എല്ലാമുള്ള ഫോൺ ഇറക്കാൻ 'നത്തിങ്' ഒരുങ്ങുന്നു...? പുതിയ മോഡൽ അണിയറയിൽ, മറ്റ് കമ്പനികൾ ഭയക്കണം
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മൂന്നാമത്തെ സ്‍മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നത്തിങ്. ഫോൺ 2എ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി കുറഞ്ഞ വിലയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. അവരുടെ ഏറ്റവും ഒടുവിൽ ഇറങ്ങിയ മോഡലായ ഫോൺ 2നേക്കാൾ വിലകുറഞ്ഞതായിരിക്കുമെന്ന് ഈ മോഡലെന്നാണ് പ്രതീക്ഷ.
വിവിധ ടെക് സൈറ്റുകൾ ഈ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നത്തിങ് ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും ഫോണിന്റെ ഫീച്ചറുകൾ ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ പല സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. മെച്ചപ്പെട്ട സവിശേഷതകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഒരു വലിയ 6.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഫോൺ 2എയ്‌ക്ക് ഉണ്ടാവുക. സെൽഫിക്കായി ഫോണിന്റെ സ്‌ക്രീനിന്റെ മധ്യഭാഗത്തായി 16എംപി ഫ്രണ്ട് ക്യാമറ വരുമെന്നാണ് സൂചന. പിന്നിൽ ഒരു 50 എംപി ക്യാമറ ഉണ്ടാവും. കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ എടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഫോണിൽ ശക്തമായ 4,920mAh ബാറ്ററിയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫോൺ ഉപയോഗത്തിന് ദീർഘനേരം നിലനിൽക്കുമെന്ന് അർത്ഥമാക്കാം. ഇത് തൊട്ട് മുൻപ് ഇറങ്ങിയ മോഡലായ ഫോൺ 2വിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയാണ്. കമ്പനിയുടെ ആദ്യ മോഡലായ നത്തിങ് 1 ഫോണിന്റെ ഡിസൈനായിരിക്കും ഫോണിൽ ഉണ്ടാവുകയെന്നാണ് സൂചന. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മുമ്പത്തെ ഫോൺ 2ന് ഉള്ളിൽ സ്‌നാപ് ഡ്രാഗൺ 8 പ്ലസ് ജെൻ 1 SoC ആണുണ്ടായിരുന്നത്. നിലവിൽ 49,990 രൂപ വരെയാണ് ഈ ഫോണിന്റെ വില. പുതിയ നത്തിങ് ഫോൺ 2എ മോഡൽ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കമ്പനിയുടേത് ആയിരിക്കുമെങ്കിലും ഉപഭോക്താക്കൾ പ്രതീക്ഷയിലാണ്.












Click it and Unblock the Notifications