നത്തിംഗ് ഈസ് സീരിയസ്; സാധാരണക്കാരെ ലക്ഷ്യമിട്ട് ബജറ്റ് ഫോണുമായി ഉടൻ വരുന്നു, ഇത് പൊളിക്കും
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ കളം പിടിച്ചു വരികയാണ് നത്തിംഗ് എന്ന കമ്പനി പുതുമുഖ കമ്പനി. ഒട്ടേറെ ബ്രാൻഡുകൾ വാഴുന്ന ഇന്ത്യയിൽ സ്വന്തമായി ഒരു പേര് ഉണ്ടാക്കി എടുക്കുക എന്ന കാര്യം ഇത്തിരി കടുപ്പമേറിയതാണ്. എന്നാൽ അക്കാര്യം വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ നത്തിംഗിന് കഴിഞ്ഞുവെന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ നമ്മളെ കാട്ടിത്തരുന്നത്.
വിരലിൽ എണ്ണാവുന്ന ഫോണുകൾ മാത്രം പുറത്തിറക്കിയിട്ടും ബ്രാൻഡിന് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന്റെ വലിയ തെളിവാണ്. ഇപ്പോഴിതാ കമ്പനി സാധാരണക്കാരെ കൂടുതൽ ലക്ഷ്യമിട്ട് കൊണ്ട് പുതിയ നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ അവർ പുറത്തിറക്കിയ ഫോണുകൾ ഒക്കെയും മിഡ് ബജറ്റ്, പ്രീമിയം സെഗ്‌മെന്റുകൾ ലക്ഷ്യമിട്ടുള്ളതായിരുന്നു.

എന്നാൽ ആദ്യമായി അവർ ഇന്ത്യൻ വിപണിയിലേക്ക് ബജറ്റ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. അടുത്തിടെ കമ്പനി പുറത്തിറക്കിയ പുതിയ ടീസറിൽ സൂചിപ്പിച്ചതുപോലെ, സിഎംഎഫ് ഫോൺ 1 വരുന്നതോടെ കമ്പനിയുടെസിഎംഎഫ് സബ്-ബ്രാൻഡ് ഈ നീക്കത്തിന് നേതൃത്വം നൽകുമെന്നാണ് കരുതപ്പെടുന്നത്.
സിഎംഎഫ് പുറത്തുവിട്ട നത്തിംഗിന്റെ പുതിയ പോസ്‌റ്റ്, വരാനിരിക്കുന്ന ഫോൺ 1 മോഡലിന്റെ ഒരു ചെറിയ ധാരണ വരച്ചുകാട്ടുന്നതാണ്, ഇതുവരെ കണ്ട മറ്റ് സിഎംഎഫ് മോഡലുകളെ പോലെ തന്നെ ഓറഞ്ച് നിറത്തിലായിരിക്കും ഈ ഫോണും രംഗ പ്രവേശനം ചെയ്യുക എന്നത് ഏറെക്കുറെ ടീസറിൽ നിന്ന് തന്നെ വ്യക്തമായി കഴിഞ്ഞു.
എന്നാൽ പരമ്പരാഗത രീതികൾ ഒക്കെയും തച്ചുടയ്ക്കുന്ന ഡിസൈൻ സവിശേഷതകളുടെ ആശാന്മാരായ നത്തിംഗ് പക്ഷേ ഇക്കാര്യത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വരികയെന്ന് തന്നെ പ്രതീക്ഷിക്കാം. നത്തിംഗ് ആയതിനാൽ തന്നെ എന്തും പ്രതീക്ഷിക്കാം എന്നതാണ് പ്രത്യേകത. എങ്കിലും മറ്റ് സിഎംഎഫ് മോഡലുകൾക്ക് സമാനമാവും ഇതും എന്ന് കരുതാം.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സിഎംഎഫ് ഫോൺ 1 വാർത്തകളിൽ ഇടം നേടുകയും, അഭ്യൂഹങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിൽ ഭൂരിഭാഗവും അതിന്റെ താങ്ങാനാവുന്ന വിലയുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏകദേശം 12,000 രൂപയ്ക്ക് സിഎംഎഫ് ഫോൺ 1 അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ഇത് നതിംഗ് ഫോൺ 2എ മോഡലിനേക്കാൾ 10,000 രൂപ വിലകുറഞ്ഞതാണ് എന്നത് ഈ ഫോണിനെ കുറിച്ചുള്ള കാത്തിരിപ്പിന് കാരണമാവുന്നുണ്ട്. സിഎംഎഫ് ഫോൺ 1ന് മീഡിയടെക് ഡൈമെൻസിറ്റി 7000-സീരീസ് ചിപ്‌സെറ്റ് നൽകുമെന്നും ഒരു ഫുൾ എച്ച്ഡി പ്ലസ് + എൽസിഡി ഡിസ്‌പ്ലേ നൽകുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. എങ്കിലും അധികം വൈകാതെ തന്നെ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കും.












Click it and Unblock the Notifications