അംബാനി കളി തുടങ്ങി; ജിയോ വക ഞെട്ടിക്കുന്ന പ്ലാൻ, ഒരു വർഷത്തേക്ക് ഫ്രീ കോളും എസ്എംഎസും, വില?
പലവിധ പ്ലാനുകൾ ഇക്കാലത്ത് ടെലികോം കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ കൂടുതലും വിപണി പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയുള്ളതാണ്. മത്സരം ശക്തമായ വിപണിയിൽ ഓരോ കമ്പനികളും തങ്ങളുടേതായ രീതിയിൽ ഉപഭോക്താക്കളെ കയ്യിലെടുക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിൽ മുൻപന്തിയിൽ തന്നെയുള്ള കമ്പനിയാണ് മുകേഷ് അംബാനിയുടെ ജിയോ. വിപണിയിൽ വന്ന് ചുരുക്ക കാലം കൊണ്ട് തന്നെ അവർ മികവ് തെളിയിച്ചിട്ടുണ്ട്.
മറുവശത്ത് മറ്റ് പ്രധാന സ്വകാര്യ കമ്പനികളായ എയർടെൽ, വിഐ എന്നിവർ ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ജിയോയെ സംബന്ധിച്ച് ഉപഭോക്താക്കളെ കൊണ്ടുവരാൻ അവർ ഏതറ്റം വരെയും പോവുമെന്ന് വ്യക്തമാണ്. പലപ്പോഴും അവർ നൽകുന്ന ഓഫറുകൾ മറ്റ് സ്വകാര്യ കമ്പനികൾക്ക് സ്വപ്‌നം കാണാൻ പോലും കഴിയാത്തതാണ്.

എന്നാൽ ഒരേയൊരു എതിരാളിയാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. അത് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ തന്നെയാണ്. ഒരു പൊതുമേഖലാ സ്ഥാപനം ആയത് കൊണ്ട് തന്നെ ലാഭത്തിന്റെ കാര്യത്തിൽ അത്ര കടുംപിടിത്തം ഇല്ലാത്തത് അവരെ കൂടുതൽ സ്വാതന്ത്രരാക്കുന്ന ഘടകമാണ്. എങ്കിലും ബിഎസ്എൻഎല്ലിനോട് മുട്ടി നിൽക്കാൻ ജിയോയ്ക്ക് കഴിയുന്നുണ്ടെന്നത് അത്ഭുതകരമായ ഒരു കാര്യമാണ്.
അങ്ങനെയുള്ള ജിയോ ഇപ്പോഴിതാ പുതിയ പ്ലാനുമായി രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ ട്രായ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് റിലയൻസ് ജിയോ ഒരു പരിഷ്‌കാരം നടപ്പാക്കുന്നത്. ഡാറ്റ ഇല്ലാതെ വോയിസ് കോളും എസ്എംഎസ് സേവനങ്ങളും മാത്രം നൽകി വരുന്ന ഒരു അഡാർ ദീർഘകാല പ്ലാനാണ് ഇത്. മറ്റ് കമ്പനികൾക്ക് പലർക്കും ഈ പ്ലാൻ ഇന്നും സ്വപ്‌നമായിരിക്കും.
റിലയൻസ് ജിയോ 1958 രൂപ പ്ലാൻ
ഈ ജിയോ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ജിയോയുടെ 1958 രൂപ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനം നിങ്ങൾക്കായി വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് 3600 എസ്എംഎസുകളും ഈ കാലയളവിൽ നൽകുന്നു. ഇതൊരു വോയ്‌സ് കോൾ മാത്രമുള്ള പ്ലാൻ ആയതിനാൽ, ഡാറ്റാ ആനുകൂല്യമൊന്നും തന്നെ ലഭ്യമല്ല.
എങ്കിലും ചില നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്കായി ജിയോ ഇതിൽ ഒരുക്കിയിട്ടുണ്ട്. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്‌സസ് ഈ പ്ലാനിൽ നിങ്ങൾക്കായി കമ്പനി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇത് 2ജി സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകളെ മാത്രം ലക്ഷ്യമിട്ടുള്ള പ്ലാൻ ആണെന്നതാണ് വാസ്‌തവം.
കൂടാതെ ഇതേ നിലയിൽ എൻട്രി ലെവൽ പ്ലാനും അവർ അവതരിപ്പിച്ചിട്ടുണ്ട്. വോയ്‌സ് കോൾ, എസ്എംഎസും മാത്രമുള്ള പ്ലാൻ 458 രൂപയ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1000 എസ്എംഎസുകളും ഉണ്ടാവും. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാവുക. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്‌സസ് കൂടി ഇതിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications