പോകോയുടെ ഇടിവെട്ട് ഫോൺ എത്തി; എം6 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു, ഇനി മറ്റ് കമ്പനികളുടെ കടപൂട്ടും...
ഈ വർഷം അവസാനിക്കാറായെങ്കിലും സ്‍മാർട്ട്ഫോൺ വിപണി വിശ്രമിക്കാൻ തയ്യാറല്ല. പല കമ്പനികളും പുതിയ ഫോണുകൾ അവതരിപ്പിച്ച് രംഗത്തെത്തിയിരുന്നു. വിൽപ്പന വർധിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുമാണ് പല കമ്പനികളും ഫോണുകളുമായി രംഗത്തെത്തുന്നത്. ചെറിയ വിലയിൽ മെച്ചപ്പെട്ട ഫീച്ചറുകൾ അവതരിപ്പിക്കാനാണ് കമ്പനികൾ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതിനാൽ ലോ ബജറ്റ് ഫോണുകൾ ധാരാളമായി വിപണിയിൽ എത്തുന്നുണ്ട്. മുൻനിര കമ്പനികളായ സാംസങ്, ഷവോമി എന്നിവ ഉൾപ്പെടെ ഇത്തരം സെഗ്‌മെന്റിൽ ഫോണുകൾ ഗൗരവമായി തന്നെ അവതരിപ്പിക്കുന്നു എന്ന കാര്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്നാൽ ഇവർക്കൊക്കെ അപ്പുറം ചില കമ്പനികൾ ഈ വിഭാഗം കൈയ്യടക്കി വച്ചിട്ടുണ്ട്.

റിയൽമി, പോകോ തുടങ്ങിയ ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ നല്ല ഫീച്ചറുകൾ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് അനുഗ്രഹമാണ്. ഇത്തരത്തിൽ ഇന്ത്യയിൽ പുതിയ ബജറ്റ് ഫോണുമായി എത്തിയിരിക്കുകയാണ് പോകോ. 5ജി ഫോണാണ് പോകോ അവതരിപ്പിച്ചത്. എം6 5ജി മോഡൽ ഫോൺ ഇന്ത്യയിൽ എത്തി കഴിഞ്ഞു.
പോകോ എം6 5ജി
ഏറ്റവും താങ്ങാവുന്ന വിലയിലുള്ള 5ജി ഫോൺ എന്ന വിശേഷണവുമായാണ് പോകോ ഈ സ്‍മാർട്ട്ഫോൺ വിപണിയിൽ ഇറക്കുന്നത്. 15,000 രൂപയിൽ താഴെ വിലവരുന്ന ഈ ഫോൺ നന്നായി മാർക്കറ്റ് ചെയ്‌ത് തന്നെയാണ് പോകോ രംഗത്തിറക്കുന്നത്. പെർഫോമൻസ്, ക്യാമറ എന്നീ മേഖകളിൽ പോകോ ഒട്ടും പിന്നിലല്ല എന്ന് വ്യക്തമാക്കി കൊണ്ട് തന്നെയാണ് ഈ ഫോൺ എത്തുന്നത്.
മീഡിയടെക് ഡൈമൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഈ മോഡലിന് കരുത്ത് പകരുന്നത്, കൂടാതെ 90Hz പുതുക്കൽ നിരക്കോട് കൂടിയ 6.74 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട് ഈ ബജറ്റ് ഫോണിൽ. ഇതിന്റെ സ്‌ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്, എന്നാൽ ഇതിൽ ഏത് പതിപ്പാണ് ഉപയോഗിച്ചതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
8 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജും വാഗ്‌ദാനം ചെയ്യുന്ന പോകോ എം6 5ജി രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്: ഓറിയോൺ ബ്ലൂ, ഗാലക്‌റ്റിക് ബ്ലാക്ക് എന്നിവയാണത്. കമ്പനി 'ടർബോ റാം' എന്ന് വിളിക്കുന്ന 8 ജിബി വെർച്വൽ റാമിനുള്ള പിന്തുണയോടെയാണ് ബജറ്റ് സ്‌മാർട്ട്‌ഫോൺ വരുന്നതെന്ന് കൂടി അറിഞ്ഞിരിക്കണം.
ക്യാമറയുടെ കാര്യത്തിൽ കമ്പനി ഒട്ടും വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല. 50എംപി പ്രൈമറി സെൻസറും മറ്റൊരു സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് പോകോ എം6 വരുന്നത്. ഈ സ്‌മാർട്ട്‌ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും മുൻവശത്ത് വാട്ടർഡ്രോപ്പ് ഡിസൈനും ആണുള്ളത്.
18W ഫാസ്‌റ്റ് ചാർജർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 mAh ബാറ്ററിയാണ് ഫോണിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പോകോ എം6ൽ വാങ്ങുമ്പോൾ 10W ചാർജർ മാത്രമേ കമ്പനി ബോക്‌സിൽ നൽകുകയുള്ളൂ, ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ 18W ചാർജർ പ്രത്യേകം വാങ്ങേണ്ടതുണ്ട്.
ഫോണിന്റെ വില
നേരത്തെ പറഞ്ഞത് പോലെ താങ്ങാനാവുന്ന വിലയിൽ അത്യാവശ്യം ഫീച്ചറുകൾ ഉൾപ്പെടുത്തി രംഗത്തിറക്കിയ ഫോണാണ് ഇത്. ഫോണിന്റെ 4ജിബി റാം/128ജിബി സ്‌റ്റോറേജ് വേരിയന്റിന് 10,499 രൂപയാണ് വില, 6ജിബി റാം/128ജിബി സ്‌റ്റോറേജ് വേരിയന്റിന് 11,499 രൂപയും, 8ജിബി റാം/256ജിബി സ്‌റ്റോറേജ് വേരിയന്റിന് 13,499 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications