ജിയോയുടെ വക മുട്ടൻ പണി; 19 രൂപയുടെയും 29 രൂപയുടെയും റീചാർജുകളുടെ കാലാവധി മാറും, എങ്ങനെ ബാധിക്കും?
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒരാളാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോ. അവരെ സംബന്ധിച്ച് ഓരോ റീചാർജ് പ്ലാനും ഓഫറും തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനുള്ള വഴികളിലൊന്നാണ്. നിലവിൽ വരിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ ഒന്നാമത് നിൽക്കുന്ന ഈ സ്വകാര്യ കമ്പനി പ്രധാനമായും ബിഎസ്എൻഎൽ അടക്കമുള്ള കമ്പനികളുമായാണ് ഏറ്റുമുട്ടുന്നത്.
ജിയോയുടെ പല പ്ലാനുകളും മറ്റ് കമ്പനികൾക്ക് പ്രചോദനമായി മാറാറാണ് പതിവ്. അടുത്ത കാലത്തായി നഷ്‌ടം നികത്തലിന്റെ ഭാഗമായും വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ടും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ഒന്നടങ്കം നിരക്കുവർധന നടപ്പാക്കിയപ്പോൾ ജിയോയും അതിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നില്ല. നിരവധി ജനപ്രിയ പ്ലാനുകളിൽ ഈ സമയത്ത് താരതമ്യേന വലിയ രീതിയിലുള്ള നിരക്കുവർധന നടപ്പായിരുന്നു.

അതിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഹ്രസ്വകാല റീചാർജ് പ്ലാനുകളായ 19 രൂപയുടെയും 29 രൂപയുടെയും ഡാറ്റ പാക്കുകളും ഇടംപിടിച്ചിരുന്നു. നേരത്തെ ഇവയ്ക്ക് യഥാക്രമം 15 രൂപയും, 25 രൂപയും മാത്രമായിരുന്ന സ്ഥാനത്തായിരുന്നു അപ്രതീക്ഷിതമായി ജിയോ നിരക്ക് ഉയർത്തി എല്ലാവരെയും ഞെട്ടിച്ചത്. എന്നാൽ ഇപ്പോഴിതാ അതിന്റെ തുടർച്ച എന്നോണം പുതിയ നീക്കവുമായി റിലയൻസ് ജിയോ ഉപഭോക്താക്കളുടെ ആശങ്ക ഉയർത്തുകയാണ്.
റിലയൻസ് ജിയോ 19 രൂപയുടെയും 29 രൂപയുടെയും ഡാറ്റ വൗച്ചറുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോൾ. 19 രൂപയുടെ വൗച്ചറിന് ഉപയോക്താവിന്റെ അടിസ്ഥാന സജീവ പ്ലാനിന് സമാനമായ സാധുതയാണ് കമ്പനി നൽകി വന്നിരുന്നത്. ഉദാഹരണത്തിന്അ നിങ്ങളുടെ അടിസ്ഥാന പ്ലാനിന് 70 ദിവസത്തെ സാധുതയുണ്ടെങ്കിൽ, ഈ 19 രൂപയുടെ ഡാറ്റ വൗച്ചറും 70 ദിവസത്തേക്ക് അല്ലെങ്കിൽ ഡാറ്റ പൂർണ്ണമായും ഉപയോഗിക്കുന്ന സമയം വരെ പ്രവർത്തിക്കുമായിരുന്നു.
എന്നാൽ ഇനി മുതൽ ഈ പാക്കിന്റെ കാലാവധി കേവലം ഒരു ദിവസം മാത്രമായിരിക്കും. 29 രൂപയുടെ റീചാർജ് പ്ലാനിനും ഇതേ അവസ്ഥ തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഉപഭോക്താവിന്റെ അടിസ്ഥാന ആക്റ്റീവ് പ്ലാനിന് സമാനമായ സാധുതയുള്ള 29 രൂപയുടെ ഡാറ്റ വൗച്ചറിനും ഇതേ മാറ്റം കൊണ്ടുവന്നു. റിലയൻസ് ജിയോയുടെ 29 രൂപയുടെ ഡാറ്റ വൗച്ചറിന് ഇപ്പോൾ 2 ദിവസത്തെ സേവന വാലിഡിറ്റി മാത്രമായിരിക്കും.
ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ വരുമാനം നേടുക എന്ന കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. നിരക്കിലും ഡാറ്റയുടെ അളവിലും ഒന്നും മാറ്റം വരുത്താതെ വാലിഡിറ്റി മാത്രം താഴ്ത്തുക എന്നത് കൊണ്ട് ജിയോ ലക്ഷ്യമിടുന്നത് കാര്യമായ സാമ്പത്തിക നേട്ടം തന്നെയാണ്.
എന്തെന്നാൽ നേരത്തെ പ്ലാൻ കാലാവധി തീരുന്നത് വരെ ഒറ്റ തവണ മാത്രം അധിക ഡാറ്റ പാക്കിനെ ആശ്രയിച്ചിരുന്ന വ്യക്തികൾ ഇനി ഒന്നിലധികം തവണ റീചാർജ് ചെയ്യേണ്ട സാഹചര്യമാണ് ഉരുത്തുരിഞ്ഞു വരിക. ഇതോടെ കമ്പനിയുടെ സാമ്പത്തിക നേട്ടം ഗണ്യമായി വർധിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഉപഭോക്താവ് കൂടുതൽ നഷ്‌ടം ഇക്കാര്യത്തിൽ സഹിക്കേണ്ടി വരുമെന്ന ന്യൂനത കൂടിയുണ്ട് ഇതിന്.












Click it and Unblock the Notifications