വൺ പ്ലസിന്റെ ഓഫറിൽ ഞെട്ടാൻ റെഡിയായിക്കോ; ഈ കിടിലൻ ഫോണിന് വില വെറും 25000 രൂപയിൽ താഴെ
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വന്തമായി ഒരു വഴി വെട്ടിത്തെളിച്ച ബ്രാൻഡുകളിൽ ഒന്നാണ് വൺ പ്ലസ്. അവരുടെ മോഡലുകൾ പലതും ചൂടപ്പം പോലെയാണ് കടകളിൽ നിന്നും ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും വിറ്റുപോവുന്നത്. അതിന്റെ പ്രധാന കാരണം ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളിൽ കമ്പനി കാത്തുസൂക്ഷിക്കുന്ന ഗുണനിലവാരം തന്നെയാണ്.
പ്രധാനമായും മിഡ് ബജറ്റ് ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൺ പ്ലസ് ഇടയ്‌ക്കൊക്കെ ആപ്പിളിനോടും സാംസങിനോടും ഒക്കെ മുട്ടാൻ റെഡിയായി പ്രീമിയം സെഗ്‌മെന്റിലും ഒരു കൈ നോക്കാറുണ്ട്. എന്നാൽ മിഡ് ബജറ്റിൽ തന്നെയാണ് അവരുടെ പ്രധാന വിൽപ്പന നടക്കുന്നത്. അതിൽ ഒരു നിർണായക മോഡലാണ് അടുത്തിടെ പുറത്തിറക്കിയ വൺ പ്ലസ് നോർഡ് സിഇ 4.

ഒട്ടേറെ പുതുമകളുമായി വിപണിയിൽ എത്തിയ ഫോൺ ഇന്ന് ഉപഭോക്താക്കളുടെ ഇഷ്‌ട മോഡലുകളിൽ ഒന്നാണ്. എപ്പോഴും ഈ ഫോണിനെ സംബന്ധിച്ചു പറയുമ്പോൾ ഉപഭോക്താക്കളെ ഇത്രയധികം പരിഗണിച്ചു നിർമ്മിച്ച മറ്റൊരു വൺ പ്ലസ് മോഡൽ അടുത്തിടെ വന്നിട്ടില്ലെന്ന് തന്നെ വേണം പറയാൻ. ഇപ്പോഴിതാ വീണ്ടും ആ കാര്യം ഊട്ടിയുറപ്പിക്കുകയാണ് കമ്പനി.
ജൂൺ 6 മുതൽ 11 വരെ നടന്നുകൊണ്ടിരിക്കുന്ന വൺ കമ്മ്യൂണിറ്റി സെയിലിൽ വൺ പ്ലസ് നോർഡ് സിഇ 4-ന് കാര്യമായ വിലക്കുറവ് തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് സന്തോഷകരമായ വാർത്ത. ആഗോളതലത്തിൽ നോർഡ് 4, നോർഡ് സിഇ 4 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ കമ്പനി അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിൽപ്പന മേള നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ലഭ്യമായ ഡിസ്‌കൗണ്ടുകൾക്ക് ശേഷം വൺ പ്ലസ് നോർഡ് സിഇ 4ന്റെ 8ജിബി റാം/128ജിബി സ്‌റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില വരിക. അതേസമയം, 8 ജിബി റാം/256 ജിബി സ്‌റ്റോറേജ് വേരിയന്റിന് ആവട്ടെ 26,999 രൂപ വിലവരും.
വൺ കമ്മ്യൂണിറ്റി സെയിൽ സമയത്ത്, ആമസോൺ, വൺ പ്ലസ് എക്‌സ്‌പീരിയൻസ് സ്‌റ്റോറുകൾ, ഔദ്യോഗിക പങ്കാളികൾ എന്നിവയിലൂടെ ഉപകരണം വാങ്ങുമ്പോൾ വൺപ്ലസ് 2000 രൂപയുടെ ബാങ്ക് കിഴിവ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വൺ പ്ലസ് നോർഡ് സിഇ 4
അടുത്തിടെ പുറത്തിറങ്ങിയ വൺ പ്ലസിന്റെ മിഡ് ബജറ്റ് ഫോണുകളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ഇത്. 2412 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയും 120Hz വരെ പുതുക്കൽ നിരക്കും നൽകുന്നതാണ് ഈ ഫോൺ. ഇതിന് 210Hz ടച്ച് സാംപ്ലിംഗ് റേറ്റും 2160Hz PWM ഡിമ്മിംഗ്, HDR 10+ കളർ സർട്ടിഫിക്കേഷൻ, 10-ബിറ്റ് കളർ ഡെപ്‌ത് എന്നിവയ്ക്കുള്ള പിന്തുണയും കമ്പനി നൽകിയിട്ടുണ്ട്.
നോർഡ് സിഇ 4 5ജിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 എസ്ഒസി ആണ് പ്രൊസസർ. ക്യാമറയുടെ കാര്യത്തിലും ഫോൺ ഒട്ടും പിന്നിലല്ല, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ പിന്തുണയുള്ള 50എംപി സോണി LYT600 പ്രൈമറി സെൻസറും 8എംപി സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെൻസറാണ് ഫോണിലുള്ളത്. സെൽഫി, വീഡിയോ കോളിംഗ് ആവശ്യകതകളും കൈകാര്യം ചെയ്യുന്നതിനായി 16എംപി ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും സ്‌മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്.












Click it and Unblock the Notifications