ഈ വർഷം ഏറ്റവും കൂടുതൽ പേർ ഡിലീറ്റ് ചെയ്‌ത ആപ്പ് ഏത്..? എക്‌സും, ത്രെഡ്‌സും, ഫേസ്‌ബുക്കും ഒന്നുമല്ല, പിന്നെ..
ലോകമെമ്പാടും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഇത് ഏകദേശം 4.8 ബില്യൺ ആണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിൽ ചില ജനപ്രിയ പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി ഇടയുകയാണെന്നാണ് സൂചന. ഒരു ദിവസം ശരാശരി രണ്ട് മണിക്കൂറോളം ആളുകൾ സോഷ്യൽ മീഡിയകളിൽ ചിലവഴിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ദശലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സോഷ്യൽ മീഡിയ ആപ്പുകൾ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞെന്നതാണ് യാഥാർഥ്യം. സോഷ്യൽ മീഡിയ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന നിലയിലേക്ക് വരെ ഒരു തലമുറ എത്തി. എങ്കിലും അവയിൽ പലതിന്റെയും ജനപ്രീതി അതിവേഗം കുറയുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുഎസ് ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്റേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, അവതരിപ്പിച്ച് കേവലം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളെ നേടിയ മെറ്റയുടെ ത്രെഡ്‌സ് ആപ്പ് പ്രതിദിന സജീവ ഉപയോക്താക്കളിൽ 80 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ ആവേശം പിന്നീട് ഉണ്ടായില്ലെന്ന് ചുരുക്കം.
എന്നാൽ ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഈ വർഷത്തെ പ്രവണതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ആളുകൾ ഏറ്റവും കൂടുതൽ ഡിലീറ്റ് ചെയ്‌ത, ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പായി വന്നിരിക്കുന്നത് അപ്രതീക്ഷിതമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണെന്നത് കൗതകകരമാണ്.
ഇൻസ്‌റ്റഗ്രാം ആണ് നിലവിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിച്ച, എങ്ങനെ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിളിൽ തിരഞ്ഞ സോഷ്യൽ മീഡിയ ആപ്പ് എന്ന് പറഞ്ഞാൽ നിങ്ങളിൽ പലർക്കും വിശ്വസിക്കാൻ കഴിയില്ല. ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം ആളുകൾ 2023ൽ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞുവെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 10,20,000 പേർ 2023ൽ ഇൻസ്‌റ്റഗ്രാം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് ലഭ്യമായ വിവരം. മറ്റ് ആപ്പുകളുടെ കണക്കുകളും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്‌നാപ്ചാറ്റിന് 1,28,500, ട്വിറ്ററിന് 12,300, ടെലിഗ്രാമിന് 71,700, ഫേസ്ബുക്കിന് 49,000, ടിക് ടോക്കിന് 24,900, യൂട്യൂബ് 12,500; വാട്‍സ് ആപ്പിന് 4,950, വീചാറ്റിന് 2,090 എന്നിങ്ങനെയാണ് ഉപയോക്താക്കൾ ഡിലീറ്റിനെ കുറിച്ച് ഉയർത്തിയ ചോദ്യത്തിന്റെ എണ്ണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications