ജിയോ വക വിഷു സമ്മാനം..; ഒരു വർഷത്തേക്ക് അഡാർ ഓഫർ, 912 ജിബിയും ഒടിടി ആക്‌സസും, വില എത്ര?
ഇന്ത്യൻ ടെലികോം വിപണിയിലെ ഏറ്റവും ശക്തരാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോ. പ്രവർത്തനം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് തികയും മുൻപ് തന്നെ അവർ വിപണിയിൽ കരുത്ത് തെളിയിച്ചതാണ്. ഓരോ ഘട്ടത്തിലും അവർ തങ്ങളുടെ പ്രവർത്തന മികവ് വർധിപ്പിക്കുകയും സ്വയം തേച്ചുമിനുക്കി എടുക്കുകയുമാണ് ചെയ്യാറുള്ളത്. അവരുടെ ഓരോ പ്ലാനുകളും ഓരോ വിഭാഗം ഉപഭോക്താക്കളെ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
നമ്മുടെ മൊബൈൽ ഫോൺ ഉപയോഗ രീതിയിൽ സാരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയാണ് റിലയൻസ് ജിയോ എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല. ശരിക്കും അതൊരു യാഥാർഥ്യമാണ്. 150 എംബി ഡാറ്റയും, 400 എംബി ഡാറ്റയും ഒക്കെ ഉയർന്ന വിലയിൽ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകി കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടേക്കാണ് വമ്പൻ സൗജന്യ ഓഫറുകളുമായി ജിയോ വിപണിയിൽ അവതരിച്ചത്.

കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് ഇടയിൽ പലപ്പോഴും ഉപഭോക്താക്കൾ വരികയും പോവുകയും ഒക്കെ ചെയ്‌ത കാലയളവുകൾ ഉണ്ടായിരുന്നുവെന്ന് നോക്കിയാൽ കാണാം. പലപ്പോഴും ജിയോ പിന്നിലേക്ക് പോവുന്ന ഘട്ടവുമുണ്ടായിരുന്നു. എന്നാൽ ആ സാഹചര്യങ്ങളിലെല്ലാം തിരിച്ചുവരവ് നടത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്. ആ തിരിച്ചുവരവാണ് ഇന്നത്തെ വളർച്ചയിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ രണ്ടാമത്തെ വലിയതുമായ ടെലികോം കമ്പനിയാണ് ജിയോ. അത് ഉപഭോക്താക്കളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് കമ്പനി നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമാണെന്ന് പറയാതെ വയ്യ. നേരത്തെ പറഞ്ഞത് പോലെ സൗജന്യ ഓഫറുകളിൽ തുടങ്ങിയ ജിയോ ഇന്ന് ധാരാളം ബജറ്റ് ഫ്രണ്ട്ലി ഓഫറുകളാണ് ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്നത്.
അതിൽ ഏറ്റവും നിർണായകമായ ഒന്നാണ് റിലയൻസ് ജിയോ അടുത്തിടെ പ്രഖ്യാപിച്ചത്. ഒരു വർഷത്തോളം കാലാവധി നൽകുന്ന ഈ ഓഫർ സാധാരണഗതിയിൽ ലഭ്യമാകുന്ന ഡാറ്റ അളവ്, കാലാവധി എന്നിങ്ങനെ ഒക്കെയുള്ള ആനുകൂല്യങ്ങൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ അധികമായി നൽകുന്നുണ്ട്. ഈ മികച്ച ഓഫറിനെ കുറിച്ച് കൂടുതലറിയാം.
റിലയൻസ് ജിയോ 3599 രൂപ പ്ലാൻ
3599 രൂപയുടെ പ്ലാൻ 365 ദിവസത്തെ പൂർണ്ണ വാലിഡിറ്റിയാണ് വാഗ്‌ദാനം ചെയ്യുന്നത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബിക്ക് തുല്യമായ 912 ജിബി ഹൈ-സ്‌പീഡ് ഡാറ്റ എന്നിവ കൂടി ഇതിൽ ലഭിക്കും.
പ്രതിദിന ഡാറ്റ പരിധി തീർന്നുകഴിഞ്ഞാൽ, വേഗത 64 കെബിപിഎസായി കുറയും. ജിയോയുടെ ട്രൂ 5 ജി സേവനങ്ങളിലേക്കുള്ള ആക്‌സസും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഉപയോക്താക്കൾക്ക് ജിയോസിനിമ പ്രീമിയത്തിലേക്ക് (മുമ്പ് ഹോട്ട്സ്‌റ്റാർ) 90 ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്ന ഗുണം കൂടിയുണ്ട്. പ്ലാനിൽ 50 ജിബി ജിയോ എഐ ക്ലൗഡ് സ്‌റ്റോറേജും ജിയോ ടിവിയിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുന്നു.












Click it and Unblock the Notifications