കാം. ഈ പുതുവർഷത്തിൽ ഇവയിൽ ഏത് പ്ലാനും നിങ്ങൾക്ക് ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാം.












Click it and Unblock the Notifications