മൈക്രോസോഫ്റ്റ് തകരാറിൽ; ലോകമെമ്പാടും കമ്പ്യൂട്ടർ സേവനങ്ങൾ തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ
ന്യൂഡൽഹി: മൈക്രോസോഫ്റ്റിലെ സാങ്കേതിക തകരാർ മൂലം ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. അടുത്തിടെ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടും ബാങ്കുകളിലെയും വിമാനത്താവളങ്ങളിലെയും വരെ പ്രവർത്തനം അവതാളത്തിലായ നിലയിലാണ്.

സ്വിച്ച് ഓൺ ചെയ്‌തതിന് ശേഷം ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ തകരാറിലായതിനാൽ അവരുടെ സിസ്‌റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് എന്ന് പറയപ്പെടുന്ന ഈ പിഴവ് കാരണം ലോകമെമ്പാടുമുള്ള ലക്ഷ കണക്കിന് ഉപയോക്താക്കളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
നിരവധി കമ്പനികളെയും ബാങ്കുകളെയും സർക്കാർ ഓഫീസുകളെയും ഈ പ്രശ്‌നം സാരമായി ബാധിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. മിക്ക ഇന്ത്യൻ എയർലൈനുകളും എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മൈക്രസോഫ്റ്റ് എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.
ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങി വിവിധ രാജ്യങ്ങളിലെ ഐടി സംവിധാനങ്ങളെ തകരാർ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ബാങ്കുകൾ ടെലികോം സംവിധാനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ തകരാർ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ചില രാജ്യങ്ങളിലെ അടിയന്തര സേവനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടു എന്നാണ് സൂചന.
ആഗോള തലത്തിൽ പ്രമുഖ കമ്പനികൾക്ക് സൈബര്‍ സുരക്ഷാ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ക്രൗഡ് സ്ട്രൈക്ക്. വിവിധ സ്ഥാപനങ്ങൾ ഇവരുടെ സുരക്ഷാ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സെക്യൂരിറ്റി ഡാറ്റ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സറിന്റെ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പിസികളും മറ്റ് സിസ്‌റ്റങ്ങളും അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആവുകയും പിന്നീട് നീല സ്‌ക്രീൻ തെളിയുകയുമാണ് ചെയ്യുന്നത്. കൂടാതെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും കമ്പനി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. കൂടാതെ ബാധിക്കപ്പെട്ട സിസ്‌റ്റങ്ങൾക്ക് അത് മറികടക്കാനുള്ള താൽക്കാലിക നടപടിയും കമ്പനി അറിയിച്ചിട്ടുണ്ട്.
വിന്‍ഡോസ് കമ്പ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക. ശേഷം C:\Windows\System32\drivers\CrowdStrike എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതിൽ C-00000291*.ssy എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക. സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക.












Click it and Unblock the Notifications