നത്തിംഗിന്റെ ബ്രഹ്മാസ്ത്രം വരുന്നു; ഇനി വൺപ്ലസ് ഒക്കെ പെട്ടിയിലാവും, ഈ ഫോൺ വിപ്ലവം സൃഷ്‌ടിക്കും
മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും, ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് നത്തിംഗ് ഫോൺ 2എയുടെ ആദ്യ ഔദ്യോഗിക അപ്‌ഡേറ്റ് പുറത്ത് വിട്ട് ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി. ഫോണിന്റെ വരവിനെ കുറിച്ചുള്ള വ്യക്തമായ സൂചന നൽകിയെങ്കിലും എപ്പോഴായിരിക്കും അവതരിപ്പിക്കുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫോണുമായി ബന്ധപ്പെട്ട പ്രചാരങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് എക്‌സ് പോസ്‌റ്റിലൂടെയാണ് കമ്പനി വിശദാംശങ്ങൾ പങ്കുവച്ചത്. "പുതിയ കണ്ണുകളിലൂടെ ലോകത്തെ കാണുക, ഫോൺ (2a) വരുന്നു," എന്ന് മാത്രമാണ് അതിൽ കുറിച്ചിരിക്കുന്നത്. മാത്രമല്ല, നത്തിംഗ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പുതിയ പേജ് കൂടി ചേർത്തിട്ടുണ്ട്. അതിലും സമാനമായ കാര്യങ്ങൾ തന്നെയാണ് എഴുതിയത്. എന്നാൽ ലോഞ്ച് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

'എയറോഡാക്‌ടൈൽ' എന്ന കോഡ്‌നാമമുള്ള ഫോണിന് 44,999 രൂപ വിലയുള്ള ഫ്‌ളാഗ്ഷിപ്പ് നത്തിംഗ് ഫോൺ 2 മോഡലിന്റെ തൊട്ട് താഴെയുള്ള പതിപ്പായിരിക്കും. നത്തിംഗ് 2എയുടെ വില കൂടുതൽ തീവ്രമാവുമെന്ന് കണക്കാക്കാം, വളരെ കുറഞ്ഞ വിലയ്ക്ക് ഫോൺ വിൽക്കാനാവും കമ്പനിയുടെ ശ്രമം, പ്രത്യേകിച്ചും നത്തിംഗ് ഫോൺ 2 നിലവിൽ ഏകദേശം 35,000-40,000 രൂപയ്ക്ക് ലഭ്യമാവുന്ന സാഹചര്യത്തിൽ.
നേരത്തെ തന്നെ ഫോണിന്റെ പല വിശദാംശങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നത്തിംഗ് ഫോൺ 2എയുടെ വില, കളർ ഓപ്ഷനുകൾ, അടിസ്ഥാന കോൺഫിഗറേഷൻ എന്നിവ ഉൾപ്പെടെയാണ് പല ടിപ്സ്‌റ്റർ സൈറ്റുകളും പുറത്തുവിടുന്നത്. എന്നാൽ ഇതിൽ ഒന്നും തന്നെ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
നത്തിംഗ് ഫോൺ 2എ രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന, കറുപ്പും വെളുപ്പും. അടിസ്ഥാന മോഡലിൽ 8 ജിബി റാമും 128 ജിബി മെമ്മറിയുമാണ് ഉണ്ടാവുക, ഇതിന് 400 യൂറോയിൽ താഴെയായിരിക്കും വിലയെന്നും റിപ്പോർട്ടിൽ പറയുന്നു, ഇത് ഏകദേശം 37,000 രൂപയോളം വരും. എന്നാൽ ഫോൺ 2 എയുടെ വില 32,999 രൂപയ്ക്ക് അടുത്തായിരിക്കുമെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.
ഫോണിന്റെ ക്യാമറയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ നിരവധി ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 6.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഫോൺ 2എയ്‌ക്ക് ഉണ്ടാവുക. സെൽഫിക്കായി ഫോണിന്റെ സ്‌ക്രീനിന്റെ മധ്യഭാഗത്തായി 16എംപി ഫ്രണ്ട് ക്യാമറ വരുമെന്നാണ് സൂചന. പിന്നിൽ ഒരു 50 എംപി ക്യാമറ ഉണ്ടാവും.












Click it and Unblock the Notifications