എന്റെ പൊന്നോ വൺ പ്ലസ് ഇതെന്ത് ഭാവിച്ചിട്ടാ? അമ്മാതിരി ഫോണല്ലേ വരുന്നത്, ഇത്രയും കുറഞ്ഞ വിലയും..!
ഇന്ത്യൻ വിപണിയിൽ വളരെപ്പെട്ടെന്ന് തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച കമ്പനികളിൽ ഒന്നാണ് വൺ പ്ലസ്. കഴിഞ്ഞ കാലങ്ങളിൽ ചെറുതും വലുതുമായ നിരവധി സ്‍മാർട്ട് ഫോണുകളിലൂടെ കമ്പനി തങ്ങളുടെ വിശ്വാസ്യത കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ചെയ്‌തത്. അതിപ്പോൾ ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ കാര്യത്തിലായാലും മിഡ് ബജറ്റിലായാലും വൺ പ്ലസ് ഫോണുകൾ ഒരിക്കലും ഉപഭോക്താക്കളെ നിരാശപ്പെടുത്താറില്ല.
ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും പുതിയ മോഡലിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വൺ പ്ലസിന്റെ ഒരു സുപ്രധാന മോഡലായ എയ്‌സ് 3വി എന്ന പുത്തൻ ഫോൺ വിപണിയിലേക്ക് വരവും കാത്തിരിക്കുകയായിരുന്നു ഇതുവരെ. അതിനിടയിലാണ് കമ്പനി ഫോണിന്റെ ചൈനയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് 21നാണ് ഫോൺ ചൈനയിൽ അവതരിപ്പിക്കുക, ഇന്ത്യയിൽ ലോഞ്ചിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്ന് തന്നെയാണ് സൂചന. ചൈനയിൽ അവതരിപ്പിക്കുന്ന മോഡലിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ തന്നെ ലോഞ്ച് വിവരങ്ങൾ പുറത്തുവിടാത്ത ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കമ്പനി പങ്കുവച്ചിരുന്നു.
ഇതിന്റെ മുൻഗാമിയായ വൺപ്ലസ് എയ്‌സ് 2വിയെ അപേക്ഷിച്ച് രണ്ട് കളർ ഓപ്ഷനുകളിലും നവീകരിച്ച ഡിസൈനിലും ഈ സ്‍മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നേരത്തെയുള്ള ലീക്ക്ഡ് റിപ്പോർട്ടുകൾ പ്രകാരം വൺ പ്ലസ് എയ്‌സ് 3വിയുടെ നിരവധി പ്രധാന സവിശേഷതകൾ പുറത്തുവന്നിരുന്നു. വൺപ്ലസ് നോർഡ് മോഡലായി ചൈനയ്ക്ക് പുറത്ത് ഇത് അവതരിപ്പിക്കുമെന്ന സൂചനയുമുണ്ട്.
വൺ പ്ലസ് എയ്‌സ് 3വി ചൈനയിൽ മാർച്ച് 21ന് ഇന്ത്യൻ സമയം വൈകീട്ട് 4:30ന് അനാച്ഛാദനം ചെയ്യുമെന്ന് ഔദ്യോഗിക ചൈന വെബ്‌സൈറ്റിലെ വെയ്‌ബോ പോസ്‌റ്റുകളും ബാനറുകളും വഴി കമ്പനി സ്ഥിരീകരിച്ചു. എഐ സവിശേഷതകളാൽ ഫോണിന് കൂടുതൽ കരുത്ത് പകരുമെന്നും ദീർഘമായ ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. ഹാൻഡ്‌സെറ്റിന്റെ രൂപകൽപ്പനയും കളർ ഓപ്ഷനുകളും കൂടി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരട്ട പിൻ ക്യാമറ യൂണിറ്റ് മുകളിൽ ഇടത് കോണിലുള്ള ലംബമായി ദീർഘവൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ കാണപ്പെടുന്നു. രണ്ട് ക്യാമറ സെൻസറുകളും റിംഗ് പോലുള്ള എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം രണ്ട് വ്യത്യസ്‌ത വൃത്താകൃതിയിലുള്ള യൂണിറ്റുകളിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
വൺ പ്ലസ് എയ്‌സ് 3വിയിൽ സ്‌നാപ്ഡ്രാഗൺ 7+ Gen 3 SoC, 16ജിബി LPDDR5x റാം, 512ജിബി UFS 4.0 ഓൺബോർഡ് സ്‌റ്റോറേജ് എന്നിവ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത് ഒരു മിഡ് റേഞ്ച് ഓഫറായി ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ചൈനയിൽ 2,000 യുവാൻ (ഏകദേശം 23,400 രൂപ) യിൽ താഴെ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇത് വിപണിയിൽ സാംസങ്, ഷവോമി ഉൾപ്പെടെയുള്ളവയുടെ മിട റേഞ്ചുകളുമായി നേരിട്ട് ഏറ്റുമുട്ടും.












Click it and Unblock the Notifications