വൺ പ്ലസ് 12 ഇന്ത്യയിൽ അവതരിക്കുക ഈ ഡേറ്റിന്; ഇനി മറ്റ് ഫോണുകൾക്കെല്ലാം പെട്ടിയിരിലിക്കാം, ഇത് ഞെട്ടിക്കും...
ചൈനയിൽ ഇതിനകം തന്നെ വിപണിയിൽ എത്തിയ വൺ പ്ലസ് 12 ഇന്ത്യയിൽ ഉടനെത്തും. ഫോണിന്റെ ആഗോള അരങ്ങേറ്റം 2024 ജനുവരിയിലായിരിക്കും എന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യ ഫോണുകളിൽ ഒന്നായിരിക്കും വൺ പ്ലസ് 12, കൂടാതെ മറ്റ് പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി ഒരുക്കിയിട്ടുണ്ട്. വൺപ്ലസിന്റെ ആദ്യ ഫോൾഡിങ് ഫോണായ ഓപ്പണിൽ നിന്നും ധാരാളം പ്രത്യേകതകൾ ഈ ഫോണും കടമെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ എത്തുന്നത് ഈ ദിവസം
ചൈനയിൽ ഫോൺ അവതരിപ്പിച്ചതിന് പിന്നാലെ ധാരാളം പേരാണ് ഇത് ഇന്ത്യയിലെ എത്തുന്നതും കാത്തിരിക്കുന്നത്. എല്ലാവരുടെയും കാത്തിരിപ്പിന് ആക്കം കൂട്ടികൊണ്ട് 2024 ജനുവരി 23ന് ഫോൺ അവതരിപ്പിക്കും എന്നാണ് ഇപ്പോൾ വൺ പ്ലസ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് വൈകീട്ട് 7.30 മുതൽ ലോഞ്ചിന്റെ ലൈവ് സ്ട്രീമിങ് കാണാൻ കഴിയും.

വില വിവരം
വൺ പ്ലസ് രാജ്യത്ത് സാന്നിധ്യമറിയിച്ചിട്ട് 2024ൽ പത്ത് വർഷം തികയുകയാണ്. എന്നാൽ കമ്പനി ആദ്യമായി രംഗത്ത് കൊണ്ട് വന്ന വൺപ്ലസ് വൺ മോഡൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതായിരുന്നു. എന്നാൽ ഏറ്റവും പുതിയ ഫോണിന് പ്രത്യേകത ഉള്ളതാക്കുന്നത് ഇതിലുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിലായിരിക്കും.
നിലവിലെ സാഹചര്യത്തിൽ ഈ ഫോണിന്റെ വില എത്രയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബേസ് മോഡലിന് ഏകദേശം 60,000 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടോപ് വേരിയന്റിന്റെ വില 70,000 കടക്കുമെന്നും പ്രതീക്ഷിക്കുന്നു.
സവിശേഷതകൾ
ഫോണിൽ 24ജിബി വരെ റാമും 1ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ക്വാൽകോം സ്‌നാപ് ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് മോഡലിൽ നൽകിയിരിക്കുന്നതെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്‌റ്റവും ഫോണിൽ കമ്പനി അവതരിപ്പിക്കുന്നു. വൺ പ്ലസ് 12ന് 6.82 ഇഞ്ച് ക്യൂഎച്ച്ഡി 2K OLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.
ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് 12, 64എംപി ടെലിഫോട്ടോ ലെൻസായ സോണി LYT-808 ഉള്ള 50 എംപി പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. 3x ഒപ്റ്റിക്കൽ സൂമിംഗും 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനൊപ്പം ഉണ്ടാവും. നിങ്ങളുടെ എല്ലാ സെൽഫി, വീഡിയോ കോളിംഗ് ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ ഫോണിൽ കരുത്തുറ്റ 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും കമ്പനി ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications