'വെറും 48 മണിക്കൂർ മതി, കാൻസർ വാക്‌സിൻ എഐ ഉണ്ടാക്കിത്തരും'; വൻ വാഗ്‌ദാനവുമായി ലാറി എല്ലിസൺ
ന്യൂയോർക്ക്: സാങ്കേതിക വിദ്യയുടെ വളർച്ച നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറം കടക്കുന്ന വേളയിൽ നിർണായക നിരീക്ഷണവുമായി ഒറാക്കിൾ ചെയർമാൻ ലാറി എല്ലിസൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് കാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് അതിനുള്ള വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസ്‌തുത സമയം കൊണ്ട് എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനും എഐ വിചാരിച്ചാൽ സാധിക്കുമെന്നാണ് എല്ലിസൺ പറയുന്നത്.
സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എല്ലിസൺ ലോകത്തിന്റെ തലവര മാറ്റാൻ പോലും സാധിക്കുന്ന കണ്ടുപിടിത്തത്തിലേക്കുള്ള സൂചനകൾ നൽകിയത്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും കാൻസർ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ന്യൂനതയ്ക്ക് ഇതോടെ പരിഹാരമാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

'ഇത്തരം മുഴകളുടെ ചെറിയ ശകലങ്ങൾ നിങ്ങളുടെ രക്തത്തിൽ ഉണ്ടാവും. അതുകൊണ്ട് തന്നെ കാൻസർ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കും. എഐ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചാൽ രക്തപരിശോധനയിലൂടെ അർബുദം നേരത്തേ കണ്ടെത്താൻ കഴിയും. ഈ പരിശോധനയിൽ എഐ ഉപയോഗിക്കാനും കഴിയും' എല്ലിസൺ പറഞ്ഞു.
'ഒരിക്കൽ ഞങ്ങൾ ആ കാൻസർ ട്യൂമർ ജീൻ സീക്വൻസ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങൾക്ക് ആ വ്യക്തിക്ക് വാക്‌സിനേഷൻ നൽകാം. ഓരോ വ്യക്തിക്കും പ്രത്യേക വാക്‌സിൻ ഇതിലൂടെ രൂപകൽപ്പന ചെയ്യാം. ആ എംആർഎൻഎ വാക്‌സിൻ, ഏകദേശം 48 മണിക്കൂറിനുള്ളിൽ എഐ ഉപയോഗിച്ച് വീണ്ടും റോബോട്ടിക്ക് രീതിയിലൂടെ നിങ്ങൾക്ക് അത് നിർമ്മിക്കാം' എല്ലിസൺ വ്യക്തമാക്കി.
'നിങ്ങൾ ഒന്ന് മാത്രം സങ്കൽപ്പിക്കുക. നേരത്തെയുള്ള കാൻസർ സ്ഥിരീകരണം, ശേഷം നിങ്ങളുടെ പ്രത്യേക കാൻസറിനുള്ള വാക്‌സിൻ വികസിപ്പിക്കുകയും 48 മണിക്കൂറിനുള്ളിൽ ആ വാക്‌സിൻ നിങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്‌താൽ, അതായിരിക്കും ഭാവിയുടെ വാഗ്‌ദാനം, ഇത് തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാഗ്‌ദാനം ചെയ്യുന്ന കാര്യം' ഒറാക്കിൾ ചെയർമാൻ ചൂണ്ടിക്കാട്ടി.
ഓപ്പൺഎഐ, സോഫ്റ്റ്ബാങ്ക്, ഒറാക്കിൾ എന്നീ കമ്പനികൾ ചേർന്ന് സ്‌റ്റാർഗേറ്റ് എന്ന സംയുക്ത സംരംഭം കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിലൂടെ വിവിധ ഇടങ്ങളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയും യുഎസിൽ 1,00,000-ത്തിലധികം തൊഴിലവസരങ്ങൾ പുതുതായി സൃഷ്‌ടിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, എല്ലിസൺ പറഞ്ഞത് പോലെ എഐ ഉപയോഗിച്ചുള്ള വാക്‌സിൻ നിർമ്മാണം കമ്പനിയുടെ പരിഗണനയിൽ നിലവിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും ആരോഗ്യ മേഖലയിൽ വിവിധ ഇടങ്ങളിൽ നിലവിൽ എഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഭാവിയിൽ കാൻസർ രോഗ നിർണയത്തിനും വാക്‌സിൻ നിർമ്മാണത്തിനും കൂടി ഇത് ഉപകരിച്ചാൽ വലിയൊരു മാറ്റം തന്നെയാവും ലോകത്തിൽ ഉണ്ടാവുക.












Click it and Unblock the Notifications