ക്രിക്കറ്റ് പ്രേമികൾക്ക് ജിയോയുടെ സമ്മാനം; 90 ദിവസത്തേക്ക് 15 ജിബി ഡാറ്റ, ഒപ്പം ജിയോഹോട്ട്സ്‌റ്റാറും, വില?
റീചാർജ് പ്ലാനുകളിൽ മുൻപെങ്ങും ഇല്ലാത്തവിധം പരീക്ഷണങ്ങൾ നടത്തുകയാണ് രാജ്യത്തെ പ്രധാന ടെലികോം കമ്പനികൾ എല്ലാം. ഏത് രീതിയിൽ ഉപഭോക്താക്കളെ വരുതിയിലാക്കാൻ കഴിയുമോ ആ രീതിയിൽ ഒക്കെ അവരെ കൂടെ നിർത്താനും പുതിയ വരിക്കാരെ ആകർഷിക്കാനും ഒക്കെയാണ് കമ്പനികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പൊതുമേഖലാ സ്ഥാപനമെന്നോ സ്വകാര്യ കമ്പനിയെന്നോ വ്യത്യാസമില്ല.
ജിയോയും ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ജിയോ, ലോകത്തിലെ തന്നെ രണ്ടാമത്തേതും. അത്രയധികം വരിക്കാറുണ്ട് റിലയൻസിന്റെ ഈ സഹ സ്ഥാപനത്തിന്. പ്രവർത്തനം തുടങ്ങി അധികനാൾ ആയിട്ടില്ലെങ്കിലും വിപണിയിൽ പടർന്നു പന്തലിച്ചിരിക്കുകയാണ് അവർ.

ഇത്രയൊക്കെ ആണെങ്കിലും റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വളരെ മികച്ച ഓഫറുകൾ നൽകുന്ന കമ്പനികളിൽ ഒന്ന് ജിയോ ആണെന്ന് നിസംശയം പറയാം. അതിപ്പോൾ പോസ്‌റ്റ് പെയ്‌ഡ് ആയാലും പ്രീപെയ്‌ഡ് ആയാലും ജിയോ ഫൈബർ ആയാലും ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവർക്ക് താങ്ങാൻ കഴിയുന്ന നിലയിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ കമ്പനി എന്നും മുൻ പന്തിയിൽ തന്നെയുണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
അടുത്തിടെ ആഗോള ഭീമനായ ഹോട്ട്സ്‌റ്റാർ ജിയോ ഏറ്റെടുത്തിരുന്നു. ഈ ഇടപാടിന് ശേഷം ജിയോഹോട്ട്സ്‌റ്റാർ എന്ന പേരിലാണ് ആപ്പ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പേർ കാണുന്ന കായിക വിനോദമായ ക്രിക്കറ്റ് മത്സരങ്ങൾ കൂടുതലായി സംപ്രേഷണം ചെയ്യുന്നത് ഈ പ്ലാറ്റ്‌ഫോമിലാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ കാര്യത്തിലും മാറ്റമൊന്നുമില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കണ്ടവരുടെ എണ്ണം 60 കോടിയോളം ആണെന്ന് കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ജിയോ തങ്ങളുടെ വരിക്കാർക്ക് റീചാർജ് പ്ലാനിനൊപ്പം അഡാർ ഓഫർ കൂടി നൽകുകയാണ്. ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്ന പ്ലാനാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്, അതും കുറഞ്ഞ വിലയിൽ.
ജിയോ 195 രൂപ പ്ലാൻ
ആദ്യം തന്നെ പറയേണ്ട കാര്യം എന്തെന്നാൽ ഇത് തികച്ചും ക്രിക്കറ്റ് പ്രേമികൾക്ക് അല്ലെങ്കിൽ വിനോദ പരിപാടികൾ ആസ്വദിക്കാൻ ഇഷ്‌ടമുള്ള ആളുകൾക്ക് മാത്രം വേണ്ടിയുള്ള ഒരു പ്ലാനാണ്. 90 ദിവസത്തേക്ക് സാധുതയുള്ള പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത് എന്നതാണ് അതിന്റെ കാരണം. വരിക്കാർക്ക് മൊത്തം 15ജിബി അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നു, അതിനുശേഷം ടെലികോം ദാതാവിന്റെ നയം അനുസരിച്ച് വേഗത 64 കെബിപിഎസ് ആയി കുറയുന്നു.
ഇതൊരു ആഡ് ഓൺ പ്ലാൻ ആണ് എന്നത് പ്രത്യേകം ഓർക്കണം. നിലവിൽ സാധുതയുള്ള ഏതെങ്കിലും അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിയുക. സാധാരണയായി ജിയോ ഹോട്ട്സ്‌റ്റാർ പ്ലാനിന് നിങ്ങൾക്ക് 149 രൂപ നൽകേണ്ടി വരും, അതും ഒരു മാസത്തേക്ക്. ഈ സേവനമാണ് പുതിയ പ്ലാനിന് ഒപ്പം ജിയോ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്.












Click it and Unblock the Notifications