കട്ടിള പോലെ കട്ടയ്ക്ക് നിന്നും ഈ മോട്ടോ ഫോൺ; വന്നാൽ പൂരം, ഇങ്ങനാണേൽ ഈ കളിക്കില്ലെന്ന് സാംസങ്
മൊബൈൽ ഫോൺ എന്നാൽ മോട്ടോറോള എന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. ഇന്നത്തെ സ്‍മാർട്ട് ഫോൺ യുഗത്തിൽ മോട്ടോറോളയുടെ മോഡലുകൾ പലർക്കും പിന്നിലായിപ്പോയി എന്ന് തോന്നാമെങ്കിലും തങ്ങളുടെ ഫീച്ചറുകൾ കൊണ്ടും, മറ്റ് സവിശേഷതകൾ കൊണ്ടും ഇന്നും ഉപഭോക്താക്കളെ ഞെട്ടിക്കാൻ അവർക്ക് കഴിയുന്നു എന്നതാണ് പ്രത്യേകത. അത്തരത്തിൽ ഇന്ന് വിപണിയിൽ ധാരാളം മികച്ച മോഡലുകൾ അവർക്ക് സ്വന്തമായുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ മോഡലിന്റെ ലോഞ്ച് ഇവന്റ് അന്നൗൺസ് ചെയ്‌തിരിക്കുകയാണ് കമ്പനി. എന്നാൽ ലോഞ്ച് തീയതു പുറത്തുവിട്ട കമ്പനി കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഈ വരുന്നത് മോട്ടോയുടെ മുൻനിര മോഡലായ മോട്ടോറോള എഡ്‌ജ് 50 പ്രോ ആണെന്നാണ് നിഗമനം. ഇത് വിപണിയിൽ സാംസങ് ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രമുഖ ഫോണുകളുമായാവും ഏറ്റുമുട്ടുക.

ഈ മോഡൽ ഇതുവരെ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വസ്‌തുത. മോട്ടോറോള അടുത്തിടെ യുഎസിൽ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിരുന്നു, മോട്ടോ ജി പവർ 5 ജി (2024), മോട്ടോ ജി 5 ജി (2024) എന്നിവയായിരുന്നു അത്. ഈ മോഡലുകളുടെ ഇന്ത്യയിലേക്കുള്ള വരവാകട്ടെ ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വരുന്നത് മോട്ടോ എഡ്‌ജ് 50 പ്രോ തന്നെയാണ് എന്ന അഭ്യൂഹങ്ങൾ പരക്കുന്നത്.
'സേവ് ദി ഡേറ്റ്' എന്ന തലക്കെട്ട് നൽകിയ ഒരു പത്രകുറിപ്പിൽ, ഏപ്രിൽ 3ന് മോട്ടറോള ഇന്ത്യ ഈ ഇവന്റ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക. കൂടുതൽ വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നടക്കാനിരിക്കുന്നത് ഒരു ഫോണിന്റെ ലോഞ്ച് ഇവന്റാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മോട്ടോ എഡ്‌ജ് 50 പ്രോ
ബ്ലാക്ക്, പർപ്പിൾ, വൈറ്റ് നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് കരുതുന്നത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുകളും ഫോക്‌സ് ലെതർ ഫിനിഷുകളുമായാണ് വിവിധ വേരിയന്റുകളുടെ ലീക്ക്ഡ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ ചോർന്ന റെൻഡറുകളിൽ, ഫോണിന്റെ ലോക്ക് സ്ക്രീനിൽ തീയതി ഏപ്രിൽ 3 ആയിരുന്നു എന്നതാണ് പ്രത്യേകത. അതിനാൽ ആ ദിവസം തന്നെ മോഡൽ ലോഞ്ച് ചെയ്തേക്കുമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
ഈ മോഡൽ യുഎസിൽ മോട്ടറോള എഡ്‌ജ്+ (2024) എന്ന പേരിൽ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. 6.7 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയോടെയാണ് ഇത് വരുന്നതെന്ന് പറയപ്പെടുന്നു. അതിൽ 13എംഎം വൈഡ് ആംഗിൾ ക്യാമറയും 6x സൂം വരെ അനുവദിക്കുന്ന 73mm ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
മോട്ടോയുടെ ഈ കരുത്തുറ്റ മോഡൽ 12 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 125W വയർഡ്, 50W വയർലെസ് ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,500mAh ബാറ്ററി മോട്ടോ എഡ്‌ജ് 50 പ്രോയിൽ ഉൾപ്പെടുത്തുമെന്നും കരുതുന്നു. ഈ മോഡലിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications