ഇനി റീചാർജ് പ്ലാനുകൾ ഒളിപ്പിച്ചു വയ്‌ക്കേണ്ട; കമ്പനികൾക്ക് ട്രായിയുടെ നിർദേശം, 30 ദിവസം സമയം നൽകി
ടെലികോം സേവനദാതാക്കൾ നൽകുന്ന നിർബന്ധിത റീചാർജ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ നിർദേശം പുറത്തിറക്കി. ജിയോ, എയർടെൽ, വി തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും അവരുടെ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും പ്രത്യേകമായി "ട്രായ് നിർദേശിച്ച പ്ലാനുകൾ" എന്ന വിഭാഗം ഉൾപ്പെടുത്തണം.
പ്രീപെയ്‌ഡ് റീചാർജ് വിഭാഗത്തിലെ ആദ്യ ഓപ്ഷനായിരിക്കണം ഈ വിഭാഗം. കമ്പനികളുടെ പ്രത്യേക വിൽപ്പന കേന്ദ്രങ്ങളിലും ഈ പ്ലാനുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. നിർദേശം നടപ്പാക്കാൻ ടെലികോം കമ്പനികൾക്ക് 30 ദിവസത്തെ സമയമാണ് ട്രായ് നൽകിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ പരാതികളെ തുടർന്നാണ് ട്രായ് ഇക്കാര്യത്തിൽ ഇടപെട്ടത്. ആവശ്യമായ റീചാർജ് പ്ലാനുകൾ കണ്ടെത്താൻ പല കമ്പനികളുടെയും വെബ്സൈറ്റുകളിലും ആപ്പുകളിലും നിരവധി പേജുകൾ പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്ന് പരാതികൾ ഉയർന്നിരുന്നു. ട്രായ് നടത്തിയ പരിശോധനയിലും നിർബന്ധിത പ്ലാനുകൾ പലപ്പോഴും മറ്റ് വിഭാഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കണ്ടെത്തി.
പ്രത്യേകിച്ച് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ തേടുന്ന ഉപഭോക്താക്കൾക്ക് പുതിയ നിർദേശം സഹായകരമാകുമെന്നാണ് ട്രായ് വിലയിരുത്തുന്നത്. മൊബൈൽ ഡാറ്റയുടെ ഉപയോഗം കുറവുള്ളവർ, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾ, ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് ഇത്തരം പ്ലാനുകൾ കൂടുതൽ പ്രയോജനപ്പെടും.
നിലവിലെ ട്രായ് നിയമങ്ങൾ പ്രകാരം ഓരോ ടെലികോം കമ്പനിയും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു പ്രത്യേക താരിഫ് വൗച്ചർ, ഒരു കോംബോ വൗച്ചർ എന്നിവ നൽകണം. ഇവയ്ക്ക് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം. ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന രീതിയിലും ഈ പ്ലാനുകൾ ലഭ്യമാക്കണം.
ഇതിന് പുറമെ മൊബൈൽ ഡാറ്റ ഉൾപ്പെടുത്താത്ത, കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമുള്ള പ്രത്യേക താരിഫ് വൗച്ചറുകളും കമ്പനികൾ നൽകണം. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മൊബൈൽ സേവനം ഉപയോഗിക്കാൻ ഇത്തരം പ്ലാനുകൾ സഹായിക്കും.
അതേസമയം, നേരത്തെ സാധാരണ കീപാഡ് ഫോണുകൾ അടക്കം ഉപയോഗിക്കുന്ന, ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾ പോലും അധിക പണം നൽകി ഓഫറുകൾ വാങ്ങേണ്ട സാഹചര്യമായിരുന്നു. നിരന്തരം പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ വിഷയത്തിൽ ട്രായ് ഇടപെട്ടത്. അതിലൂടെ ഡാറ്റ ഒഴിവാക്കി കൊണ്ട് വോയിസ് കോളുകൾ മാത്രം ഉൾപ്പെടുന്ന പ്ലാനുകളാണ് കൊണ്ട് വന്നിരിക്കുന്നത്.


Click it and Unblock the Notifications
