ഒപ്പോ ഒതുങ്ങിയെന്ന് കരുതിയോ? ഇതാ കിടിലൻ മോഡലുമായി അഡാ൪ എൻട്രി, ഫീച്ചറുകൾ ബഹുകേമം
അടുത്ത കാലത്തായി പുതിയ ബ്രാൻഡുകളുടെ വരവോടെ ഒന്ന് പിന്നിലേക്ക് മാറിയ സ്‍മാർട്ട് ഫോൺ നിർമ്മാതാക്കളായിരുന്നു ഒപ്പോ. ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ ഒപ്പോയ്ക്ക് പക്ഷേ ഇപ്പോൾ കാര്യങ്ങൾ എളുപ്പമല്ല. പഴയത് പോലെയല്ല, വിപണി കൂടുതൽ മത്സരാധിഷ്‌ഠിതമായി മാറിയിരിക്കുകയാണ് എന്നതാണ് പ്രധാന കാര്യം.
എന്നാൽ അതിനെയൊക്കെ മറികടക്കാൻ ഒരു വമ്പൻ നീക്കമാണ് ഒപ്പോ നടത്തിയത്. തങ്ങളുടെ പുതിയ ഫോൺ വിപണിയിൽ എത്തിച്ചു കൊണ്ടാണ് ഒപ്പോയുടെ തിരിച്ചുവരവ്. മിഡ് ബജറ്റ് സെഗ്‌മെന്റിൽ നിന്ന് ഏറെനാളായി മാറി നിൽക്കുന്ന ഒപ്പോ ഇപ്പോഴെത്തിയത് ആവട്ടെ ഒരു അഡാർ ഫോൺ അവതരിപ്പിച്ചു കൊണ്ടാണ് എന്നത് അവരുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ എഫ്27 പ്രോ+ 5ജിയാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രോസസർ നൽകിയിരിക്കുന്ന ഈ ഫോണിൽ 67W ഫാസ്‌റ്റ് ചാർജിംഗ് ശേഷിയോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു എന്നത് ഫോണിനെ വേറിട്ട നിർത്തുന്ന ഘടകമാണ്.
64 മെഗാപിക്‌സൽ പ്രധാന സെൻസറിന്റെ അകമ്പടിയോടെ എത്തുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ ഉണ്ടാവുകയെന്നാണ് വിവരം. ഏറ്റവും പ്രധാന സവിശേഷത എന്തെന്നാൽ ഈ ഫോണിന്റെ മറ്റ് സുരക്ഷാ ഫീച്ചറുകളാണ്. പൊടി, വെള്ളം തുടങ്ങിയവയിൽ നിന്ന് ഫോണിനെ സംരക്ഷിക്കാൻ കഴിയുന്ന വിവിധ ഫീച്ചറുകൾ ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോണിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ജൂൺ 13നാണ് നടന്നത്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 27,999 രൂപയും 8 ജിബി റാമും 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 29,999 രൂപയുമാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന വില. ഓപ്പോ ഓൺലൈൻ സ്‌റ്റോറിന് പുറമെ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ പ്രീ ഓർഡറുകളും ആരംഭിച്ചിട്ടുണ്ട്.
ഒപ്പോയുടെ ഈ കരുത്തുറ്റ ഫോണിന്റെ ഔദ്യോഗിക വിൽപ്പന ജൂൺ 20 മുതൽ ആരംഭിക്കുംമെന്നാണ് അറിയിച്ചിട്ടുള്ളത്. ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്: ഡസ്‌ക് പിങ്ക്, മിഡ്നൈറ്റ് നേവി എന്നിവയാണത്.
മറ്റ് ഫീച്ചറുകൾ
6.7-ഇഞ്ച് ഫുൾ- എച്ച്ഡി+ 3ഡി കർവ്ഡ് OLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്യാമറയുടെ കാര്യത്തിൽ കമ്പനി അവരുടെ പതിവ് തെറ്റിച്ചിട്ടില്ല. 64 മെഗാപിക്‌സൽ പ്രൈമറി സെൻസറും 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഫോണിന് നൽകിയിട്ടുള്ളത്. കൂടാതെ സെൽഫിക്കായി 8 മെഗാപിക്‌സൽ സെൻസർ മുൻഭാഗത്തും നൽകിയിട്ടുണ്ട്.












Click it and Unblock the Notifications